sadhika-

ടെലിവിഷനിലും ബിഗ് സ്ക്രീനിലും പ്രേക്ഷകർക്ക് ഒരുപോലെ പ്രിയപ്പെട്ട നടിയാണ് സാധികാ വേണുഗോപാൽ. കാര്യങ്ങൾ തുറന്നുപറയുന്ന സ്വഭാവമായതിനാൽ സോഷ്യൽ മീഡിയയിലും മറ്റും താരത്തിനെതിരെയുള്ള വമിർശനങ്ങൾ പതിവാണ്.. എന്നാൽ തനിക്കെതിരെയുള്ള വിമർശനങ്ങൾക്ക് അതേ നമാണയത്തിൽ തന്നെ മറുപടിയും നൽകാറുണ്ട് സാധിക.


അഭിനയമാണ് തൊഴിലെന്ന് കരുതി പലരും മോശമായി പെരുമാറാറുണ്ടെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ മലയാളികളുടെ കപടസദാചാരത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം. ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് സാധിക മനസ് തുറന്നത്.

'സോഷ്യൽ മീഡിയയിൽ കുറെ പേർ പലവട്ടം അശ്ലീല കമന്റുകളും മെസേജുകളും ഫോട്ടോകളും എന്റെ ഇൻബോക്‌സിലേക്കും പേജിലേക്കും അയച്ചിട്ടുണ്ട്. വീട്ടുകാരെ ചീത്ത വിളിച്ചിട്ടുണ്ട്, കാശുണ്ടാക്കാൻ എന്തും ചെയ്യും, കെട്ടഴിച്ച് വിട്ടിരിക്കുകയാണ് എന്നൊക്കെ കമന്റ് വന്നിട്ടുണ്ട്. നിങ്ങൾ മാന്യമായി വസ്ത്രം ധരിക്കാത്തത് കൊണ്ടല്ലേ അവര്‍ ഇങ്ങനെ ചീത്ത വിളിക്കുന്നതെന്ന് പറഞ്ഞവരുണ്ട്'- സാധിക തുറന്ന് പറഞ്ഞു.

എന്നാൽ ഇവർക്കെല്ലാം താരം ചുട്ടമറുപടിയാണ് നൽകുന്നത്. തന്റെ ജോലിയുടെ ഭാഗമായി പല തരത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കും. അത് തന്റെ ഉത്തരവാദിത്തവും ജോലിയോടുള്ള ആത്മാർത്ഥതയുമാണ്. അതിന്റെ പേരിൽ ആർക്കും തന്നെ ചോദ്യം ചെയ്യാനോ ചീത്തവിളിക്കാനോ അവകാശമില്ലെന്ന് താരം വ്യക്തമാക്കി.

മറച്ച് വയ്‌ക്കേണ്ട ഒന്നാണ് ശരീരമെന്ന ബോധമാണ് ഇത്തരം കമന്റുകൾക്ക് പിന്നില്‍ എന്നാണ് താരം പറയുന്നത്. മറച്ചു വെക്കുന്നിടത്തോളം ആളുകൾക്ക് ഉള്ളിൽ എന്താണെന്നറിയാനുള്ള കൗതുകം കൂടും. ആ കൗതുകമാണ് പീഡനമായി മാറുന്നത്. ഇതിനെ ആർട്ടായി കണ്ടാൽ അത്തരം കൗതുകങ്ങളൊന്നും ഉണ്ടാകില്ല.

മലയാളികൾ കപട സദാചാരവാദികളാണെന്ന് തോന്നിയിട്ടുണ്ട്. കാരണം മലയാളികൾക്ക് എല്ലാം കാണാനും കേൾക്കാനും ഇഷ്ടമാണ്. എല്ലാം വേണം എന്നാൽ ബാക്കിയുള്ളവര്‍ ഒന്നും അറിയരുത്. എന്റെ ശരികളാണ് എന്റെ തീരുമാനങ്ങൾ. എന്റെ ജീവിതം നിയന്ത്രിക്കാനുള്ള അധികാരം മറ്റാര്‍ക്കും വിട്ടുകൊടുക്കാറില്ല. എന്റെ കുടുംബം ഇന്നുവരെ ഞാൻ എടുക്കുന്ന തീരുമാനങ്ങൾക്കും ശരികൾക്കും ഒപ്പം നിന്നിട്ടുണ്ടെന്നും സാധിക വ്യക്തമാക്കുന്നു,​