പരിശീലകൻ രാജുപോൾ ജി വി രാജയ്ക്കൊപ്പം

ഒരാൾ പോലുമില്ലാതെ കോതമംഗലം സെന്റ് ജോർജ്

കണ്ണൂർ : നിലവിലെ ചാമ്പ്യൻ സ്കൂളായ കോതമംഗലം സെന്റ് ജോർജ് ഇത്തവണ എങ്ങനെയാണ് ശൂന്യമായത്? ഉത്തരം തിരുവനന്തപുരം ജി.വിരാജയിലും പാലക്കാട് കല്ലടി സ്കൂളിലുമുണ്ട്. സെന്റ് ജോർജിനെ ഒന്നുമില്ലായ്മയിൽ നിന്ന് നേട്ടത്തിന്റെ നെറുകയിലേക്കെത്തിച്ച പരിശീലകൻ രാജു പോൾ ഇത്തവണ തിരുവനന്തപുരം ജി.വിരാജ സ്കൂളിനൊപ്പം സ്കൂൾ കായിക മേളയിൽ ഒരു കൈ നോക്കാൻ കണ്ണൂരിൽ എത്തിയിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം സെന്റ് ജോർജിൽ നിന്ന് പത്ത് താരങ്ങളും ജി.വിരാജയിലേക്ക് ചേക്കേറി. അന്യസംസ്ഥാന താരങ്ങളുൾപ്പെടെ സെന്റ് ജോർജിലെ കുറച്ച കുട്ടികളെ കല്ലടിയും അവരുടെ തട്ടകത്തിൽ എത്തിച്ചു. പാലക്കാട് ജില്ലാ കായികമേളയിൽ ഇവരുടെ കരുത്തിൽ മികച്ച കുതിപ്പാണ് കല്ലടി നടത്തിയത്.

ജി.വിരാജയെ പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം ജില്ലാ സ്കൂൾ കായിക മേളയിൽ ചാമ്പ്യൻമാരാക്കിയാണ് രാജു പോൾ കണ്ണൂരിൽ എത്തിച്ചിരിക്കുന്നത്. 13 ആൺ കുട്ടികളും 18 പെൺകുട്ടികളുമുൾപ്പെടെ 31 പേരുടെ സംഘവുമായാണ് രാജുപോളിന്റെയും സുനിൽ ദത്തിന്റെയും നേതൃത്വത്തിൽ ജി.വിരാജ സ്കൂൾ എത്തിയിരിക്കുന്നത്. വലിയ അവകാശ വാദങ്ങൾ ഇല്ലെങ്കിലും കഴിഞ്ഞ തവണത്തെ ഒന്ന് വീതം സ്വർണം,​ വെള്ളി,​ വെങ്കലമെന്ന അവസ്ഥയിൽ നിന്ന് മികച്ച പോരാട്ടം നടത്തി കൂടുതൽ മെഡലുകൾ ജി.വി രാജ സ്കൂൾ സ്വന്തമാക്കുമെന്ന് രാജു പോൾ ഉറപ്പ് തരുന്നു.

രാജു പോൾവിരമിച്ചു മടങ്ങിയതോടെ സെന്റ്‌ ജോർജ് സ്‌കൂൾ ഇത്തവണ ചിത്രത്തിലേയില്ലാതെയായി. റവന്യൂ ജില്ലാ കായിക മേളയ്ക്ക് സ്‌കൂളിൽ നിന്നും ഒരാൾ മാത്രമായിരുന്നു യോഗ്യത നേടിയത്. സ്‌പോർട്‌സ് ഹോസ്റ്റൽ അടച്ച സെന്റ് ജോർജ് മാനേജ്‌മെന്റ് കായികരംഗത്തുനിന്ന് പൂർണമായും പിന്മാറിയ മട്ടാണ്.