തിരുവനന്തപുരം : നഗരഹൃദയത്തിൽ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും മന്ദിരങ്ങൾക്ക് സമീപം താമസിക്കുന്ന നന്തൻകോട് ദേവസ്വം ബോർഡ് നിവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. തുടർച്ചയായി നാലു ദിവസംവരെ കുടിവെള്ളം ലഭിക്കാത്ത സ്ഥിതിയാണ്. അഞ്ചാം ദിനം രാത്രിയിൽ വെള്ളം ലഭിക്കുമെങ്കിലും നേരം പുലരുന്നതിന് മുൻപ് അത് നിലയ്ക്കുമെന്ന് പ്രദേശവാസികൾ പറയുന്നു. പലവട്ടം വാട്ടർ അതോറിട്ടിയെ സമീപിച്ചെങ്കിലും നടപടി ഉണ്ടാകുന്നില്ല. ആറ്രുകാൽ പൊങ്കാലയ്ക്ക് ശേഷമാണ് കുടിവെള്ളക്ഷാമം രൂക്ഷമായതെന്നാണ് നാട്ടുകാർ പറയുന്നുത്. ക്ഷാമം ഇടയ്ക്കിടെ പ്രദേശവാസികളെല്ലാം സംഘടിച്ച് പ്രതിഷേധിക്കുമ്പോൾ രണ്ടു ദിവസത്തേക്ക് ജലവിതരണം സുഗമമാക്കുമെങ്കിവും വീണ്ടും പഴയ അവസ്ഥയാണ്. സമീപത്തെ ചില ഫ്ളാറ്രുകളിലേക്ക് വെള്ളം കൊടുക്കാൻ വേണ്ടി ഇവിടങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത് നിറുത്തുകയാണെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
സമീപത്തെ വൻകിട ഫ്ലാറ്റുകൾക്കു വേണ്ടി വാൽവ് അടയ്ക്കുന്നതാണ് പ്രദേശത്തെ ജലക്ഷാമത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വകുപ്പ് മന്ത്രിക്കും കളക്ടർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. വാർട്ടർ അതോറിട്ടിയുടെ ഹെൽപ്പ് ലൈൻ നമ്പരിൽ ബന്ധപ്പെടുമ്പോൾ പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിക്കുന്നത്. പേരൂർക്കട ടാങ്കിലെ ജലനിരപ്പ് താഴ്ന്നെന്നും അരുവിക്കരയിലെ വൈദ്യുതിബന്ധം തടസപ്പെട്ടെന്നുമുള്ള മുടന്തൻ ന്യായം കേട്ടുമടുത്ത ജനങ്ങൾ ശക്തമായ സമരത്തിന് തയ്യാറെടുക്കുകയാണ്. നിരന്തരം പരാതി നൽകിയതിന് പിന്നാലെ അടുത്തിടെ വാട്ടർ അതോറിട്ടി രണ്ട് പ്ളമ്പർമാരെ പരിശോധനയ്ക്ക് അയച്ചെന്നും പ്രശ്നത്തെ ഗൗരവമായി കാണാതെ പരിഹസിക്കുകയാണെന്നും പ്രദേശവാസികൾ പറയുന്നു.
പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. കുടിവെള്ളപ്രശ്നം രൂക്ഷമായ ദേവസ്വം ബോർഡ് ബെൽഹവൻ ഗാർഡൻസിലും പരിസരപ്രദേശങ്ങളിലും ജലവിതരണം സുഗമമാക്കുന്നതിനായി പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. 8ലക്ഷം രൂപ ഇതിനായി അനുവദിച്ചു. ഇത് വാട്ടർ അതോറിട്ടിയിൽ അടച്ചു. ഇതോടെ പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.- ആർ.എസ്. മായ കുറവൻകോണം വാർഡ് കൗൺസിലർ