കണ്ണൂർ: വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സ്വന്തം നാട്ടിലേക്ക് സ്കൂൾ കായികമേളയെത്തുമ്പോൾ ശസ്ത്രക്രിയ നടത്തിയ കാലുമായി കട്ടിലിൽ നിന്ന് ഒന്നനങ്ങാൻ പോലുമാകാകാതെ ദുഖം കടിച്ചമർത്തി കണ്ണൂരിന്റെ ചാമ്പ്യൻ പി.അഭീഷ. പാലായിലെ 2017 സ്കൂൾ കായിക മേളയിൽ സബ്ജൂനിയർ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായ മാർ ബേസിൽ സ്കൂളിന്റെ ഈ മിന്നും താരത്തിന് പക്ഷേ ഇത്തവണ ഇടത്തേക്കാൽ മുട്ടിലെ പരിക്കാണ് വില്ലനായത്. പാലായിൽ 200, 400, 600 മീറ്ററുകളിൽ സ്വർണം നേടിയാണ് പയ്യന്നൂരുകാരിയായ അഭീഷ ചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്. 2018ൽ എറണാകുളം റവന്യൂജില്ലാ കായിക മേളയിൽ പങ്കെടുക്കുന്നതിനിടെ ഇടത്തേ കാൽമുട്ടിനേറ്ര പരിക്കാണ് ഇപ്പോൾ വഷളായത്. അന്ന് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ ആദ്യം നിർദ്ദേശിച്ചെങ്കിലും കൂലിപ്പണിക്കാരായ അഭീഷയുടെ മാതാപിതാക്കൾക്ക് ശസ്ത്രക്രിയക്കുള്ള പണം കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് പ്ലാസ്റ്റർ ഇട്ടാൽ മതിയെന്ന് ഡോക്‌ടർമാർ തന്നെ വിധിയെഴുതി.
ക്രമേണ വേദനമാറിയതോടെ അഭീഷ വീണ്ടും പരിശീലനം തുടങ്ങി. ഇത്തവണ എറണാകുളം റവന്യൂജില്ലാ മീറ്രിൽ ജൂനിയർ വിഭാഗത്തിൽ 400, 800 മീറ്രറുകളിൽ സ്വർണം നേടി അഭീഷ തിരിച്ചുവരവ് ഗംഭീരമാക്കി. എന്നാൽ തുടർന്ന് പരിശീലനത്തിനിടെ പഴയപരിക്ക് ഗുരുതരമാവുകയായിരുന്നു. കഴിഞ്ഞയാഴ്ച പയ്യന്നൂരിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ അഭീഷ വീട്ടിൽ വിശ്രമത്തിലാണിപ്പോൾ.
ഇന്നലെ മാർബേസിൽ സ്കൂളിലെ പ്രധാന പരിശീലക ഷിബി ടീച്ചറിന്റെ നേതൃത്വത്തിൽ അവിടത്തെ മുഴുവൻ താരങ്ങളും അഭിഷയുടെ വീട്ടിലെത്തി അവളെ ആശ്വസിപ്പിച്ച ശേഷമാണ് പരിശീലനത്തിന് യൂണിവേഴ്സിറ്രി സ്റ്രേഡിയത്തിൽ എത്തിയത്. സ്കൂളിന്റെ നേതൃത്വത്തിൽ സമാഹരിച്ച തുകയും അഭീഷയ്ക്ക് കൈമാറി.