sabarimala-

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി വിശാലബെഞ്ചിന് വിട്ടതിനുപിന്നാലെ സർക്കാർ നിലപാടിനെ ചൊല്ലി നവോത്ഥാന സമിതിയിൽ വിള്ളൽ. പുനഃപരിശോധന ഹർജികളിൽ തീർപ്പ് വരുംവരെ യുവതീ പ്രവേശനം അനുവദിക്കേണ്ടെന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ, ഇത് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന് എതിരാണെന്ന് നവോത്ഥാന സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ആരോപിച്ചു.

ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാരിന്റെ നയവ്യതിയാനം നവോത്ഥാന മുന്നേറ്റങ്ങൾക്ക് തിരിച്ചടിയാണ്. രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പിണറായി വിജയൻ സർക്കാരിനെന്നും അദ്ദേഹം പ്രതികരിച്ചു. യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരുന്നത്. എന്നാൽ, നിലവിലെ നയവ്യതിയാനം നവോത്ഥാന മുന്നേറ്റങ്ങളെ ദുർബലപ്പെടുത്തുന്നതാണ്. പരിഷ്‌കരണ ആശയങ്ങളെ പുറകോട്ട് അടിക്കാനെ ഇത്തരം തീരുമാനങ്ങൾ ഉപകരിക്കൂ. സർക്കാരും സി.പി.എം അടക്കമുള്ള സംഘടനാ നേതൃത്വവും നിലപാട് വ്യക്തമാക്കാൻ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, യുവതികൾ കോടതി ഉത്തരവുമായി വരട്ടെ എന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്നും ശ്രീകുമാർ ആരോപിച്ചു.

സുപ്രീംകോടതി വിധിയിൽ വ്യക്തതക്കുറവ് വന്നതിനാൽ ഇത്തവണ മല ചവിട്ടാൻ വരുന്ന യുവതികൾക്ക് പൊലീസ് സംരക്ഷണം നൽകേണ്ടതില്ലെന്നും, ശബരിമലയിലെ യുവതീപ്രവേശനത്തിന് സർക്കാർ കഴിഞ്ഞ തവണത്തെപ്പോലെ തിടുക്കപ്പെടേണ്ടതില്ലെന്നുമാണ് സി.പി.എം സെക്രട്ടേറിയറ്റിന്റെ തീരുമാനം. ഫലത്തിൽ യുവതികളെ പ്രവേശിപ്പിക്കില്ലെന്ന് പറയാൻ പരിമിതിയുള്ളതിനാൽ സുരക്ഷ ഉറപ്പാക്കാനില്ലെന്ന നിലപാടിലാണ് പാർട്ടി. ശബരിമല ഹർജികൾ മാറ്റിവയ്ക്കുകയും വിശാല ബെഞ്ച് രൂപീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ കഴിഞ്ഞവർഷം സെപ്തംബറിലെ യുവതീപ്രവേശന വിധിയുടെ നിയമസാധുത എത്രത്തോളമെന്നതിൽ വ്യക്തത വേണ്ടതുണ്ടെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ.