rape

ന്യൂഡൽഹി: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിക്കാൻ ശ്രമിച്ചയാളെ അടിച്ചോടിച്ച രക്ഷിക്കാനെത്തിയ യുവാക്കളും പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഡൽഹിയോട് ചേർന്നുകിടക്കുന്ന ഉത്തർ പ്രദേശിലെ നോയിഡയിലാണ് സംഭവം നടന്നത്. ബുധനാഴ്ച വൈകിട്ട് എട്ടര മണിയോടടുത്ത് നോയിഡയിലെ സെക്ടർ 63ലെ പൊലീസ് പോസ്റ്റിൽ നിന്നും 500 മീറ്റർ അകലെ വച്ചാണ് ക്രൂരസംഭവം ഉണ്ടാകുന്നത്. 21കാരിയായ യുവതിയോട് ഒരു ജോലി തരുന്ന കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ഒരു എക്സ്പോർട്ട് കമ്പനിയിലെ പ്യൂണായ രവി എന്നയാൾ പെൺകുട്ടിയെ വിളിച്ചുവരുത്തുന്നത്. മുൻപരിചയമുള്ളതിനാലാണ് പെൺകുട്ടി രവിയെ കാണാനായി എത്തിയത്.

എന്നാൽ തന്നെ കാണാനെത്തിയ പെൺകുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഒരു പാർക്കിലേക്ക് കൂട്ടികൊണ്ടുപോയി ശേഷം ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തന്നെ രവി ഉപദ്രവിക്കുന്നതിനിടെ പെൺകുട്ടി ഉച്ചത്തിൽ നിലവിളിക്കുകയും ഇത് കേട്ടെത്തിയ രണ്ട് യുവാക്കൾ രവിയെ അടിച്ചോടിക്കുകയും ചെയ്തു. എന്നാൽ യുവതിയെ രക്ഷിക്കുക എന്നതായിരുന്നില്ല ഇവരുടെ ഉദ്ദേശം. അധികം താമസിയാതെ ഗുദ്ദു എന്നും ഷമു എന്നും പേരുള്ള ഈ യുവാക്കൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ആരംഭിച്ചു. പെൺകുട്ടിയെ ക്രൂരമായി ഉപദ്രവിച്ച ശേഷം തങ്ങളുടെ സുഹൃത്തുക്കളായ ബ്രിജ്കിഷോർ, പീതാംബർ, ഉമേഷ് എന്നിവരെ യുവാക്കൾ വിളിച്ചു വരുത്തുകയും ഇവർ മാറി മാറി പെൺകുട്ടിയെ തുടർന്നും പീഡിപ്പിക്കുകയും ചെയ്തു.

പീഡനം കൂടാതെ, ഇവർ പെൺകുട്ടിയെ തുടർച്ചയായി മർദ്ദിക്കുകയും ചെയ്തിരുന്നു. ശേഷം, ഇവർ രക്തം വാർന്നൊലിക്കുന്ന അവസ്ഥയിൽ പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഒടുവിൽ ഏതാണ്ട് 9:30യോടെ പെൺകുട്ടി തന്നെ നേരിട്ട് നടന്നു ചെന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ്‌ സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ പെൺകുട്ടിയെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടി അപകടനില തരണം ചെയ്തതായും എന്നാൽ മാനസിക ആഘാതത്തിൽ നിന്നും 21കാരി മുക്തി നേടിയിട്ടില്ലെന്നും ഡോക്ടർമാർ അറിയിച്ചു. രവിയെയാണ് പൊലീസ് ആദ്യം പിടികൂടിയത്. ഇയാളും പെൺകുട്ടിയും നൽകിയ മൊഴിയനുസരിച്ച് ബ്രിജ്കിഷോറിനെയും, പീതാംബറിനെയും, ഉമേഷിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. എന്നാൽ ഗുദ്ദുവും ഷമുവും ഇപ്പോഴും ഒളിവിലാണ്. ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 25,000 രൂപ പൊലീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.