vishnu-prasad

തൃശ്ശൂർ : തൃശ്ശൂർ റെയിൽവേസ്റ്റേഷനിൽ നിന്ന് മോഷ്ടിക്കപ്പെട്ട സർട്ടിഫിക്കറ്റുകളടങ്ങിയ ബാഗ് വിഷ്ണു പ്രസാദിന് തിരിച്ചുകിട്ടി. വടക്കുംനാഥ ക്ഷേത്രത്തിന് സമീപത്തു നിന്നാണ് ബാഗ് തിരികെ ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് ഗൂഢല്ലൂർ സ്വദേശിയായ വിഷ്ണുവിന്റെ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് മോഷണം പോയത്. സർട്ടിഫിക്കറ്റുകൾ നഷ്ടമായെന്നും അത് തിരികെ ലഭിക്കാൻ സഹായിക്കണമെന്നുമുള്ള വിഷ്ണുവിന്റെ അഭ്യർത്ഥന സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ജർമൻ കപ്പലിൽ ജോലി കിട്ടിയപ്പോൾ ഒറിജിനൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പോകുന്നതിനിടെയാണ് ബാഗ് നഷ്ടപ്പെട്ടത്. തന്റെ ഫോണും വസ്ത്രങ്ങളും മോഷ്ടാവ് എടുത്താലും സർട്ടിഫിക്കറ്റുകൾ ദയവായി തിരികെ തരണമെന്ന വിഷ്ണുവിന്റെ അഭ്യർത്ഥന സിനിമാ താരങ്ങൾ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. പ്രതിമാസം 85,000 രൂപ ശമ്പളത്തിൽ ജർമ്മൻ കപ്പലിൽ അസോസിയേറ്റ് തസ്തികയിൽ വിഷ്ണുവിന് നിയമനം ലഭിച്ചിരുന്നു. ഒറിജനൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിൽ മാത്രമേ നിയമന ഉത്തരവ് കിട്ടൂ.