മിടുമിടുക്കിയായിരുന്നു ഫാത്തിമ ലത്തീഫ്. വലിയ അറിവും പ്രതിഭയുമുള്ള കുട്ടി. പഠിച്ച് സിവിൽ സർവീസിൽ പ്രവേശിക്കണമെന്നും ഐ.എ.എസുകാരിയാകണമെന്നുമൊക്കെ സ്വപ്നം കണ്ടിരുന്ന കുട്ടി. പഠനത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത ഫാത്തിമയ്ക്ക് ഭാവിയിൽ ഐ.എ.എസ് പുഷ്പം പോലെ നേടിയെടുക്കാനാകുമെന്ന് ഞങ്ങൾ കുടുംബസുഹൃത്തുക്കൾക്കൊക്കെ വിശ്വാസമുണ്ടായിരുന്നു. പ്ളസ് ടു കഴിഞ്ഞ് ചെന്നൈ ഐ.ഐ.ടി യിൽ അഞ്ച് വർഷത്തെ കോഴ്സായ ഹ്യൂമാനിറ്റീസിന് ചേർന്നതു തന്നെ ഈ ലക്ഷ്യത്തോടെയായിരുന്നു. അപാര വായനയായിരുന്നു. എന്നാൽ ചില കുട്ടികളെപ്പോലെ മുറിയടച്ചിരിക്കുന്ന പ്രകൃതമല്ല. നല്ല പെരുമാറ്റമായിരുന്നു. വീട്ടിൽ ചെല്ലുന്നവരോടൊക്കെ സ്നേഹത്തോടെ വർത്തമാനം പറയും.
പ്രിയ സുഹൃത്ത് ലത്തീഫിന്റെ മകൾ ഫാത്തിമ മരിച്ചുവെന്ന വിവരം ഞെട്ടലോടെയാണ് കേട്ടത്. ലത്തീഫ് നാട്ടിലില്ലാത്തതിനാൽ ഉടൻതന്നെ ഫാത്തിമയുടെ ഇരട്ട സഹോദരി അയിഷയും മറ്റ് ചില ബന്ധുക്കൾക്കുമൊപ്പം ഞാനും ചെന്നൈയിലേക്ക് പോയി. അവിടെ ചെന്നപ്പോൾ വിചിത്രമായ കാഴ്ചകളാണ് കണ്ടത്. ഐ.ഐ.ടിയിൽ ഒരൊറ്റ അദ്ധ്യാപകൻ ഈ വിഷയത്തക്കുറിച്ച് സംസാരിക്കാനില്ല. ചില കുട്ടികൾക്ക് വിവരമറിയാമെന്നു തോന്നി. പക്ഷേ അവർ ഭയത്തോടെ അകന്നുമാറി നിൽക്കുകയാണ്. ആകെ ഒരു ദുരൂഹത നിഴലിച്ചിരുന്നു. പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിനാൽ ആത്മഹത്യ ചെയ്തു എന്നൊരു മറുപടിയാണ് ഐ.ഐ.ടി യിലെ ചില ജീവനക്കാർ പറഞ്ഞത്.
കോളേജിനടുത്തുള്ള കോട്ടൂർപുരം പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ വളരെ നിസംഗതയോടെയാണ് പെരുമാറിയത്. അയാൾ നാഗർകോവിലുകാരനാണ് മലയാളമൊക്കെ അറിയാം. എങ്ങനെയായിരിക്കും സമീപനം എന്ന് സംശയമുള്ളതിനാൽ ഒരു അസി.കമ്മിഷണറെക്കൊണ്ട് വിളിച്ചു പറയിച്ചിട്ടാണ് സ്റ്റേഷനിലേക്ക് പോയത്. പക്ഷേ അതിന്റെ ഒരു മട്ടും ഭാവവും അയാളുടെ മുഖത്ത് കണ്ടില്ല. മുൻവിധിയോടെയാണ് സംസാരിച്ചത്. പരീക്ഷയ്ക്കു മാർക്ക് കുറഞ്ഞതുകൊണ്ട് ജീവനൊടുക്കിയതാണെന്ന് അദ്ദേഹവും പറഞ്ഞു.ഐ.ഐ.ടിയിൽ ഇത്തരം സംഭവങ്ങൾ പതിവാണെന്ന മട്ടിലായിരുന്നു സംസാരം .പൊലീസ് പ്രാഥമികമായി ഇത്തരം സംഭവങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾ ഒന്നും ചെയ്തിരുന്നില്ല. ചോദിച്ചപ്പോൾ 'വരട്ടെ നോക്കാം' എന്നായിരുന്നു മറുപടി. അപ്പോഴാണ് ഫാത്തിമയുടെ മൊബൈൽ സി.ഐയുടെ മേശപ്പുറത്ത് അലക്ഷ്യമായി കിടക്കുന്നതു അയിഷ കണ്ടത്. അതൊന്ന് നോക്കട്ടെയെന്ന് ചോദിച്ചപ്പോൾ ചാർജ്ജില്ല എന്നായിരുന്നു മറുപടി. അയാൾ ആ മൊബൈൽ മേശപ്പുറത്തിട്ടുകൊണ്ട് പുറത്തേക്കിറങ്ങിയപ്പോൾ അയിഷ അത് ചാർജ്ജ് കുത്തിനോക്കി. സ്ക്രീനിൽത്തന്നെ തെളിഞ്ഞു വന്നത് 'സുദർശൻ പദ്മനാഭൻ ഈസ് ദി കാസ് ഓഫ് മൈ ഡെത്ത് "എന്നായിരുന്നു. അദ്ധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ ചില പെരുമാറ്റങ്ങളെക്കുറിച്ചുകൂടി അതിൽ ഉണ്ടായിരുന്നു. അയിഷ അത് പകർത്തി. എന്നെ കാണിക്കുകയും ചെയ്തു.
സി.ഐ വന്നപ്പോൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും ലാഘവത്തോടെയാണ് അത് കേട്ടത്. ഫാത്തിമയുടെ കമ്പ്യൂട്ടറും ടാബുമൊക്കെ ഞങ്ങൾ ചോദിച്ചു. അതൊന്നും എടുത്തിട്ടില്ലെന്നായിരുന്നു മറുപടി. എന്തുകാര്യവും എഴുതിവയ്ക്കുന്ന സ്വഭാവക്കാരിയാണ് ഫാത്തിമ. എന്നാൽ ഒരു കുറിപ്പുപോലും കണ്ടെത്തിയിരുന്നില്ല. ഐ.ഐ.ടിയിൽ കുട്ടികൾ മരിക്കുന്നത് പതിവുസംഭവമാണെന്ന നിലയിലായിരുന്നു പൊലീസിന്റെ പെരുമാറ്റം. ഫോൺ ഞങ്ങൾ എടുത്തപ്പോൾ അദ്ദേഹം ഒന്നും പറഞ്ഞില്ല. എന്നാൽ മറ്റൊരു എസ്.ഐ ഫോൺ അന്വേഷണത്തിന് വേണമെന്ന് പറഞ്ഞ് തിരികെ വാങ്ങുകയും ചെയ്തു. സുദർശൻ പദ്മനാഭനെ അറസ്റ്റ് ചെയ്യാൻ ആ ഫോൺ മാത്രം തെളിവായി മതിയായിരുന്നു. പക്ഷേ പൊലീസ് യാതൊരു നടപടിയും എടുത്തില്ല.
ഫാത്തിമയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മോർച്ചറിയിൽ ചെന്നപ്പോഴും വിഷമകരമായിരുന്നു അനുഭവം. വൃത്തിയായി സൂക്ഷിച്ചിരുന്നില്ല. ഞങ്ങൾ പിന്നീട് ഫാത്തിമയുടെ ഹോസ്റ്റൽ മുറി കാണാൻ പോയി. അവിടെ വാർഡൻ ആയി ഉണ്ടായിരുന്നത് ആലപ്പുഴ സ്വദേശിയായ അദ്ധ്യാപികയായിരുന്നു. അവർ സിവിൽ എൻജിനിയറിംഗ് അദ്ധ്യാപികയാണ്. അവർക്കും ഒന്നും പറയാനില്ലായിരുന്നു. മാർക്ക് കുറഞ്ഞതായിരിക്കാം എന്ന പല്ലവി അവരും ആവർത്തിച്ചു. കുട്ടികൾ ഭയചകിതരായി മാറി നിൽക്കുകയും ചെയ്തു. മുറിയിൽ നിന്ന് കമ്പ്യൂട്ടറും ടാബുമൊക്കെ ലഭിച്ചു.
എല്ലാ ദിവസവും രാത്രി എട്ടരയോടെ മെസിൽ നിന്ന് ഭക്ഷണം കഴിച്ച് ഫാത്തിമ ഹോസ്റ്റലിലേക്കു പോകുമായിരുന്നു. അന്ന് രാത്രി ഒമ്പതര വരെ ഇരുന്ന് കരഞ്ഞതായും മൂക്കുത്തിയിട്ട വെളുത്ത ഒരു സ്ത്രീ ആശ്വസിപ്പിച്ചതായും അവിടുത്തെ ഒരു ആയ പറഞ്ഞു. പക്ഷേ ഞങ്ങൾ എത്ര അന്വേഷിച്ചിട്ടും അങ്ങനെ ഒരു സ്ത്രീയെ കണ്ടെത്താനായില്ല. സുദർശൻ പദ്മനാഭൻ ഫാത്തിമയ്ക്ക് ഇന്റേണൽ മാർക്ക് കുറച്ചാണ് ഇട്ടിരുന്നത്. എന്നിട്ടും ക്ളാസിൽ ഫസ്റ്റ് ഫാത്തിമ തന്നെയായിരുന്നു. ജാതീയമായ വേർതിരിവ് പ്രകടിപ്പിക്കുന്ന അദ്ധ്യാപകനാണ് അയാളെന്ന് പൊതുവെ പരാതിയുണ്ട്. മോശമായി സംസാരിക്കുന്ന പ്രകൃതക്കാരനാണെന്നും ചിലർ പറയുന്നു. ആരെങ്കിലും വഴക്കു പറഞ്ഞാൽ വലിയ വിഷമമാണ് ഫാത്തിമയ്ക്ക്. പക്ഷേ ഒരിക്കലും ആത്മഹത്യചെയ്യുമെന്ന് ആ കുട്ടിയെ അടുത്തറിയാവുന്ന ആരും വിശ്വസിക്കുകയില്ല.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഞങ്ങൾ നടത്തി. പ്രവേശന പരീക്ഷയിൽ റാങ്കോടെ വിജയിച്ച ഒരു കുട്ടിക്ക് അന്തിമോപചാരമർപ്പിക്കാൻ ഒറ്റ അദ്ധ്യാപകർ പോലും വന്നില്ല. ടിക്കറ്റെടുക്കാൻ നോക്കിയപ്പോൾ ഒരു ഏജൻസിയിൽ നിന്നുള്ളയാളുകൾ വന്നു. അവർ ടിക്കറ്റ് റെഡിയാക്കിയിട്ടുണ്ടെന്നും ബോഡി റെഡിയാക്കിയെന്നും പറഞ്ഞു. ഞങ്ങൾ വന്നതിനു വേണ്ടി വന്ന ചെലവ് എഴുതിക്കൊടുത്താൽ അതും ലഭിക്കുമെന്നുകൂടി അവർ പറഞ്ഞപ്പോൾ കോളേജുകാരുടെ സമീപനത്തിലുള്ള സംശയം ഇരട്ടിയായി. ഐ.ഐ.ടിക്കു വേണ്ടി ഇത്തരം കാര്യങ്ങൾ പതിവായി ചെയ്യുന്ന ഏജൻസിയാണ് അവർ. ഈ വർഷം തന്നെ അഞ്ച് വിദ്യാർത്ഥികളാണ് അവിടെ ജീവനൊടുക്കിയത്. ഒരു ദിവസം തന്നെ രണ്ട് പേർ മരിച്ച സംഭവവുമുണ്ടായിരുന്നു. ഈ വർഷത്തിൽ തന്നെ 178 വിദ്യാർത്ഥികൾ പഠനം മതിയാക്കിപ്പോയി. പിന്നാക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളാണ് അതിൽ ഭൂരിഭാഗവും. സുദർശൻ പദ്മനാഭനെപ്പോലുള്ള സവർണ ചിന്താഗതിക്കാരായ അദ്ധ്യാപകരുടെ പെരുമാറ്റം നിയന്ത്രിക്കാൻ ഈ ഉന്നത വിദ്യാഭ്യാസ കേന്ദ്രത്തിൽ യാതൊരു സംവിധാനവുമില്ല. അറ്റൻഡൻസ് കുറഞ്ഞു, മാർക്ക് കുറഞ്ഞു തുടങ്ങിയ ബാലിശമായ കാരണങ്ങൾ പറഞ്ഞ് എല്ലാ അന്വേഷണവും ഒതുക്കാറാണ് പതിവ്.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ സജീവമായി ഈ വിഷയത്തിൽ ഇടപെട്ടതിനാൽ ഇപ്പോൾ അന്വേഷണം നല്ല രീതിയിൽ നടത്തുമെന്ന വാക്ക് ലഭിച്ചിട്ടുണ്ട്. കേരള പൊലീസ് മേധാവി തമിഴ്നാട് ഡി.ജി.പിയുമായി സംസാരിച്ചു. ഫാത്തിമയുടെ പിതാവ് ലത്തീഫ് തമിഴ്നാട് മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനേയുമൊക്കെ കണ്ട് നിവേദനം നൽകിയിട്ടുണ്ട്. മാദ്ധ്യമങ്ങൾ സജീവമായി ഇടപെടുന്നുമുണ്ട്. ഫാത്തിമയുടെ മരണത്തിനിടയാക്കിയവരെ ആരെയും വെറുതേ വിടരുത്. നമ്മുടെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ കുട്ടികളുടെ കുരുതിക്കളമാകരുത്. ഇനി ഒരു ഫാത്തിമ ഉണ്ടാകരുത്.
(കൊല്ലം മേയറാണ് ലേഖകൻ)