aswin

കോട്ടയം: സുഹൃത്തുക്കൾക്കൊപ്പം ജില്ലാ സ്‌കൂൾ കലോത്സവം കാണാനെത്തിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മീനച്ചിലാറ്റിൽ മുങ്ങി മരിച്ചു. ഒരാളെ കാണാതായി. പുതുപ്പള്ളി ഐ.എച്ച്.ആർ.ഡിയിലെ സയൻസ് ഗ്രൂപ്പ് വിദ്യാർത്ഥികളായ ചിങ്ങവനം കേളചന്ദ്രപറമ്പിൽ കെ.സി ചാക്കോയുടെ മകൻ കെ.സി അലൻ (17), മീനടം വട്ടക്കുന്നേൽ കൊടുവള്ളിൽ കെ.സി ജോയിയുടെ മകൻ ഷിബിൻ ജേക്കബ് (17) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വടവാതൂർ കുന്നപ്പള്ളിയിൽ കെ.കെ പ്രസാദിന്റെ മകൻ അശ്വിൻ കെ.പ്രസാദിനെ (17) കണ്ടെത്താനായില്ല.

ഇന്നലെ ഉച്ചയ്‌ക്ക് ഒന്നേമുക്കാലോടെയായിരുന്നു ദുരന്തം.

മറ്റ് വിദ്യാർത്ഥികൾ ടൂർ പോയതിനാൽ ക്ളാസില്ലായിരുന്നു. ടൂറിന് പോകാതിരുന്ന അലനും ഷിബിനും അശ്വിനും കൂട്ടുകാർക്കൊപ്പം കലോത്സവത്തിന് എത്തുകയായിരുന്നു. ഇവർ പൂവത്തുമൂട്ടിലെ തൂക്കുപാലത്തിന് സമീപം നിന്ന് സെൽഫിയെടുക്കുമ്പോൾ അശ്വിന്റെയും അലന്റെയും കാലിൽ ചെളി പറ്റി. ചെളി കഴുകാൻ മൂവരും പാലത്തിന് അടിയിലെ മൈലപ്പള്ളിക്കടവിലെ ചീനിക്കുഴിയിൽ ഇറങ്ങി. അതിനിടെ കാൽതെറ്റി വെള്ളത്തിൽ വീണ അശ്വിനെ പിടിച്ചു കയറ്റാൻ ശ്രമിച്ച അലനും വെള്ളത്തിൽ വീണു. ഇരുവരെയും രക്ഷിക്കാൻ ഷിബിനും ചാടി. മൂന്നു പേരും മുങ്ങിത്താണു പോവുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്ന ജോയൽ,​ രഞ്ജിത്ത്,​ ശിവ,​ അക്ഷയ് എന്നിവർ പറഞ്ഞു.. ഇവർ ബഹളം വച്ചതോടെ സമീപത്ത് കെട്ടിട നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന പുലിക്കുട്ടിശേരി സ്വദേശി റെജി വെള്ളത്തിൽ ചാടി തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല.

കോട്ടയം സ്റ്റേഷൻ ഫയർ ഓഫീസർ ശിവദാസന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങളും മണർകാട് പൊലീസും നടത്തിയ തെരച്ചിലിൽ വൈകിട്ട് നാലു മണിയോടെ അലന്റെയും ഷിബിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അശ്വിനായുള്ള തെരച്ചിൽ ഇന്ന് തുടരും.