കണ്ണൂർ: ഇക്കുറി കായികക്കിരീടം പാലക്കാടേക്കോ എറണാകുളത്തേക്കോ? നിലവിലെ ചാമ്പ്യൻ സ്കൂളായ സെന്റ് ജോർജിന്റെ തകർച്ചയിൽ എറണാകുളം ജില്ല കിതയ്ക്കുമെന്നും കല്ലടിയുടെ കരുത്തിൽ കണ്ണൂരിന്റെ മണ്ണിൽ പാലക്കാടൻ കൗമാരക്കൂട്ടം പടയോട്ടം നടത്തുമെന്നുമാണ് മാങ്ങാട്ടുപറമ്പിലെ സർവകലാശാലാ സ്റ്രേഡിയത്തിൽ ട്രാക്കുണരും മുമ്പുള്ള വിലയിരുത്തലുകൾ.
കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് 253 പോയിന്റുമായാണ് എറണാകുളം കിരീടം നേടിയത്. 196 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനവും 101 പോയിന്റുമായി തിരുവനന്തപുരം മൂന്നാമതും എത്തി.
എറണാകുളം
ഇത്തവണ നിലവിലെ ചാമ്പ്യൻ ജില്ലയ്ക്ക് കാര്യങ്ങൾ അത്ര പന്തിയല്ല. കഴിഞ്ഞ തവണ എറണാകുളത്തെ ചാമ്പ്യൻമാരാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സെന്റ് ജോർജ് സ്കൂളിൽ നിന്ന് ഒരു താരം പോലും ഇത്തവണ സംസ്ഥാന മീറ്രിനില്ലാത്തത് പോയിന്റ് ശേഖരത്തിൽ കാര്യമായ കുറവുണ്ടാക്കും. എന്നാൽ മാർബേസിലിന്റെയും മാതിരപ്പിള്ളി ഗവ.സ്‌കൂൾ, മേഴ്‌സിക്കുട്ടൻ അക്കാഡമി, പിറവം മണീട് സ്‌കൂൾ എന്നിവരുടെയെല്ലാം കരുത്തിൽ മിന്നൽപ്പിണരാകാമെന്ന് പ്രതീക്ഷിക്കുന്നു.
പാലക്കാട്
കല്ലടിയുടേയും പറളിയുടേയും മാത്തൂരിന്റെയും മുണ്ടൂരിന്റെയും മികവിൽ പാലക്കാടൻ കാറ്റ് കണ്ണൂരിൽ വീശിയടിക്കുമെന്നാണ് പ്രതീക്ഷ. പാലക്കാട് ജില്ലാമേളയിൽ ചാമ്പ്യൻ പട്ടം സ്വന്തമാക്കിയ മണ്ണാർക്കാട് ഉപജില്ല നേടിയ 311 പോയിന്റിൽ 201ഉം നേടിയ കല്ലടി തന്നെയാണ് പാലക്കാടിന്റെ മുന്നണിപ്പോരാളികൾ.
കോഴിക്കോട്
പുല്ലൂരാംപാറയുടെയും ഉഷാസ്കൂളിന്റെയും പിൻബലത്തിൽ കരുത്ത് കാട്ടാനൊരുങ്ങിയാണ് അയൽ ജില്ലയിൽ എത്തിയിരിക്കുന്നത്.
സായ്‌യുടേയും ജി.വിരാജ സ്കൂളിന്റെയും പിൻബലത്തിൽ തിരുവനന്തപുരവും തോമസ് മാഷിലും എസ്.എം.വി സ്കൂളിലെ കുട്ടികളിലും ഭരണങ്ങാനത്തെ താരങ്ങളിലും പ്രതീക്ഷയർപ്പിച്ച് കോട്ടയവും ജംബോ സംഘമായെത്തി ഇടുക്കിയും അദ്ഭുത പ്രകടനം പുറത്തെടുത്ത് ആലപ്പുഴയുമെല്ലാം കണ്ണൂരിൽ തിളങ്ങാം എന്ന പ്രതീക്ഷയിലാണ്.
പതിനാറ് വർഷത്തിന് ശേഷം തങ്ങളുടെ നാട്ടിലേക്കെത്തിയ മീറ്രിൽ ഒരു കൈ നോക്കാൻ തന്നെയാണ് കണ്ണൂരും ഒരുങ്ങുന്നത്.