athlet

കണ്ണൂർ: കണ്ണൂരിന്റെ വിപ്ലവമണ്ണ് ഇനിയുള്ള നാല് നാൾ കൗമരക്കുതിപ്പിന്റെ പോരാട്ട വേദിയാകും. കായികരംഗത്ത് ഇന്ത്യയുടെ അഭിമാനമുയർത്തിയ മേഴ്സിക്കുട്ടന്റെയും എം.ഡി വത്സമ്മയുടേയും ബോബി അലോഷ്യസിന്റെയുമെല്ലാം നാട്ടിൽ പതിനാറ് വർഷത്തിന് ശേഷം വിരുന്നെത്തിയ കായിക മേള സൂപ്പർഹിറ്രാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകരും നാട്ടുകാരും. 2003ന് ശേഷം ആദ്യമായാണ് കണ്ണൂർ സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് വേദിയാകുന്നത്.

അതീവ സുരക്ഷാ മേള

പാലായിൽ നടന്ന ജൂനിയർ അത്‌ലറ്രിക് മീറ്റിൽ ഹാമർത്രോ മത്സരത്തിനിടെ ഹാമർ തലയിൽ വീണ് വോളണ്ടിയറായിരുന്ന വിദ്യാർത്ഥി അഫീഫ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ അതീവ സുരക്ഷയോടെയാണ് ഇത്തവണ സംസ്ഥാന സ്കൂൾ അത്ലറ്രിക് മീറ്ര് നടത്താൻ സംഘാടകർ ഒരുങ്ങുന്നത്. ഹാമർ കേജിന്റെ ഉയരം വർദ്ധിപ്പിച്ചിട്ടുണ്ട്. ഹാമർ ത്രോക്കിടയിൽ മറ്റു മത്സരങ്ങൾ നടത്തേണ്ടതെന്നും തീരുമാനിച്ചിട്ടുണ്ട്. പത്രക്കാർക്കുൾപ്പെടെ പ്രത്യേക പവലിയൻ നിർമ്മിച്ച് മത്സരസമയത്ത് ആരെയും ഗ്രൗണ്ടിലേക്ക് കടക്കാൻ സമ്മതിക്കാത്ത രീതിയിലുള്ള സുരക്ഷയ്ക്കാണ് രൂപം കൊടുത്തിരിക്കുന്നത്.

ട്രാക്ക് സൂപ്പർ

യൂണിവേഴ്സിറ്രിയിലെ പുതിയ സിന്തറ്റിക് ട്രാക്കിനെക്കുറിച്ച് എല്ലാവ‌ർക്കും നല്ല അഭിപ്രായമാണ്. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ ഉൾപ്പെടെയുള്ളവർ ഇന്നലെ ട്രാക്കിന്റെ ഗുണനിലവാരത്തെക്കുറിച്ച് എടുത്ത് പറഞ്ഞ് പ്രശംസിച്ചു. അത്‌ലറ്റിക് ഫെഡറേഷന്റെ മാർഗനിർദ്ദേശപ്രകാരമാണ് ട്രാക്കും സ്റ്റേഡിയവും തയ്യാറാക്കിയിരിക്കുന്നത്. ഫെഡറേഷന്റെ ബി ലെവൽ സർട്ടിഫിക്കറ്റുള്ള സ്‌റ്റേഡിയമാണിത്. 2003ൽ കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിലായിരുന്നു മീറ്റ് നടന്നത്.

സമരം ബാധിക്കില്ല

കായികാധ്യാപകരുടെ ചട്ടപ്പടി സമരം മേളയെ ബാധിക്കില്ലെന്നാണ് സംഘാടകർ ഉറപ്പ് നൽകുന്നത്. സമരത്തിലുള്ള അദ്ധ്യാപകരില്ലാതെ തന്നെ മേള നടത്താമെന്ന പ്രതീക്ഷയിലാണ് അദ്ധ്യാപകർ. അതേസമയം സ്റ്രേഡിയത്തിന് സമീപം സമരം നടത്തുന്ന അദ്ധ്യാപകർ പ്രകടനം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങളുമായത്തിൽ പൊലീസിനെ ഉൾപ്പെടെ അണി നിറുത്തി തടയാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.