കോട്ടയം: പ്രൈവറ്റ് ബസുകൾ തമ്മിലുള്ള മത്സര ഓട്ടത്തിനിടെ ബലിയാടായി പാവം യാത്രക്കാർ. ഏറ്റുമാനൂരിലെ അതിരമ്പുഴ-മെഡിക്കൽ കോളേജ് റോഡിൽ എം.ജി സർവകലാശാലയ്ക്ക് സമീപം വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. കോട്ടയം - പാലാ റൂട്ടിൽ സർവീസ് നടത്തുന്ന എ.വി.എം എന്ന് പേരുള്ള ബസിലെ ജീവനക്കാരും, കോട്ടയം - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ആവേ മരിയ എന്ന ബസിലെ ജീവനക്കാരും തമ്മിലാണ് റോഡിന് നടുക്ക് വച്ച് കശപിശ ഉണ്ടാകുന്നത്. വാക്കുതർക്കം രൂക്ഷമായതിനെ തുടർന്ന് ഇരു ബസുകളും റോഡിന്റെ നടുക്ക് മിനിറ്റുകളോളം നിർത്തിയിടുകയും ചെയ്തു. തങ്ങൾ എ.വി.എം ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ എ.വി.എമ്മിന്റെ ഡ്രൈവർ ബസ് മനഃപൂർവം വെട്ടിച്ച് തങ്ങളുടെ ഗ്ലാസ്സിൽ തട്ടിച്ചു എന്നാണ് ആവേ മരിയ ബസുകാരുടെ വാദിച്ചത്.
ഇവർ തമ്മിലുള്ള തർക്കം 15 മിനിട്ടോളം നീണ്ടു എന്നാണ് ഇരുബസിലുമുള്ള യാത്രക്കാർ പറയുന്നത്. എം.വി.എം ബസുകാർ തങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ആവേ മരിയയുടെ ജീവനക്കാർ പ്രശ്നമുണ്ടാക്കിയതെന്നും എ.വി.എമ്മുകാരെ ആവേ മരിയക്കാർ ഭീഷണിപ്പെടുത്തിയതായും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. ഇവരുടെ ഈ തർക്കം ഒടുവിൽ വൻ ഗതാഗത കുരുക്കാണ് സൃഷ്ടിച്ചത്. അതോടെ ബസുകാരുടെ ഈ സിനിമാ സ്റ്റൈൽ പ്രകടനം സോഷ്യൽ മീഡിയയിലും വൈറലായി. ആവേ മരിയ ബസിലെ ജീവനക്കാർക്കെതിരെ നടപടി എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം. തോമസ് അറിയിച്ചു.