വീണ്ടും ഒരു തീർത്ഥാടനകാലം സമാരംഭിക്കുകയാണ്. വൃശ്ചികം ഒന്നിന് ആരംഭിച്ച് മകരവിളക്ക് ആഘോഷത്തോടെ സമാപിക്കുന്ന തീർത്ഥാടനം . തീർത്ഥം എന്ന വാക്കിന് ശുദ്ധജലം എന്നും പുണ്യസ്ഥലം എന്നും അർത്ഥമുണ്ട്. ഭാരതത്തിലെ നദികൾ, മലകൾ, വനങ്ങൾ എന്നിവയെല്ലാം തീർത്ഥസ്ഥാനങ്ങൾ തന്നെയാണ്. ഋഷിപുംഗവന്മാർ ഭക്തർക്കായി സ്ഥാപിച്ചിട്ടുള്ള ആദ്ധ്യാത്മിക ശക്തികേന്ദ്രങ്ങളാണ് തീർത്ഥാടനസ്ഥലങ്ങൾ. അങ്ങനെയുള്ള പരിപൂർണ പുണ്യ തീർത്ഥാടക കേന്ദ്രമാണ് ശബരിമല. ആത്മവിശുദ്ധിയോടെ തീർത്ഥാടനകേന്ദ്രങ്ങളിലേക്ക് ആചാരപ്രകാരമുള്ള യാത്ര നടത്തുന്നതിനെയാണ് തീർത്ഥാടനം എന്ന് വിവക്ഷിക്കുന്നത്. അപ്രകാരമുള്ള അപൂർവമായ തീർത്ഥാടനകേന്ദ്രമായ ശബരിമല ലോകത്തെ ആരാധനാലയങ്ങളിൽ വേറിട്ട ഒന്നാണെന്ന് പറയാൻ മടിക്കേണ്ട.
ക്ഷേത്രദർശനം എന്നതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നാണ് തീർത്ഥാടനം. മാലയിടലിൽ ആരംഭിച്ച് 41 ദിവസത്തെ കഠിന വ്രതാനുഷ്ഠാനങ്ങൾ പാലിച്ച് ശബരിമലയിൽ എത്തിച്ചേർന്ന് ഹരിഹരപുത്ര ദർശനം നടത്തി തിരികെയെത്തി മാലയൂരുന്നതോടെ ആ തീർത്ഥാടനകാലം അവസാനിക്കുന്നു. പ്രാർത്ഥനയും വ്രതവും ധ്യാനവും എല്ലാം ചേർത്ത് പഞ്ചശുദ്ധി - ശരീരശുദ്ധി, ആഹാരശുദ്ധി, മനശുദ്ധി, വാക് ശുദ്ധി, കർമ്മശുദ്ധി എന്നിവയിലൂടെ സംഭരിക്കുന്ന ഊർജമാണ് തീർത്ഥാടനത്തിന്റെ ശക്തി. അജ്ഞാനത്തിൽ നിന്നും ആപത്തിൽ നിന്നും മോചിതരായി പുണ്യലോകത്തെ പ്രാപിക്കുകയാണ് ഈ തീർത്ഥാടനത്തിലൂടെ.
ശബരിമലയ്ക്ക് പോകുന്ന അയ്യപ്പൻ വ്രതമനുഷ്ഠിക്കുന്നതോടെ കുടുംബത്തിലെ മുഴുവൻ ആളുകളും വ്രതത്തിന്റെ ഭാഗമായി മാറുന്നു. അങ്ങനെ ഒരു അയ്യപ്പന്റെ വ്രതനിഷ്ഠ ഒരു കുടുംബത്തിന്റെയും അതുവഴി ഒരു സമൂഹത്തിന്റെയും വ്രതമായി മാറുന്നു. ഇതാണ് ശബരിമല തീർത്ഥാടനത്തിന്റെ ഏറ്റവും മഹനീയമായ ഭാഗം.
കേരളത്തിന്റെ സമസ്തമേഖലകളെയും സ്പർശിക്കുന്ന ഒന്നാണ് ശബരിമല തീർത്ഥാടനം. ഗ്രാമങ്ങളും നഗരങ്ങളും ശരണംവിളികളാൽ മുഖരിതമാകുന്നു. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും മന്ത്രജപത്താലും ദീപാരാധനയാലും സജീവമാകുന്നു. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ഓരോ വഴികളും അയ്യപ്പന്മാരുടെ പാദസ്പർശത്തിന് കാത്തിരിക്കുന്നതുപോലെ തോന്നും. കച്ചവടസ്ഥാപനങ്ങളും വാഹനഗതാഗതവുമെല്ലാം സജീവമാകുന്നു. ചുരുക്കത്തിൽ ഗ്രാമനഗരഭേദമെന്യേ നമ്മുടെ നാട് പുതിയ തുടിപ്പോടെ ഉണർന്നെഴുന്നേൽക്കുന്നു. പ്രകൃതിയും ഇതിന് അനുകൂലമായി കാത്തുനിൽക്കുന്നതു പോലെ തോന്നും. നൂറ്റാണ്ടുകളായി ഇതാണ് നമ്മുടെ നാട്ടിൽ മണ്ഡല മകരവിളക്ക് കാലത്തെ പ്രത്യേകതയായി കാണാവുന്നത്.
ഈ വർഷത്തെ തീർത്ഥാടനത്തെ ഭക്തജനങ്ങൾ പ്രതീക്ഷയോടെയാണ് കാത്തുനിൽക്കുന്നത്. മനസിനും ചിന്തയ്ക്കും വേദന വരുത്തിയ അനുഭവങ്ങൾക്ക് അന്ത്യമായെന്ന തോന്നൽ ശബരിമലയിലേക്ക് കൂടുതൽ ഭക്തരെ എത്തിക്കാൻ സഹായിക്കും. പ്രശ്നരഹിതമായി ശാന്തമായി പ്രാർത്ഥനയിലൂടെ നടന്നുവന്നിരുന്ന പഴയകാല തീർത്ഥാടനത്തിന്റെ ഒരു തുടർച്ചയായി മാറാൻ ഈ വർഷം കഴിയുമെന്ന് പ്രതീക്ഷിക്കാം.
തീർത്ഥാടനത്തിന് മറ്റൊരു മുഖം കൂടിയുണ്ട്. അയ്യപ്പൻ കാനന വാസനാണ്. കാനനക്ഷേത്രമാണ് ശബരിമല. പക്ഷിമൃഗാദികളുടെയും വൃക്ഷലതാദികളുടെയും സാന്നിദ്ധ്യം ഈ ക്ഷേത്രത്തിൽ അനിവാര്യമാണ്. താളവും മേളവും ശ്രുതിയും സംഗീതവും എന്നതുപോലെ നദികളും മരങ്ങളും ജന്തുക്കളും അരുവികളും എല്ലാം ചേരുന്നതാണ് ശബരിമല ദർശനം. തന്നെ എന്നതുപോലെ തന്റെ സമീപത്തുള്ള വൃക്ഷങ്ങളെയും പരിപാലിക്കാൻ പഠിപ്പിക്കുന്ന തത്വമാണ് അയ്യപ്പതത്വം. കാട്ടിലെ മൃഗങ്ങളെയും വൃക്ഷങ്ങളെയും എല്ലാം പ്രകൃതിയുടെ മാത്രമല്ല, ആരാധനയുടേയും ഭാഗമാക്കി മാറ്റിയവരാണ് ഹിന്ദുക്കൾ. ഇവയ്ക്കൊക്കെ ദൈവിക പരിവേഷം നൽകാൻ നാം ഒട്ടും മടിച്ചിട്ടില്ല. പുലി,ആന,കാള, പശു, പാമ്പ്, കാക്ക എന്നിവയെ എല്ലാം നാം ദൈവത്തെപ്പോലെ കാണുന്നു. മനുഷ്യനെ സ്നേഹിക്കുന്നതുപോലെ പ്രകൃതിയെയും സ്നേഹിക്കണമെന്നും ആരാധിക്കണമെന്നും അയ്യപ്പതത്വം നമ്മെ പഠിപ്പിക്കുന്നു. വനം നശിപ്പിക്കുന്നത് മനുഷ്യരെ നശിപ്പിക്കുന്നതിന് തുല്യമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയിലേക്കുള്ള യാത്രാരീതിയും ആചാരങ്ങളും നിർണയിക്കപ്പെട്ടിരിക്കുന്നത്. ആചാരങ്ങൾക്ക് വില കൽപ്പിക്കുമ്പോഴും അയ്യപ്പന്റെ ഇഷ്ടപ്രദേശമായ കാനനത്തെ തകർക്കാതെയും മലിനമാക്കാതെയും ശ്രദ്ധിക്കേണ്ടത് ഓരോ ഭക്തന്റെയും കടമയാണ്. ഒരു സംസ്കാരത്തെ നശിപ്പിക്കാൻ അതിന്റെ പ്രധാനലക്ഷ്യങ്ങൾ വികൃതമാക്കിയാൽ മതിയെന്ന് അറിവുള്ളവർ പറഞ്ഞിട്ടുണ്ട്. പ്രകൃതിയെ മറന്ന് അവയെ ചൂഷണം ചെയ്ത് ജീവിക്കുന്നത് പുരോഗതിയല്ല, മറിച്ച് നാശത്തിന് ചൂട്ടുകത്തിക്കുകയാണ്.
ജാതിമതചിന്തകൾക്ക് അതീതമായ ഒരു സാംസ്കാരിക ധർമ്മമാണ് അയ്യപ്പധർമ്മം. ശ്രീനാരായണഗുരുദേവന്റെ വചനങ്ങളും പ്രവർത്തനങ്ങളും ആഹ്വാനങ്ങളും ഒരുപക്ഷേ അയ്യപ്പധർമ്മത്തിന്റെ മറ്റൊരുരൂപമായി കാണാവുന്നതാണ്. സമൂഹത്തെ പലതാക്കി മാറ്റി വിദ്വേഷത്തിന്റെ വിത്തുകൾ പാകുന്ന തത്വശാസ്ത്രങ്ങൾക്കല്ല, നാം വില കൽപ്പിക്കേണ്ടത്. ഒരുജാതി ഒരുമതം എന്ന് ഗുരുദേവൻ ആഹ്വാനം ചെയ്തപ്പോൾ 41 ദിവസം വ്രതം അനുഷ്ഠിച്ച എല്ലാവരും ആ ആഹ്വാനത്തിന്റെ ബാക്കിപത്രമായി മാറുന്നു. ജാതിചിന്തയോ മതവിദ്വേഷമോ ഈ വ്രതം അനുഷ്ഠിച്ചവർക്ക് ഉണ്ടാകില്ല.അവിടെ അയ്യപ്പൻ മാത്രമേയുള്ളൂ. കൂടെ മാളികപ്പുറവും. ചൂഷണരഹിതമായ ഒരു സമൂഹമെന്ന തത്വശാസ്ത്രവും അയ്യപ്പധർമ്മത്തിന്റെ തുടർച്ചയല്ലേ എന്ന് ചിന്തിക്കണം. പ്രകൃതിയും സമ്പത്തും എല്ലാം എല്ലാവർക്കും എന്ന തത്വശാസ്ത്രമല്ലേ സോഷ്യലിസമെന്നും മറ്റും നാം പറയുന്ന തത്വശാസ്ത്രത്തിന്റെ പൊരുൾ.
എല്ലാ വൈരുദ്ധ്യങ്ങളെയും വൈജാത്യങ്ങളെയും വൈഷമ്യങ്ങളെയും തരണം ചെയ്യാനുള്ള ഉത്തമമായ ഔഷധമാണ് അയ്യപ്പധർമ്മം. നല്ല പൗരനാകാൻ, മനുഷ്യസ്നേഹിയാകാൻ ഈ ധർമ്മം നൽകുന്ന സംഭാവന അതുല്യമാണ്. ഈ ലക്ഷ്യത്തിലേക്ക് അഹമഹമിഹയാ നടന്നെത്താൻ ഈ തീർത്ഥാടനകാലം സഹായിക്കട്ടെ . ഉള്ളിലെ ഇരുട്ടിനെ പുറത്താക്കി നന്മയുടെ വെളിച്ചം പകരാൻ ഈ തീർത്ഥാടനകാലത്തിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
( ലേഖകൻ പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റാണ്. )