തിരുവനന്തപുരം: ബൈപാസിലെ സർവീസ് റോഡിലൂടെയാണ് ട്രാൻസ്പോർട്ട് വാഹനങ്ങൾ ഉൾപ്പെടെ കടന്നു പോകുന്നത്. കഴക്കൂട്ടം - കാരോട് ബൈപാസിൽ ബസ് സ്റ്റോപ്പുകളെല്ലാം സ്ഥാപിച്ചിരിക്കുന്നതും ഈ റോഡിലാണ്. പക്ഷേ, പലയിടത്തും സർവീസ് റോഡ് കച്ചവടക്കാർ കൈയേറിയിരിക്കുകയാണ്. മറ്റു ചിലയിടങ്ങളിൽ മാലിന്യം തള്ളുന്നതും സർവീസ് റോഡിലാണ്. ഈഞ്ചയ്ക്കൽ മുതൽ തിരുവല്ലം വരെയാണ് കൈയേറ്റം വ്യാപകം. പഴയ തടിയുരുപ്പടികൾ കച്ചവടം ചെയ്യുന്നവർ അത് നിരത്തി വച്ചിരിക്കുന്നത് റോഡിന്റെ ഇരുവശത്തുമാണ്. ഓടയോടു ചേർത്തും സാധനങ്ങൾ നിരത്തി വച്ചിരിക്കുന്നത് കാണാം. ആട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ സ്ഥിരമായി ഒരു ഭാഗത്ത് പാർക്ക് ചെയ്യാറുമുണ്ട്.
വാഹനങ്ങൾ കയറ്റി വന്ന ഒരു കണ്ടെയ്നർ ലോറി ഇവിടെ കിടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. കേടായതിനെ തുടർന്ന് ഉപേക്ഷിച്ച നിലയിലാണ്. കുമരിച്ചന്തയ്ക്കു സമീപം മത്സ്യം കൊണ്ടു പോകുന്ന പെട്ടികൾ അടുക്കി വയ്ക്കുന്നത് പ്രധാന റോഡിന്റെ വക്കിലാണ്.
വെളിച്ചമില്ലായ്മയാണ് സർവീസ് റോഡുകളിലെ മറ്റൊരു പ്രശ്നം. സമീപത്തെ കടകളിലെ വെളിച്ചം മാത്രമാണ് യാത്രക്കാർക്ക് ആശ്വാസം. മഴപെയ്താൽ സർവീസ് റോഡുകളാകെ ചെളിവെള്ളമാകും. മുട്ടത്തറ ഭാഗത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ മുൻവശത്ത് ചെറുമഴ പെയ്താൽ പോലും വെള്ളം നിറയുമായിരുന്നു. ഈ വിഷയം സിറ്റി കൗമുദി നിരന്തരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ആ ഭാഗത്ത് റോഡുയർത്തി ടാർ ചെയ്തിരുന്നു. നിർമ്മാണത്തിലെ അശാസ്ത്രീയതാണ് റോഡുകൾ വെള്ളത്തിൽ മുങ്ങാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. അമ്പലത്തറ കുമരിച്ചന്തയ്ക്ക് സമീപം, ആഴാകുളം അണ്ടർപാസ്, വെള്ളാർ അണ്ടർപാസ്, കൊല്ലംതറ, മുട്ടത്തറ ശ്മശാനത്തിന് സമീപം എന്നിവിടങ്ങളിലെ സർവീസ് റോഡുകൾ ഇപ്പോഴും വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങളാണ്.
സുരക്ഷ വേണം ജീവന്
ബൈപാസിൽ ചാക്ക മുതൽ കോവളം വരെയുള്ള റോഡിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം അപകടത്തിൽ പൊലിഞ്ഞത് 26 ജീവനുകളാണ്. ഇത്തരത്തിലുള്ള അപകടങ്ങൾ ഒരുപരിധി വരെ കുറയ്ക്കുന്നതിനായി പൊതുജനങ്ങളെയും വ്യാപാരികളെയും പൊതുപ്രവർത്തകരെയും ഉൾപ്പെടുത്തിക്കൊണ്ട് റോഡ് സുരക്ഷാ പദ്ധതികൾ ആവിഷ്കരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കുമരിച്ചന്തയെ അവഗണിച്ചത് എന്തിന്?
കുമരിച്ചന്ത ജംഗ്ഷനിൽ അണ്ടർപാസോ ഫ്ളൈ ഓവറോ ഇല്ലാത്തത് അപകട ഭീതിയുയർത്തുകയാണ്. ദിവസവും ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഈ ജംഗ്ഷനിൽ നടക്കുന്നത്. ബൈപാസിൽനിന്ന് പ്രധാനപ്പെട്ട രണ്ട് റോഡുകൾ കടന്നുപോകുന്ന കുമരിച്ചന്ത ജംഗ്ഷൻ ഏറെ തിരക്കുള്ള പ്രദേശമാണ്. ഇപ്പോൾ ഇവിടെ ആകെയുള്ളത് ട്രാഫിക് സിഗ്നൽ ലൈറ്റുകൾ മാത്രമാണ്. ഇവിടെ നാലുവരിപ്പാതയുടെ ടാറിംഗ് കഴിഞ്ഞത് കാരണം പുറത്തുനിന്ന് വരുന്ന വാഹനങ്ങൾ അമിതവേഗതയിലാണ് കടന്നുപോകുന്നത്.