തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ ക്രിസ്തുരാജത്വ തിരുനാളിന് തുടക്കം കുറിച്ചു കൊണ്ട് ഇടവക വികാരി ഫാ. ജോസഫ് ബാസ്റ്റിൻ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. വൈകിട്ട് 4.30 ന് തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായമെത്രാൻ ഡോ.ആർ.ക്രിസ്തുദാസിന്റെ മുഖ്യകാർമ്മികത്വത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടത്തപ്പെട്ട ദിവ്യബലിക്കു ശേഷമായിരുന്നു കൊടിയേറ്റ് കർമ്മങ്ങളുടെ ആരംഭം. ശരണ മന്ത്രങ്ങളുടെയും പ്രാർത്ഥനാ ഗീതികളുടെയും അന്തരീക്ഷത്തിൽ നടന്ന കൊടിയേറ്റ് കർമ്മത്തിന് പതിനായിരങ്ങൾ സാക്ഷ്യം വഹിച്ചു.
അൾത്താരയിലെ ബലിപീഠത്തിൽ വച്ച് വെഞ്ചരിച്ച ക്രിസ്തുരാജ പതാകയും വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം പ്രത്യേകം സജ്ജീകരിച്ച കൊടിയേറ്റ് വേദിയിലേക്ക് നീങ്ങി. പ്രദക്ഷിണത്തിന്റെ ഏറ്റവും മുന്നിൽ വിശുദ്ധ കുരിശ്, ദീപം, ധൂപം, ബൈബിൾ എന്നിവ വഹിച്ചു കൊണ്ട് അൾത്താര ശുശ്രൂഷകർ അണിനിരന്നു. അവർക്ക് പിന്നിലായി കൊമ്പ്രിയ സഭാംഗങ്ങൾ, പേപ്പൽ പതാക വാഹകർ, മുത്തുക്കുട വാഹകർ, ദീപം, പൂക്കൾ എന്നിവയേന്തിയ ബാലികമാർ, ക്രിസ്തുരാജ പതാക കരങ്ങളിലേന്തിയ മാലാഖമാർ, വൈദികർ എന്നിവരും പ്രയാണത്തിന്റെ ഭാഗമായി.
പതാക കൊടിയേറ്റ് വേദിയിലെത്തിയതോടെ തിരുനാൾ ഏറെ ഭക്തിയോടും വിശ്വാസത്തോടും കൂടെ ആഘോഷിക്കുന്നതിന് ക്രിസ്തുരാജന്റെ അനുഗ്രഹം യാചിച്ചു കൊണ്ട് പുരോഹിതൻ പ്രാർത്ഥിച്ചു.തുടർന്ന് വേദിയിൽ അലംകൃതമായ പീഠത്തിൽ സ്ഥാപിച്ച ക്രിസ്തുരാജന്റെ തേജസ്വരൂപത്തിന് നടനചാരുതയോടെ അടിവച്ചെത്തിയ യുവതികൾ ആരതി ഉഴിഞ്ഞ് അഭിഷേകം നടത്തി.
ചടങ്ങുകളുടെ മധ്യേ അതിരൂപത മെത്രാൻ റവ. ഡോ. സൂസപാക്യം, ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, മണക്കാട് വലിയപള്ളി ചീഫ് ഇമാം അൽഹാജ് ഹാഫിസ്- ഇ.സി അബുബക്കർ അൽഖാസിമി എന്നിവർ അനുഗ്രഹ സന്ദേശം നൽകി.
നാദവും താളവും വർണവും വിസ്മയം തീർത്ത കൊടിയേറ്റ് ചടങ്ങുകളുടെ പാരമ്യത്തിൽ, ഇടവക വികാരി ഫാ. ജോസഫ് ബാസ്റ്റിൻ ക്രിസ്തുരാജ പതാക വാനിലേക്ക് ഉയർത്തവേ പതിനായിരക്കണക്കിന് വിശ്വാസികളിൽനിന്ന് പ്രാർത്ഥനാ മന്ത്രങ്ങൾ ഉതിർന്നു. തിരുനാൾ പ്രമാണിച്ച് അലങ്കരിച്ച വെട്ടുകാട് ദേവാലയം വൈദ്യുത ദീപപ്രഭയിൽ കുളിച്ചു നിൽക്കുന്ന കാഴ്ച സന്ദർശകരുടെ മനസ് കുളിർപ്പിക്കുന്നു. ഇനിയുള്ള ദിവസങ്ങൾ ക്രിസ്തുരാജന്റെ അനുഗ്രഹം തേടി അണമുറിയാതെ ഒഴുകിയെത്തുന്ന വിശ്വാസികളുടെ മഹാപ്രവാഹത്തിന് നാടും നഗരവും സാക്ഷിയാകും. തിരുനാൾ ദിനങ്ങളിൽ അതിരാവിലെ മുതൽ രാത്രി വൈകും വരെ നടക്കുന്ന ഭക്തകർമ്മങ്ങളാൽ വെട്ടുകാട് ക്രിസ്തുരാജ സന്നിധി സദാ മുഖരിതമാകും.
23 ന് വൈകിട്ട് ഭക്തിനിർഭരമായ പ്രദക്ഷിണം, വേസ്പര എന്നിവ ഉണ്ടാകും. 24 ന് വൈകിട്ട് 5ന് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പൊലീത്ത ഡോ. എം. സൂസപാക്യം മുഖ്യകാർമ്മികനാകുന്ന ദിവ്യബലിയോടുകൂടി തിരുനാൾ സമാപിക്കും.