തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന 'വിഷൻ 2019' ഓൺലൈൻ ഷോർട് ഫിലിം ഫെസ്റ്റിവലിന്റെ സിഗ്നേച്ചർ ഫിലിം റിലീസ് പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ പിന്നണി ഗായിക അനിതാ ഷെയ്ഖ് നിർവഹിച്ചു. യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു അദ്ധ്യക്ഷനായി. സ്ത്രീ ശാക്തീകരണം, വികസനം, മറ്റ് സാമൂഹിക വിഷയങ്ങൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് മത്സരമെന്ന് പി. ബിജു അറിയിച്ചു.
ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം 50,000, 25,000, 15,000 രൂപയും ഫലകവും സർട്ടിഫിക്കറ്റും ലഭിക്കും. 18ന് രാവിലെ 11ന് കനകക്കുന്ന് സൂര്യകാന്തി ആഡിറ്റോറിയത്തിൽ സിനിമകളുടെ സ്വാധീനം സമൂഹത്തിൽ എന്ന വിഷയത്തിൽ നടക്കുന്ന ഓപ്പൺഫോറത്തിൽ സംവിധായകരായ ഷാജി എൻ. കരുൺ, വിധു വിൻസെന്റ്, തിരക്കഥാകൃത്ത് സജീവ് പാഴൂർ എന്നിവർ ആസ്വാദകരുമായി സംവദിക്കും. കോളേജുകളിൽ സംഘടിപ്പിക്കുന്ന നാല് സെമിനാറുകളിൽ എം. ശിവശങ്കരൻ, ഡോ. സുജ സൂസൻ ജോർജ്, പ്രൊഫ. കാർത്തികേയൻ നായർ, ഡോ.ടി.എൻ. സീമ എന്നിവർ സംസാരിക്കും. 19ന് വൈകിട്ട് ആറിന് കലാഭവൻ തിയേറ്ററിൽ നടക്കുന്ന സമാപനസമ്മേളനവും അവാർഡ് ദാനവും മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ യുവജനക്ഷേമ ബോർഡ് മെമ്പർ സെക്രട്ടറി മിനിമോൾ എബ്രഹാം, ജില്ലാ കോ - ഓർഡിനേറ്റർ അൻസാരി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ചന്ദ്രികാ ദേവി, ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. രാംകുമാർ എന്നിവർ പങ്കെടുത്തു.