തിരുവനന്തപുരം :റവന്യൂ ജില്ലാ സ്കൂൾ കലോത്സവം 19 മുതൽ 22 വരെ വിവിധ സ്കൂളുകളിലെ 12 വേദികളിലായി നടക്കും. ചാല ഗവൺമെന്റ് ബോയിസ് എച്ച്.എസ്.എസ് ഗ്രൗണ്ടാണ് പ്രധാന വേദി. അട്ടക്കുളങ്ങര ഗവൺമെന്റ് സെൻട്രൽ എച്ച്.എസ്, ചാല ഗവൺമെന്റ് എച്ച്.എസ്, ചാല തമിഴ് വി.ആൻഡ് എ.എസ്.എസ് പഴയ ഡി.ഡി.ഇ ഓഫീസ്, അട്ടക്കുളങ്ങര സീമാറ്റ് ഹാൾ എന്നിവയാണ് മറ്റു വേദികൾ. 19ന് വൈകിട്ട് അഞ്ചിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വി.എസ്. ശിവകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. 19ന് ഉച്ചയ്ക്ക് രണ്ട് മുതൽ 'ദൃശ്യവിസ്മയം' എന്ന പേരിൽ കലാവിഷ്കാരങ്ങൾ അരങ്ങേറും. പ്രളയത്തെ തുടർന്ന് കഴിഞ്ഞ വർഷം ഒഴിവാക്കിയിരുന്ന യു.പി വിഭാഗത്തെയും ഇക്കുറി ജില്ലാമേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലെ 296 ഇനങ്ങളിലായി 15,000 ഓളം വിദ്യാർത്ഥികളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുക. യു.പി വിഭാഗത്തിൽ 38 ഉം ഹൈസ്കൂളിൽ 90 ഉം ഹയർസെക്കൻഡറി വിഭാഗത്തിൽ 98 ഉം ഇനങ്ങളിലാണ് മത്സരങ്ങൾ. വെള്ളിയാഴ്ച വൈകിട്ട് നാലിന് സമാപനസമ്മേളനം ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്യും. കുറ്റമറ്റ രീതിയിലെ വിധി നിർണയം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ഡി.ഡി.ഇ സി.മനോജ്കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൗൺസിലർ എം.ആർ ഗോപൻ, അനിൽ വെഞ്ഞാറമൂട്, മനോജ്, ആദർശ്, തമീമുദ്ദീൻ, സജീവ്, പൂവച്ചൽ ബഷീർ, നിഹാസ് തുടങ്ങിയവർ പങ്കെടുത്തു.