red-191

ഒരു നെയിൽ കട്ടർ ഉപയോഗിച്ച് കൈകളിലെ നഖം വെട്ടുകയായിരുന്നു ചന്ദ്രകല...

നെയിൽ പോളിഷ് അങ്ങിങ്ങ് ഇളകിപ്പോയിരിക്കുന്നു.

തന്റെ നഖങ്ങൾ ഒരിക്കലും ഇത്രമാത്രം ഭംഗി നഷ്ടപ്പെട്ട നിലയിൽ ആയിട്ടില്ലെന്ന് അവൾ ഓർത്തു.

എന്തോ ശബ്ദം കേട്ട് അവൾ പിന്നോട്ടു തിരിഞ്ഞു.

പ്രജീഷാണ്.

അയാൾ ദീർഘശ്വാസം വിട്ടുകൊണ്ട് കട്ടിലിലേക്കു മലർന്നു കിടക്കുന്നു.

''എന്തുപറ്റി പ്രജീഷ്?"

ചന്ദ്രകല തിരക്കി.

''ഇതിൽ കൂടുതൽ ഇനി എന്തു പറ്റാനാ?"

അയാളുടെ ശബ്ദത്തിൽ ആത്മനിന്ദയും പരിഹാസവും.

ചന്ദ്രകല മിണ്ടിയില്ല. ജയിലിൽ നിന്നിറങ്ങിയതിനു ശേഷം പ്രജീഷ് ഇങ്ങനെയാണ്. പെട്ടെന്നു ദേഷ്യം വരും. തന്നെ കുറ്റപ്പെടുത്തും. എല്ലാത്തിനും കാരണക്കാരി താനാണെന്നു പറയും.

ശാരീരികമായും മാനസികമായും പ്രജീഷ് ആകെ തളർന്നിരിക്കുന്നു....

തന്റെ പ്രതിബിംബം പോലും കണ്ണാടിയിൽ കാണുവാൻ ചന്ദ്രകലയ്ക്കു ഭയമാണ്. നേരത്തെയുണ്ടായിരുന്ന തന്റെ സൗന്ദര്യം ജയിൽ ജീവിതത്തോടുകൂടി നശിച്ചിരിക്കുന്നു.

വാസ്തവത്തിൽ നരകമായിരുന്നു ജയിൽ. പ്രജീഷിനോട് താൻ പലതും മറച്ചുവച്ചിരിക്കുകയാണ്.

വനിതാ ജയിലിൽ ആയിരുന്നെങ്കിലും അവിടുത്തെ സി.സി.ടിവി ഓഫ് ചെയ്തിട്ട് പുരുഷ ജീവനക്കാർക്കു വേണ്ടി തുറന്നുകൊടുക്കുവാൻ വനിതാ ജീവനക്കാർ ഉണ്ടായിരുന്നു.

ഓരോ രാത്രിയും അവർ കടന്നുവന്നത് തന്റെ മാംസത്തിനുവേണ്ടി.. ഉറങ്ങാൻ പോലും സമ്മതിച്ചില്ല...

എത്രയോ നായ്‌ക്കൾ തന്നെ കടിച്ചുകുടഞ്ഞു? അതിന്റെ എണ്ണമൊന്നും അറിയില്ല...

പാഞ്ചാലി!

അവളോടു ചെയ്തതിനൊക്കെ തനിക്കു കാലം തരുന്ന മറുപടിയാകുമോ ഇത്?

ചന്ദ്രകലയ്ക്ക് ഇപ്പോൾ അങ്ങനെ തോന്നി. മാത്രമല്ല ഇത് ഒന്നിന്റെയും അവസാനമല്ലെന്നും വരാൻ പോകുന്ന ഭീകര വിപത്തിന്റെ ആരംഭമാണെന്നും ഉള്ളിന്റെയുള്ളിലിരുന്ന് ആരോ വിളിച്ചുപറയുന്നതുപോലെ തോന്നി ചന്ദ്രകലയ്ക്ക്. ആ തോന്നലിനെ ഉറപ്പിക്കുവാൻ എന്നവണ്ണം പൊടുന്നനെ വക്കീൽ നൽകിയ ഫോൺ ബല്ലടിച്ചു.

ചന്ദ്രകല ഒന്നു ഞെട്ടി.

അപ്രതീക്ഷിതമായ ആ ശബ്ദം പ്രജീഷിനെയും നടുക്കി എന്നു തോന്നുന്നു.

അയാൾ ചാടിയെഴുന്നേറ്റു.

ഫോൺ എടുത്തുനോക്കി.

അപരിചിത നമ്പർ.

ട്രൂകോളർ സംവിധാനം ഇല്ലാത്ത പഴയ ഫോണാണ്.

പ്രജീഷ് ചന്ദ്രകലയ്ക്കു നേരെ തിരിഞ്ഞു നോക്കി.

''ഫോണെടുക്ക്." അവൾ ആംഗ്യം കാണിച്ചു.

പ്രജീഷ് കാളെടുത്തു.

''ഹലോ...."

''പ്രജീഷല്ലേ?" ചോദ്യം മലയാളത്തിലാണ്.

''അതെ. ആരാണ്?"

''തൽക്കാലം എനിക്കു പേരു പറയുവാൻ നിവർത്തിയില്ല. ആരെങ്കിലും കോൾ ടാപ്പു ചെയ്യുന്നുണ്ടെങ്കിൽ ഞാൻ അകത്താകും." അപ്പുറത്തുനിന്ന് താഴ്‌ന്ന ശബ്ദം വന്നു.

''ശരി. പേരു പറയണ്ടാ. കാര്യം പറയാമല്ലോ...." പ്രജീഷ് വിനയം ഭാവിച്ചു.

''പറയാം. അഡ്വക്കേറ്റ് ചിലതെങ്കിലും നിങ്ങളോട് പറഞ്ഞിട്ടുണ്ടാവും. ഒന്നും പേടിക്കണ്ടാ. ഇരുചെവി അറിയാതെ നിങ്ങളെ കർണാടക കടത്തിവിടും. അതാണ് എനിക്കു കിട്ടിയിരിക്കുന്ന നിർദ്ദേശം."

പ്രജീഷിന്റെ നെറ്റി ചുളിഞ്ഞു.

''ആരാണങ്ങനെ പറഞ്ഞിരിക്കുന്നത്? ഞങ്ങളെ എവിടേക്കു കൊണ്ടുപോകും?"

ധൃതിയിൽ അയാൾ തിരക്കി.

''സോറി. ഈ രണ്ട് ചോദ്യങ്ങൾക്കും ഉത്തരം തരുവാൻ എനിക്കു നിവൃത്തിയില്ല."

അപ്പുറത്ത് ഒരു നിമിഷത്തെ മൗനം. ശേഷം വീണ്ടും സ്വരം കേട്ടു.

''ഇപ്പോൾ ഞാൻ വിളിച്ചത് മറ്റൊരു കാര്യം പറയുവാനാണ്. നാളെ രാത്രിയിൽ ഞാൻ വണ്ടിയുമായി വരും. നിങ്ങൾ ഒരുങ്ങിനിൽക്കണം."

''എത്ര മണിക്ക്?"

''സമയം ഇപ്പോൾ പറയുവാൻ കഴിയില്ല. പത്തുമണിക്കു ശേഷം ഏത് സമയത്തും."

പിന്നെ അങ്ങോട്ട് എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് കാൾ മുറിഞ്ഞു.

ചന്ദ്രകല എഴുന്നേറ്റ് അയാളുടെ അടുത്തുവന്നു.

''ആരാ വിളിച്ചത്?"

അയാൾ കാര്യം പറഞ്ഞു. ഇത്തിരി നേരം ചന്ദ്രകല ആലോചിച്ചു. ശേഷം പ്രജീഷിനോട് തിരക്കി :

''ഈ വരുന്നവനെ നമുക്ക് വിശ്വസിക്കാമോ?"

''അല്ലാതെ പിന്നെന്തുചെയ്യും? ഏതായാലും നമ്മളെ ജാമ്യത്തിൽ ഇറക്കിയവർ മനസിൽ വല്ലതും കാണാതിരിക്കില്ലല്ലോ.. വരട്ടെ. നോക്കാം."

അയാൾ ഫോൺ കട്ടിലിലേക്ക് ഇട്ടു.

ചന്ദ്രകല പെട്ടെന്ന് അതെടുത്തു. ഇങ്ങോട്ടു വന്ന നമ്പരിലേക്ക് തിരിച്ചു വിളിച്ചു.

സ്വിച്ചോഫ് എന്ന മറുപടി!

*** *******

വടക്കേ കോവിലകം.

തങ്ങൾ കൊണ്ടുവന്ന ഭക്ഷണസാധനങ്ങളും മദ്യവുമൊക്കെ കിടാക്കന്മാരുടെ നിർദ്ദേശാനുസരണം പണിക്കാരൻ യശോധരൻ കോവിലകത്തിന്റെ കിച്ചണിൽ എത്തിച്ചു.

മൂവരും കുളിയും മറ്റും കഴിഞ്ഞിരുന്നു. ശ്രീനിവാസ കിടാവ് കിച്ചണിൽ ഓഫ് ചെയ്തിട്ടിരുന്ന ഫ്രിഡ്ജ് ഓൺ ചെയ്തു.

ഐസ് ട്രേയിൽ വെള്ളം നിറച്ചുവച്ചു. ഏതാനും കുപ്പികളിലും വെള്ളം എടുത്തുവച്ചു.

പിന്നെ കിടാക്കന്മാർ ഡൈനിങ് ടേബിളിനു പിന്നിലിരുന്നു.

യശോധരൻ ബ്രഡും പഴവും മദ്യം നിറച്ച ഗ്ളാസുകളും കൊണ്ടുവച്ചു. പിന്നെ തന്റെ വിഹിതവുമായി മറ്റൊരു ഭാഗത്തേക്കു മാറിയിരുന്നു കഴിക്കുവാൻ തുടങ്ങി.

സമയം കഴിഞ്ഞുപോയി.

മൂവർക്കും ആശ്വാസമായി.

ഭക്ഷണശേഷം ഏതെങ്കിലും മുറിയിൽ കയറിക്കിടന്ന് ഉറങ്ങാനായിരുന്നു അവരുടെ തീരുമാനം.

പക്ഷേ...

കോവിലകത്തിന്റെ മുറ്റത്ത് ഒരു വാഹനം വന്നു നിന്നു.

ജനാലയിലൂടെ എത്തിനോക്കിയിട്ട് യശോധരൻ കിടാക്കന്മാർക്ക് അടുത്തേക്കു പാഞ്ഞുവന്നു....

(തുടരും)