മണ്ടത്തരം കാണിക്കുന്നവരെ കഴുതേ എന്നു വിളിക്കുന്നവർ ഓർക്കുക. സൗന്ദര്യത്തിന്റെ വലിയൊരു രഹസ്യത്തെയാണ് നിങ്ങൾ പരിഹസിക്കുന്നതെന്ന്. അതറിയണമെങ്കിൽ എബി ബേബിയോട് ചോദിച്ചാൽ മതി. പാൽച്ചിരിയോടെ ആ രഹസ്യം പറയും.

ഈജിപ്തിലെ രാജ്ഞിയായിരുന്ന ലോകൈക സുന്ദരി ക്ലിയോപാട്ര യൗവനവും സൗന്ദര്യവും നിലനിറുത്താൻ 700 കഴുതകളുടെ പാലിലായിരുന്നു നീരാടിയിരുന്നത്! റോമാ ചക്രവർത്തി നീറോയുടെ ഭാര്യ സാബിനയും നെപ്പോളിയൻ ബോണപ്പാർട്ടിന്റെ സഹോദരി പൗളിനുമെല്ലാം അഴകിനായി ആശ്രയിച്ച ആ കഴുതപ്പാൽ ഇപ്പോൾ കേരളത്തിലും കിട്ടും. 30 മില്ലിക്ക് 750 രൂപ! മൂവാറ്റുപുഴ, രാമമംഗലത്താണ് എം.ടെക്കുകാരനായ എബി ബേബി നടത്തുന്ന ഡോൾഫിൻ ഐ.ബി.എ ഡോങ്കി ഫാം. മൂവാറ്റുപുഴയിലെ ഏതാനും ബ്യൂട്ടി പാർലറുകളിൽ കഴുതപ്പാൽ ഫേഷ്യലുണ്ട്. ചെലവ് 1500 രൂപ മുതൽ.

ചർമ്മസംരക്ഷണത്തിനും മുഖസൗന്ദര്യത്തിനും കഴുതപ്പാൽകൊണ്ട് 10 ഉത്പന്നങ്ങൾ എബി നിർമ്മിക്കുന്നു. ഫെയർനെസ് ക്രീം, സ്‌കിൻ ക്രീം, ഇല്യൂമനേറ്റ് ക്രീം, ഫേഷ്യൽ കിറ്റ് തുടങ്ങിയവ. 2400 മുതൽ 7000 രൂപ വരെ വില. വിദേശത്തും ആവശ്യക്കാരുണ്ട്. ആമസോണിലും ലഭ്യം. രണ്ടേക്കറിലാണ് 21 കഴുതകൾ വാഴുന്നത്. ആണൊരുത്തൻ മാത്രം. രാജസ്ഥാനിലെ ബിക്കാനീറിൽനിന്ന് കൊണ്ടുവന്ന പോയിട്ടു എന്ന ഫ്രഞ്ച് ഇനത്തിന് അസാധാരണ വലിപ്പമുണ്ട്. ഇത്തരം മൂന്നെണ്ണമുണ്ട്. ബാക്കി തമിഴ്‌നാട്ടിൽ നിന്നുള്ളവ.

donkey-