justice-nariman

ന്യൂഡൽഹി: സുപ്രീംകോതി വിധികൾ നടപ്പാക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണെന്നും ഞങ്ങളുടെ വിധികൾ കളിക്കാനുള്ളതല്ലെന്നും ശബരിമല കേസിലെ തങ്ങളുടെ ഭിന്ന വിധി വായിച്ചുനോക്കൂവെന്നും സോളിസിറ്റർ ജനറലിനോട് ജസ്റ്റിസ് രോഹിൻറൺ നരിമാൻ പറഞ്ഞു. കള്ളപ്പണകേസിൽ അറസ്റ്റിലായ കർണാടകയിലെ കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് ജാമ്യം അനുവദിച്ചതിനെതിരെയുള്ള ഹർജി പരിഗണിക്കവെയായിരുന്നു പരാമർശം.

ശബരിമല കേസിലെ വിയോജന വിധി ദയവായി വായിക്കൂ. ഞങ്ങളുടെ വിധി നിലനിൽക്കുന്നതായി നിങ്ങളുടെ സർക്കാരിനോട് പറയൂവെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ജസ്റ്റിസ് നരിമാൻ വാക്കാൽ പറഞ്ഞു.

ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരത്തിനെതിരെ നൽകിയ ഹർജിയുടെ തനി പകർപ്പാണ് ഇ.ഡി ഹാജരാക്കിയതെന്ന് ജസ്റ്റിസ് രവീന്ദ്രഭട്ട് കൂടി അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹർജിയിൽ ഡി.കെ ശിവകുമാറിനെ മുൻ ആഭ്യന്തരമന്ത്രിയെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു പൗരനോട് ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും നരിമാൻ ചൂണ്ടിക്കാട്ടി. തുടർന്ന് ഡി.കെ ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഇ.ഡിയുടെ ആവശ്യം ബെഞ്ച് തള്ളി.

ശബരിമല പുനഃപരിശോധനാഹർജികൾ മാറ്റി, വിശാലബെഞ്ച് രൂപീകരിക്കുന്നതിനെ ശബരിമല ബെഞ്ചിലെ ജസ്റ്റിസ്‌മാരായ നരിമാനും, ചന്ദ്രചൂഡും ശക്തമായി വിയോജിച്ചിരുന്നു. ഈ വിയോജന വിധിയിൽ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈന്ദവസംഘടനകൾ നടത്തിയ അക്രമ സംഭവങ്ങളെ ജസ്റ്റിസ് നരിമാൻ രൂക്ഷമായി വിമർശിക്കുന്നുണ്ട്.

സുപ്രീംകോടതി വിധിക്കെതിരെയുള്ള ആരോഗ്യപരമായ വിമർശനം അനുവദനീയമാണ്.


അതേസമയം സുപ്രീംകോടതിയുടെ വിധിയും നിർദ്ദേശങ്ങളും നടപ്പാക്കുന്നത് തടയാനോ, എതിർക്കാൻ പ്രേരിപ്പിക്കുകയോ ചെയ്താൽ അംഗീകരിക്കാനാവില്ല. വിധി നടപ്പാക്കുന്നത് സംഘടിതമായി തടയുന്നത് ശക്തമായി ഇല്ലാതാക്കണമെന്നും വിധി നടപ്പാക്കാൻ എല്ലാ അധികാരികളും ബാദ്ധ്യസ്ഥരാണെന്നും വിധിന്യായത്തിൽ വ്യക്തമാക്കി.

അമ്പത്‌ ദിവസം കസ്‌റ്റഡിയിൽ കഴിഞ്ഞ ഡി.കെ ശിവകുമാറിന് ഒക്‌ടോബർ 23ന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. കള്ളപ്പണം വെളുപ്പിച്ചെന്ന്‌ ആരോപിച്ച്‌ സെപ്‌തംബർ മൂന്നിനാണ് ഇ.ഡി അറസ്‌റ്റ്‌ ചെയ്‌തത്‌.