തൃശൂർ: കൈവശാവകാശ സർട്ടിഫിക്കറ്റ് വാങ്ങുന്നതിനെത്തിയ ആളിൽ നിന്നും കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കുടപ്പനക്കുന്ന് ജയപ്രകാശ് ലൈനിൽ തിരുവാതിരയിൽ എസ്.കെ വിപിൻകുമാറിനെയാണ് (45) തൃശൂർ വിജിലൻസ് ഡി.വൈ.എസ്.പി മാത്യു രാജ് അറസ്റ്റ് ചെയ്തത്. തിരുവില്വാമല കണിയാർകോട് പാലക്കപ്പറമ്പിൽ വീട്ടിൽ സുബ്രഹ്മണ്യനാണ് പരാതിക്കാരൻ. ഇയാളുടെ വീട്ടിലെ തേക്കുമരം മുറിച്ചുമാറ്റുന്നതിനും കടത്തുന്നതിനുമുള്ള പാസിനായി വനം ഓഫീസിൽ നൽകുന്നതിനുള്ള രേഖകൾക്ക് കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് പരാതി.
രേഖകൾക്കായി ഏറെ നാളായി സുബ്രഹ്മണ്യൻ വില്ലേജ് ഓഫീസിൽ കയറിയിറങ്ങുന്നു. അവസാന ശ്രമമെന്ന് നിലയിൽ രേഖകൾക്കായി പോയെങ്കിലും അസഭ്യവർഷമായിരുന്നു വില്ലേജ് ഓഫീസറിന്റെ ഭാഗത്ത് നിന്നുണ്ടായത്. തുടർന്നാണ് പരാതി നൽകാൻ സുബ്രഹ്മണ്യൻ തീരുമാനിച്ചത്. വില്ലേജ് ഓഫിസിൽ നിന്ന് സുബ്രഹ്മണ്യൻനേരെ പോയത് തൃശൂർ വിജിലൻസ് ഓഫിസിലേയ്ക്കായിരുന്നു. ഡിവൈ.എസ്.പി മാത്യുരാജ് കള്ളിക്കാടനെ നേരിൽക്കണ്ട് കാര്യങ്ങൾ വിശദീകരിച്ചു. കർഷകന്റെ നിസഹായവസ്ഥ തിരിച്ചറിഞ്ഞ ഡിവൈ.എസ്.പി ഉടനെ, വിജിലൻസ് ഉദ്യോഗസ്ഥരെ പ്രാഥമിക അന്വേഷണത്തിനു നിയോഗിച്ചു. വില്ലേജ് ഓഫീസറുടെ കൈക്കൂലി കഥ നാട്ടിലെല്ലാവർക്കും അറിയാമെന്ന് മനസിലായതോടെ കൈയോടെ പിടികൂടാൻ വിജിലൻസ് തീരുമാനിക്കുകയായിരുന്നു.
കർഷകന്റെ കൈവശം 500ന്റെ രണ്ട് നോട്ടുകളും 100ന്റെ അഞ്ചു നോട്ടുകളും വിജിലൻസ് നൽകി. കർഷകൻ ഈ നോട്ടുകളുമായി വില്ലേജ് ഓഫീസിൽ എത്തി. വില്ലേജ് ഓഫീസർ പണം വാങ്ങി. കർഷകനാകട്ടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങി വിജിലൻസിന് സിഗ്‌നൽ നൽകി പുറത്തു കാത്തുനിന്ന വിജിലൻസ് ഉദ്യോഗസ്ഥർ കാബിനിലെത്തി പരിശോധിച്ചപ്പോൾ ഇയാളുടെ കൈയിൽ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തി. പക്ഷേ, പണം കണ്ടെത്താനായില്ല. ഒടുവിൽ സ്റ്റോർ റൂമിൽ ഡിസ്‌പോസിബിൾ ഗ്ലാസുകൾക്കിടയിൽ നിന്നുമാണ് പണം കിട്ടിയത്. ഇതു കൂടാതെ 500 രൂപയും ആയുധങ്ങളും കണ്ടെത്തി. ഏറെ നേരത്തെ ചോദ്യം ചെയ്യലിനുശേഷം പ്രതി കുറ്റം സമ്മതിച്ചു.
അതേസമയം, വില്ലേജ് ഓഫീസർ വിപിൻകുമാറിന്റെ കാർ പരിശോധിച്ചപ്പോൾ നിറയെ മാരകായുധങ്ങൾ കണ്ടെത്തി. കരാട്ടെപരിശീലകർ ഉപയോഗിക്കുന്ന നഞ്ചക്കും കിട്ടി. പലതരം കത്തികളും. ഇത് എന്താണ് കാറിൽ കരുതിയതെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ ചോദിച്ചു. ''സർ, ഞാൻ കരാട്ടെയിൽ ബ്രൗൺ ബെൽറ്റ് നേടിയിട്ടുണ്ട്. കരാട്ടെ പരിശീലിക്കാനാണ്. വാക്കത്തിയും വാളുമെല്ലാം വീട്ടിലെ ആവശ്യങ്ങൾക്കായി വാങ്ങിയതാണ്.'' വില്ലേജ് ഓഫിസറുടെ മറുപടി ഇതായിരുന്നു. വിജിലൻസ് പക്ഷേ, ഇതു വിശ്വസിച്ചിട്ടില്ല. ഇതേപ്പറ്റി അന്വേഷണം തുടരുകയാണ്.