പൂനെ: സംസ്ഥാന സർക്കാരിൽ നിന്നും സംരക്ഷണം ലഭിച്ചാലും ഇല്ലെങ്കിലും താൻ നവംബർ 20ന് ശേഷം ശബരിമലയിലേക്ക് എത്തുമെന്ന് അറിയിച്ച് ആക്ടിവിസ്റ്റ് തൃപ്തി ദേശായി. താൻ കേരള സർക്കാരിനോട് സംരക്ഷണം ആവശ്യപ്പെടുമെന്നും അത് തരേണ്ടതുണ്ടോ ഇല്ലയോ എന്നത് സർക്കാരിന്റെ തീരുമാനത്തിന് താൻ വിടുകയാണെന്നും തൃപ്തി പറയുന്നു. ശബരിമലയിൽ തത്കാലം യുവതികൾ പ്രവേശിക്കേണ്ട എന്ന കേരള സർക്കാരിന്റെ നിലപാടിനോട് താൻ യോജിക്കുന്നില്ലെന്നും 2018ലെ ശബരിമല യുവതീപ്രവേശന വിധിക്ക് സ്റ്റേ ഇല്ലാത്തതിനാൽ എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും അവിടേക്ക് പോകാമെന്നും അവർ പറഞ്ഞു.
കോടതി ഉത്തരവുമായി വരണമെന്നാണ് സർക്കാർ പറയുന്നതെങ്കിൽ തന്റെ കൈയിൽ 2018ലെ സുപ്രീം കോടതി ഉത്തരവിന്റെ പകർപ്പുണ്ടെന്നും അതുമായി താൻ വരുമെന്നും അവർ സൂചിപ്പിച്ചു.ശബരിമലയിൽ എത്തുന്ന സ്ത്രീകൾക്ക് സാധാരണഗതിയിൽ സംരക്ഷണം ആവശ്യമില്ലെന്നും എന്നാൽ വിധി നടപ്പാക്കരുതെന്ന് പറയുന്ന ആൾക്കാർ സ്ത്രീകളെ ആക്രമിക്കാൻ സാദ്ധ്യത ഉള്ളതിനാലാണ് സംരക്ഷണം ആവശ്യപ്പെടുന്നതെന്നും തൃപ്തി വിശദമാക്കി.
തനിക്ക് സന്ദർശനം സർക്കാർ അനുവദിച്ചില്ലെങ്കിലും ദർശനം നടത്തുന്നതിനായി താൻ എത്തുമെന്നും തൃപ്തി വ്യക്തമാക്കി. നാളെ എത്തുമെന്നായിരുന്നു തൃപ്തി ദേശായി ഇതിനുമുൻപ് അറിയിച്ചിരുന്നത്. 2018ലെ കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് താൻ ശബരിമല സന്ദർശിക്കുന്നതെന്നും തന്റെ സുരക്ഷ സംബന്ധിച്ചുള്ള പൂർണ ഉത്തരവാദിത്തം കേരള സർക്കാരിനാണെന്നും തൃപ്തി പറഞ്ഞിരുന്നു.
ശബരിമയിൽ എത്തുന്ന ആക്ടിവിസ്റ്റുകൾക്ക് സംരക്ഷണം നൽകില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും നിയമ വകുപ്പ് മന്ത്രി എ.കെ ബാലനും പറഞ്ഞിരുന്നു.ശബരിമയിൽ കയറണമെങ്കിൽ യുവതികൾ കോടതി ഉത്തരവുമായി വരണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. തൃപ്തി ദേശായിയെ പോലുള്ള ആക്ടിവിസ്റ്റുകൾ തങ്ങൾക്ക് കരുത്ത് പ്രകടിപ്പിക്കാനുള്ള സ്ഥലമായി ശബരിമലയെ കാണരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.