kerala-cm-

ന്യൂഡൽഹി: മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർദ്ധിപ്പിച്ചു. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച റിപ്പോർട്ടിന്റെയും മാവോയിസ്റ്റുകളുടെ വധഭീഷണിയുടെയും പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമാണ് ഡൽഹി പൊലീസിനെ നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാർ സുരക്ഷ വർദ്ധിപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ ഇന്റലിജൻസ് വിവരങ്ങളും സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള കാരണമായിട്ടുണ്ട്.

നേരത്തെ മുഖ്യമന്ത്രി ഡൽഹിയിൽ എത്തിയാൽ സംസ്ഥാന പൊലീസിന്റെ എട്ടംഗ സംഘമായിരിക്കും കൂടെയുണ്ടാവുക. എന്നാൽ ഇത്തവണ അത് പത്തംഗമായി വർദ്ധിപ്പിച്ചു. നേരത്തെ ഡൽഹി പൊലീസിന്റെ ഏഴംഗ സംഘമാണ് കൂടെയുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അത് ഇരട്ടിയായി വർദ്ധിപ്പിച്ചിരിക്കുകയാണ്. സഞ്ചരിക്കാൻ ഒരു ബുള്ളറ്റ് പ്രൂഫ് വാഹനവും ഒരു പൈലറ്റ് വാഹനവും അധികമായും നൽകിയിട്ടുണ്ട്. കൂടാതെ ഒരു ജാമർ വാഹനവും നൽകിയിട്ടുണ്ട്. ഇന്നലെ പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനായി ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോൾ മുതൽ മുഖ്യമന്ത്രിക്ക് ഇത്തരത്തിലുള്ള സുരക്ഷ ലഭിക്കുന്നുണ്ട്.

മുഖ്യമന്ത്രിയെ വകവരുത്തുമെന്നറിയിച്ച് മാവോയിസ്റ്റിന്റെപേരിൽ ഭീഷണിക്കത്ത് ലഭിച്ചിരുന്നു. കബനീദളം ആക്ഷൻ കമ്മിറ്റി വൈസ് പ്രസിഡന്റ് ബദർ മുസാമിന്റെപേരിലാണ് വടകര ഡി.വൈ.എസ്.പി ഓഫിസിലേക്ക് ഇന്നലെ തപാൽമാർഗം കത്ത് കിട്ടിയത്. ഞങ്ങളുടെ ഏഴ് സഹോദരങ്ങളെ ദയയില്ലാതെ വകവരുത്തിയ മുഖ്യന് തക്കതായ ശിക്ഷ നൽകുമെന്ന് കത്തിൽ പറയുന്നു.

പാവങ്ങളുടെ നികുതിപ്പണം വാങ്ങുന്ന അധികാരികൾ അവരെ സംരക്ഷിക്കുന്നതിന് പകരം വകവരുത്തുകയാണ് ചെയ്യുന്നതെന്നും കത്തിലുണ്ട്. കത്തിനൊപ്പം മാവോയിസ്റ്റ് ആശയങ്ങളുൾപ്പെടുന്ന മൂന്ന് ലഘുലേഖയും ഉണ്ടായിരുന്നു. വിശദമായ അന്വേഷണത്തിന് വടകര റൂറൽ എസ്.പി കെ.ജി.സൈമൺ നിർദേശം നൽകിയിട്ടുണ്ട്.