ആംസ്റ്റർഡാം: ഒമ്പത് വയസുകാരനായ ലോറന്റ് സൈമൺ ഇന്ന് സോഷ്യൽ മീഡിയയിൽ താരമാണ്. അതിന്റെ കാരണം ഈ ബാലന്റെ വിദ്യാഭ്യാസ യോഗ്യത തന്നെയാണ്. ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ് പൂർത്തിയാക്കുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയാണ് ഇത്. പകുതി ബെൽജിയനും പകുതി ഡച്ചുകാരനുമായ ഈ കൊച്ചു പ്രതിഭ ഡിസംബർ മാസത്തിൽ നെതർലൻഡിലെ ഐന്ധോവന്‍ യൂണിവേഴ്‌സിറ്റി ഒഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് പൂർത്തിയാക്കും.
മൈക്കല്‍ കിരർണിയ തന്റെ പത്താം വയസില്‍ അലബാമ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ റെക്കോര്‍ഡാണ് ഒമ്പതുകാരൻ ലോറന്റ് ലക്ഷ്യമിടുന്നത്. ദി ടെലിഗ്രാഫിന്റെ റിപ്പോർട്ട് അനുസരിച്ച്, ഈ ബാലന്റെ ഐക്യു ലെവൽ ഏറ്റവും കുറഞ്ഞത് 145 ആണ്. നാലാം വയസിൽ സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ച ലോറന്റ് എട്ടാം വയസിലാണ് സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. നാല് ഭാഷകളിൽ പ്രാവിണ്യവുമുണ്ട്.
ഒമ്പത് വയസുള്ള തന്റെ മകന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ പി.എച്ച്.ഡി ചെയ്യാൻ ആഗ്രഹമുണ്ടെന്നും അതോടൊപ്പം വൈദ്യശാസ്ത്രത്തിൽ ബിരുദം നേടാൻ ആഗ്രഹിക്കുന്നുവെന്നും ലോറന്റിന്റെ പിതാവ് അലക്സാണ്ടർ സൈമൺ വെളിപ്പെടുത്തി. ' ലോകമെമ്പാടുമുള്ള പ്രശസ്തമായ നിരവധി സർവകലാശാലകളിൽ നിന്ന് അവന് ഉന്നത പഠനത്തിനുള്ള വാഗ്ദാനം ലഭിച്ചിട്ടുണ്ട്. എന്നാൽ അവന്റെ മറ്റ് കഴിവുകളെയും പ്രോത്സാഹിപ്പിക്കേണ്ടതായിട്ടുണ്ട്. അതിനാൽ ഒരു ബാലൻസ് കണ്ടെത്താൻ ആഗ്രഹിക്കുന്നു. ലോറന്റ് ഇതിനെ വളരെ ഗൗരവമായി കാണണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അവന് ഇഷ്ടമുള്ളത് ചെയ്യട്ടെ.' അദ്ദേഹം കൂട്ടിച്ചേർത്തു.