തിരുവനന്തപുരം:ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018ലെ സുപ്രീം കോടതി വിധിക്ക് സ്റ്റേയില്ലാത്ത പശ്ചാത്തലത്തിൽ പ്രതികരണവുമായി സ്ഥാനമൊഴിയുന്ന ശബരിമല മേൽശാന്തി വി.എൻ വാസവൻ നമ്പൂതിരി. ദർശനം നടത്താൻ യുവതികളെ അനുവദിക്കാൻ പാടില്ലെന്നും, ആചാരങ്ങൾ നിലനിൽക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
യുവതികൾ കയറാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും, ഇത്തരം സാഹചര്യങ്ങളിൽ ആലോചിച്ച് തീരുമാനമെടുക്കണമെന്നും വാസവൻ നമ്പൂതിരി പറഞ്ഞു. ശബരിമലയിൽ ഇതുവരെയുണ്ടാകാത്ത സംഭവങ്ങളുണ്ടായ വർഷമാണ് കടന്നുപോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ദർശനം നടത്താൻ എത്തിയ സ്ത്രീകൾ നടപ്പന്തൽ വരെ എത്തിയപ്പോൾ തനിക്ക് വിഷമമുണ്ടായെന്നും, ശബരിമല വിശ്വാസമെന്നത് നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരമാണെന്നും വാസവൻ നമ്പൂതിരി വ്യക്തമാക്കി. 'ആചാരങ്ങളും അനാചാരങ്ങളും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുന്നതിൽ അപാകതകളുണ്ടായി. അയ്യപ്പന്റെ കാര്യത്തിലുള്ളത് ആരെയും ഉപദ്രവിക്കാത്ത ആചാരമാണ്. അതിനാൽ ആചാരങ്ങൾ നിലനിൽക്കണം'-അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ശബരിമല യുവതി പ്രവേശന കേസ് സുപ്രീം കോടതി വിശാലബെഞ്ചിന് വിട്ടത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവരുൾപ്പെട്ട ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്. അതേസമയം 2018ലെ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി സ്റ്റേ ചെയ്തിരുന്നില്ല. അതേസമയം, അന്തിമവിധി വരും വരെ സ്ത്രീകളെ പ്രവേശിപ്പിക്കേണ്ടെന്നാണ് സംസ്ഥാന സർക്കാരിന് കിട്ടിയ നിയമോപദേശം.