ന്യൂയോർക്ക്: കാലിഫോർണിയയിൽ സാന്റാ ക്ലാരിറ്റ സോഗസ് ഹൈസ്‌കൂളിൽ വിദ്യാർത്ഥിയുടെ വെടിയേറ്റ് രണ്ട് സഹപാഠികൾ കൊല്ലപ്പെട്ടു. മൂന്നു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. സ്വയം വെടിയുതിർത്ത് ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാർത്ഥി ചികിത്സയിലാണ്. തലയ്ക്ക് പരിക്കേറ്റെങ്കിലും ഗുരുതരാവസ്ഥ പിന്നിട്ടതായി പൊലീസ് അറിയിച്ചു. വ്യാഴാഴ്ച, പതിനാറാം പിറന്നാൾ ദിനത്തിലായിരുന്നു വിദ്യാർത്ഥിയുടെ അക്രമം.
സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയ്യാറായില്ലെങ്കിലും നതനായിൽ ബെറോ എന്നാണ് വിദ്യാർത്ഥിയുടെ പേരെന്ന് യു.എസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്‌കൂൾ സമയം തുടങ്ങി നിമിഷങ്ങൾക്കകം, ബാഗിൽ ഒളിപ്പിച്ചിരുന്ന കൈത്തോക്കെടുത്ത് വിദ്യാർത്ഥി സഹപാഠികൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു.വെടിവയ്‌പ് 16 സെക്കൻഡ് നീണ്ടു. വെടിവയ്പിന്റെ വീഡിയോ ദൃശ്യങ്ങൾ സ്കൂളിൽ നിന്ന് പൊലീസ് ശേഖരിച്ചു.