അവതാരക, നടി എന്നതിലൊക്കെ ഉപരി ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ മകൾ എന്ന നിലയിലാണ് ശ്രീലക്ഷ്മി മലയാളികൾക്ക് പ്രിയങ്കരിയായത്. വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച അപകടത്തിൽ നിന്ന് പൂർണമായി സുഖം പ്രാപിക്കാൻ ജഗതിക്ക് ഇതുവരെ സാധിച്ചിട്ടില്ല. രോഗങ്ങളൊക്കെ മാറി എത്രയും പെട്ടെന്ന് പഴയതുപോലെ അദ്ദേഹം സിനിമയിൽ തിരിച്ചെത്തണമെന്ന് പ്രാർഥിക്കാത്ത മലയാള സിനിമാ പ്രേക്ഷകർ ഉണ്ടാകില്ല. ജഗതിയോടുള്ള സ്നേഹം അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകർ കാണിക്കാറുണ്ട്, കൂടാതെ അവരുടെ സുഖവിവരങ്ങൾ അറിയാൻ ശ്രമിക്കാറുമുണ്ട്.
ഇപ്പോഴിതാ താര കുടുംബത്തിൽ ഒരു ചടങ്ങ് നടക്കാൻ പോകുകയാണ്. അത് മറ്റൊന്നുമല്ല ജഗതിയുടെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹമാണ്. ജിജിൻ ജഹാംഗീർ എന്ന കൊമേഴ്ഷ്യൽ പൈലറ്റാണ് വരൻ. എറണാകുളത്ത് ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് കോളേജിനടുത്തായിരുന്നു ശ്രീലക്ഷ്മിയും അമ്മയും താമസിച്ചിരുന്നത്. അന്ന് ജിജിൻ ഇവരുടെ അയൽക്കാരനായിരുന്നു.
ഇരുവരുടെയും അമ്മമാരാണ് ആദ്യം പരിചയപ്പെടുന്നതും കൂട്ടുകാരാകുന്നതും. പതിയെ ശ്രീലക്ഷ്മിയും ജിജിനും ഫ്രണ്ട്സായി. വൈകാതെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. അഞ്ച് വർഷം ആരെയുമറിയിക്കാതെ പ്രണയിച്ചു. തുടർന്ന് വീട്ടുകാരോട് പറഞ്ഞ് സമ്മതം വാങ്ങുകയായിരുന്നെന്ന് ശ്രീലക്ഷ്മി ഒരു പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.
'വിവാഹത്തിന് മുമ്പ് ഇനി പപ്പയുടെ അനുഗ്രഹം വാങ്ങണം. പപ്പയുടെ ആഗ്രഹം പോലെ മോള് ഒരു നല്ല വീട്ടിലേക്ക് പടികയറി ചെല്ലുന്നുണ്ടെന്ന് ആ ചെവിയിൽ പറയണം. പപ്പയും അമ്മയും തന്ന സൗഹൃദവും സ്നേഹവുമാണ് എന്നെ ഇവിടം വരെ എത്തിച്ചത്'-ശ്രീലക്ഷ്മി പറഞ്ഞു.