ബംഗളൂരു: ആഗോള മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണലിന്റെ ബംഗളൂരു, ഡൽഹി ഓഫീസുകളിൽ സി.ബി.ഐ റെയ്‌ഡ്. വിദേശ ഫണ്ടിംഗ് നിയമങ്ങൾ തെറ്റിച്ചെന്ന കേസിൽ ആംനെസ്റ്റിക്കെതിരെ അന്വേഷണം നടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ബംഗളൂരുവിലെ ഇന്ദിരാ നഗറിലുള്ള ഓഫീസിൽ റെയ്ഡ് നടന്നത്.
ഇതേ കേസിൽ ഒക്ടോബർ 25 ന് എൻഫോഴ്സ്‌മെന്റ് വിഭാഗവും ആംനെസ്റ്റിയുടെ ഓഫീസിൽ റെയ്‌ഡ് നടത്തിയിരുന്നു. രാവിലെ 8.30ന് ആരംഭിച്ച പരിശോധന രാത്രി വൈകിയാണ് അവസാനിച്ചത്. കഴിഞ്ഞ വർഷവും ഇതേ ഓഫീസിൽ റെയ്ഡ് നടന്നിരുന്നു. അന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്‌ഡ് നടത്തിയത്. ഇന്ത്യയിലെ മനുഷ്യാവകാശലംഘനങ്ങൾ വെളിപ്പെടുത്തുന്ന സംഘടനയാണ് ആംനെസ്റ്റി. ജനാധിപത്യ സ്വരങ്ങളെ അടിച്ചമർത്താനുളള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ ആരോപിച്ചു.