കൊച്ചി: കയറ്റുമതി പ്രോത്സാഹിപ്പിക്കുന്ന ആനുകൂല്യങ്ങൾ നിലച്ചതോടെ, ഈ രംഗത്ത് പ്രതിസന്ധി കടുക്കുകയാണെന്ന് ഓൾ ഇന്ത്യ സ്‌പൈസ് എക്‌സ്‌പോർട്ടേഴ്‌സ് ഫോറം, ഫെഡറേഷൻ ഒഫ് ഇന്ത്യൻ കയർ എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. കയറ്റുമിതിക്കാർക്ക് പ്രോത്സാഹനമേകുന്ന പദ്ധതി ആഗസ്‌റ്ര് മുതൽ ലഭ്യമല്ല.
ഫോറിൻ ട്രേഡ് പോളിസി പ്രകാരം 2015ൽ നിലവിൽ വന്ന പദ്ധതിയുടെ ആനുകൂല്യമാണ് ഇപ്പോൾ കയറ്റുമതിക്കാർക്ക് ലഭ്യമാകാത്തത്. 8,000ലധികം ഉത്‌പന്നങ്ങളുടെ കയറ്റുമതിയെ പ്രോത്സാഹിപ്പിച്ച പദ്ധതിയാണ് അപ്രത്യക്ഷമായത്. പ്രോത്സാഹന പദ്ധതി തിരിച്ചുകൊണ്ടുവരുന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ലെന്ന് ഓൾ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോർട്ടേഴ്സ് ഫോറം ചെയർമാൻ രാജീവ് പലിച പറഞ്ഞു. കഴിഞ്ഞ ആഗസ്‌റ്ര് മുതലുള്ള ആനുകൂല്യങ്ങൾ പൂർണമായി നൽകാൻ സർക്കാർ തയ്യാറാകണം. അല്ലെങ്കിൽ കയറ്റുമതി കൂടുതൽ തളരും. സുഗന്ധവ്യഞ്ജന ഉത്പന്ന കയറ്റുമതി 30 ശതമാനം വരെ കുറഞ്ഞേക്കുമെന്നും അദ്ദേഹം പറഞ്ഞു. എഫ്.ഐ.സി.ഇ.എ മുൻ ചെയർമാൻ ജോൺ ചാക്കോ, വൈസ് ചെയർമാൻ ചെറിയാൻ സേവ്യർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡെറിക് സെബാസ്റ്റ്യൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.