bsnl

പൊതുമേഖലാ സ്ഥാപനങ്ങളായ ബി.എസ്.എൻ.എല്ലിനെയും മുംബയ്,ഡൽഹി മഹാനഗരങ്ങളിലെ മഹാനഗർ ടെലിഫോൺ ലിമിറ്റഡിനെയും അറുപത്തിയൊൻപതിനായിരം കോടി രൂപ നൽകി സംരക്ഷിക്കാൻ ശ്രമിക്കുകയാണ് കേന്ദ്രസർക്കാർ. ഇതിൽ മുപ്പതിനായിരം കോടി സ്വയം വിരമിക്കലിനായി മാറ്റിവച്ചിരിക്കുന്നു. ഓരോ ലക്ഷം പേരാണ് ഇതിന് അർഹർ. ഡിസംബർ നാലിനകം അപേക്ഷിക്കണം. നവംബർ 13 വരെ അപേക്ഷിച്ചവരുടെ എണ്ണം 77,530 ആണ്. അധികമുള്ള ജീവനക്കാരെ ഒഴിവാക്കി സ്ഥാപനത്തെ നിലനിറുത്താനുള്ള ശ്രമമാണ് നടക്കുന്നത് .


കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഡിപ്പാർട്ടുമെന്റ് ഓഫ് ടെലികോം ആയിരുന്നു ഇന്ത്യയിലെ ടെലികോം സർവീസുകൾ നടത്തിയിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ അധീനതയിലുണ്ടായിരുന്ന വാർത്താവിനിമയ വിഭാഗം സ്വാതന്ത്ര്യാനന്തരം കേന്ദ്ര ബഡ്ജറ്റിൽ ഉൾപ്പെടുത്തി, സർക്കാർ പിന്തുണയോടെ പൊതുസേവന സർവീസായാണ് പ്രവർത്തിച്ചിരുന്നത്. 1974 വരെ പി ആൻഡ് ടി ആയിരുന്ന വാർത്താവിനിമയ വിഭാഗം ഭരണസൗകര്യവും വികസനവും കണക്കിലെടുത്ത് പോസ്റ്റൽ, ടെലഗ്രാഫ് വകുപ്പുകളായി വിഭജിച്ചു. ഇടതുപക്ഷ യൂണിയനായ എൻ.എഫ്.പി.ടി ഇ, ഏറ്റവും ശക്തമായ യൂണിയനായിരുന്നു. ഓട്ടോമാറ്റിക് ഡയലിംഗ് സംവിധാനം നിലവിൽ വരുന്നതിനു മുൻപ്, ലോക്കൽ കോളുകൾക്ക് പോലും ഓപ്പറേറ്റർമാരെ ആശ്രയിക്കേണ്ടി വന്നിരുന്നതിനാൽ ടെലിഫോൺ ഓപ്പറേറ്റർമാരും അവരുടെ സംഘടനയും പ്രബലമായിരുന്നു. എഴുപതുകളോടെ ആട്ടോമേഷൻ വരികയും, ഓപ്പേറേറ്റർമാരില്ലാതെ വാർത്താ വിനിമയം സാദ്ധ്യമാകുകയും ചെയ്തു. ഇന്ത്യയൊട്ടാകെ ആട്ടോ മാറ്റിക് സ്വിച്ചിങ്ങ് സിസ്റ്റവും, എക്‌സേഞ്ചുകളെ ബന്ധിപ്പിക്കാൻ കൊ ആക്സിയൽ, മൈക്രോവേവ്, സാറ്റലൈറ്റ് സംവിധാനങ്ങളും വന്നതോടെ ഇന്ത്യയിൽ ടെലികോംരംഗത്ത് വിപ്ലവാത്മകമായ പരിവർത്തനമാണുണ്ടായത്. ലോകബാങ്കിന്റെ കൂടി സഹായത്തോടെ ടെലികോം ഉപകരണങ്ങളും കേബിളുകളും ഫോണുകളും നിർമിക്കാൻ സർക്കാർ അധീനതയിലും സ്വകാര്യമേഖലയിലും ടെലികോം ഫാക്ടറികളും ഇന്ത്യൻ ടെലികോം ഇൻഡസ്ട്രികളും, വന്നു. സാങ്കേതികവിഭാഗം വിപുലപ്പെടുത്താൻ ധാരാളം ചെറുപ്പക്കാരെ എൻജിനിയർമാരായും ടെക്നീഷ്യൻമാരായും നിയമിച്ചു. സാങ്കേതികവിദ്യ പരിശീലിപ്പിക്കാൻ ട്രെയിനിംഗ് സെന്ററുകളുണ്ടാക്കി. എൺപതുകളുടെ അവസാനത്തോടെ എസ്.ടി.ഡി യും, ഐ.എസ്.ഡിയും നിലവിൽവന്ന് ഓപ്പറേറ്റർമാരെ ആശ്രയിക്കാതെ വാർത്താവിനിമയം നടക്കുമെന്നായപ്പോൾ ഓപ്പറേറ്റീവ് ട്രേഡ് യൂണിയന്റെ ശക്തി കുറഞ്ഞു. അവർ ഓട്ടോമേഷനേയും, കമ്പ്യൂട്ടർവത്കരണത്തെയും എതിർത്തു. ഇന്ത്യയിലാകമാനം എസ്.ടി.ഡി സൗകര്യമുണ്ടാക്കാൻ കഴിഞ്ഞ സി.ഡോട് ടെക്‌നോളജി നടപ്പിലാക്കിയ സാം പെട്രോഡയെ ടെലികോം കമ്മിഷൻ ചെയർമാൻ സ്ഥാനത്തു നിന്ന് മാറ്റാൻ മന്ത്രി കെ.പി. ഉണ്ണികൃഷ്ണനെ പ്രേരിപ്പിച്ചതും ഇതൊക്കെയാണ്. എൻജിനിയറിംഗ് വിഭാഗം ശക്തമായി. ഓപ്പറേറ്റർമാരെ ഓഫീസ്, കസ്റ്റമർ കേന്ദ്രങ്ങൾ, അക്കൗണ്ട് വിഭാഗങ്ങളിലേക്ക് മാറ്റി.


ടെലിഫോൺ ലൈനുകളുടെയും കേബിളുകളുടെയും പണി ചെയ്യുന്നവരെ സഹായിക്കാൻ ആയിരക്കണക്കിനാളുകളെ താത്കാലിക ജീവനക്കാരായെടുത്തു. ഓപ്പറേറ്റർ വിഭാഗത്തിൽ ശക്തരായിരുന്ന യൂണിയനുകൾ ഇവരെയും സംഘടിപ്പിച്ചു. കുത്തകക്കാരന്റെ ധാർഷ്ട്യത്തോടെ സേവനവിഭാഗമായ ബി.എസ്.എൻ.എൽ ഉപഭോക്താവിനോടും,പെരുമാറി. മാനേജ് ചെയ്യാൻ വന്നവരാട്ടെ സാങ്കേതിക പരിജ്ഞാനം മാത്രമുള്ള ഐ.ടി.എസ് കാരും. ലോകത്തുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് സാങ്കേതികവിഭാഗം കൈകാര്യം ചെയ്യാൻ കഴിയാത്തതുകൊണ്ടും ഡൽഹിയിലുണ്ടായ ഭരണമാറ്റങ്ങൾ കാരണവും ടെലികോം ടെക്‌നോളജിയിലും മാറ്റങ്ങളുണ്ടായി. എഴുപതുകളുടെ അവസാനത്തോടെ കൂട്ടുമന്ത്രിസഭകൾ വന്നതോടെ വിദേശരാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ അവരുടെ ടെക്‌നോളജി സ്വീകരിക്കാൻ നിർബന്ധിതരായി. അനലോഗിൽ നിന്നും ഡിജിറ്റലിലേക്കു മാറിയപ്പോൾ വിദേശ സാങ്കേതികവിദ്യയും ഉപകരണങ്ങളും ഇറക്കുമതി ചെയ്യേണ്ടിവന്നു. ഓക്കി (ജപ്പാൻ), ഇ ടെൻ ബി, ഒ.സി.ബി ( ഫ്രഞ്ച് ടെക്‌നോളജി), എ എക്സ് ഇ. ( സ്വീഡൻ), ഫൈവ്. എസ് .എസ് (അമേരിക്കൻ) എന്നീ കമ്പനികൾ തൊണ്ണൂറുകളിൽ ആഗോള കമ്പോളനയം സ്വീകരിച്ചതോടെ ആഗോളഭീമന്മാർ ഇന്ത്യയിലെ ടെലികോം മാർക്കറ്റും മനസിലാക്കി നേരെ പോയത് മൊബൈലിലേക്കായിരുന്നു. മൊബൈൽ സേവനമാരംഭിക്കാൻ കേന്ദ്രസർക്കാർ എം.ടി.എൻ.എല്ലിനും ബി.എസ്.എൻ.എല്ലിനും അനുമതി നൽകിയില്ല. തൊണ്ണൂറുകളോടു കൂടിത്തന്നെ എം.ടി.എൻ.എൽ നഷ്ടത്തിലാകാൻ തുടങ്ങി. സ്വയം വിരമിക്കൽ നടപ്പിലാക്കിയെങ്കിലും കുറച്ചു ഓഫീസർമാർ മാത്രമാണ് പോയത്. രണ്ടായിരമാണ്ടിൽ ഡി.ഒ.ടി യെയും കമ്പനിവത്കരിക്കുന്നതിന്റെ ഭാഗമായി ഉയർന്ന വേതനവും രണ്ടായിരം രൂപയും നൽകി ജീവനക്കാരെ ഭാരത് സഞ്ചാർ നിഗത്തിന്റെ ഭാഗമാക്കി. ഈ സ്ഥാപനത്തിന്റെ തലപ്പത്തിരുന്ന ഐ.ടി.എസുകാർ ബി.എസ്.എൻ.എല്ലിൽ നിൽക്കാൻ താത്പര്യം കാട്ടിയില്ല. പലരും മറ്റ് കേന്ദ്രസ്ഥാപനങ്ങളിൽ അഭയം തേടി. താത്കാലിക ജീവനക്കാരെ സംരക്ഷിക്കാൻ യൂണിയൻ സുപ്രീംകോടതിയിൽ പോയി അനുകൂല ഉത്തരവ് വാങ്ങുകയും മാനേജ്‌മെന്റിന്റെ പിന്തുണയോടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്തവരെയും സ്ഥിരപ്പെടുത്തി.


ഡിപ്പാർട്ടുമെന്റ് നടത്തിയ യോഗ്യതാ പരീക്ഷയിലൂടെ യോഗ്യരാക്കുകയും ചെയ്തു. ഇവരെ സഹായിക്കാൻ കോൺട്രാക്ട് ജീവനക്കാരെ നിയോഗിച്ചതോടെ സ്ഥിരപ്പെടുത്തിയവർ പണി ചെയ്യാതായി. ഈ കാലയളവിൽ ദീർഘവീക്ഷണമില്ലാതെ കേരളത്തിൽ നടപ്പിലാക്കിയ പദ്ധതിയായിരുന്നു പോൾലസ് കണക്ഷനും പി.സി.എമ്മും ചൈന ടെക്‌നോളജിയും. പൊതുമേഖലാ സ്ഥാപനങ്ങളിൽ നൽകിയിരുന്നതിലും കൂടുതൽ ശമ്പളം നൽകിയെങ്കിലും ജീവനക്കാർ ജോലി ചെയ്യുന്നുണ്ടോ എന്ന് പരിശോധിച്ചില്ല. സ്ഥാനക്കയറ്റത്തിനും ശമ്പളവർദ്ധനയ്ക്കും പെർഫോർമൻസ് ഇവാലുവേഷനുമില്ലായിരുന്നു. സ്വകാര്യ ടെലികോം കമ്പനികളുടെ വളർച്ചയും മത്സരവും നിരക്കിലുണ്ടായ കുറവും കമ്പനിയെ നഷ്ടത്തിലാക്കി.സ്ഥാപനതാത്പര്യങ്ങൾക്കപ്പുറം വ്യക്തികളുടെയും യൂണിയന്റെയും താത്പര്യങ്ങൾക്കായിരുന്നു സമരം. ജോലി കാര്യക്ഷമമാകാത്തതു കൊണ്ടുകൂടി ലാൻഡ് ഫോണുകൾ പകുതിയായി.
2010 ൽ കേരളത്തിൽ 32 ലക്ഷം ലാൻഡ് ഫോണുണ്ടായിരുന്നു. ഇപ്പോളത് പതിനെട്ടുലക്ഷമായി. പ്രവർത്തിക്കാത്തവയുടെ കേബിളുകൾ തിരിച്ചെടുക്കാനാവാതെ ഭൂമിക്കടിയിൽ കിടക്കുന്നു. ടെലിഫോൺ ബില്ലിംഗ് സംവിധാനം ഹൈദരാബാദിലേക്കു മാറ്റിയെങ്കിലും, അതും അക്കൗണ്ടുവിഭാഗവും പഴയതു പോലെയായി. സിവിൽ, ഇലക്ട്രിക്കൽ മൊബൈൽ വിഭാഗത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല. എൻജിനിയറിംഗ് അക്കൗണ്ട് വിഭാഗങ്ങളിൽ മാത്രമേ റിക്രൂട്ട്‌മെന്റ് നടന്നിട്ടുള്ളൂ. സ്വകാര്യ കമ്പനികളിൽ ജോലി ചെയ്തിരുന്ന മിടുക്കന്മാരായ യുവാക്കളാണ് ജോലിസ്ഥിരത തേടി ഇവിടേക്ക് വന്നത്. ഏതെങ്കിലും സിസ്റ്റം പ്രവർത്തിച്ചില്ലങ്കിൽ പരിശോധിക്കാനും ചോദിക്കാനും ഭരണനേതൃത്വമുണ്ടായിരുന്നു. ജോലി ചെയ്യുന്നതു പോലെ സമരം ചെയ്യാനും ആത്മാർത്ഥത കാട്ടിയവർ.


1978 ന്റെ സമാനമായ അവസ്ഥയാണിപ്പോഴുള്ളത്. ഭരണസംവിധാനം അന്നത്തെപ്പോലെ നടപ്പിലാക്കിയാൽ മെച്ചപ്പെട്ട സേവനം നൽകാനാവും. അധികം വരുന്ന സ്ഥലം വാടകയ്ക്ക് നൽകി ലാഭകരമാക്കാം. കഴിയുന്നത്ര ജീവനക്കാരെ പറഞ്ഞുവിടാൻ സ്വയം വിരമിക്കൽ നടപടി തുടങ്ങി. ജനുവരിയോടെ ശുദ്ധികലശം നടത്താനാണ് സർക്കാർ ശ്രമം. അതോ മാൻപവർ കുറച്ച്, സ്ഥാപനവും സ്ഥാവരജംഗമ വസ്തുക്കളും ആർക്കെങ്കിലും കൈമാറാനാണോ എന്ന് കാലം തെളിയിക്കട്ടെ.


ഫോൺ : ( 9447057788)