fire

ന്യൂ‌ഡൽഹി: കോളേജിലേക്ക് ബെെക്ക് നൽകാത്തതിനാൽ പതിനേഴുകാരൻ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ വിദ്യാർത്ഥിയുടെ നില ഗുരുതരമായി തുടരുകയാണ്. പ്രാഥമിക ചികിത്സ നൽകിയിട്ടുണ്ടെന്നും 48 മണിക്കൂർ നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു. മുംബയിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കലംബോളിനടുത്തുള്ള കോളേജിൽ ഒന്നാംവർഷ വിദ്യാർത്ഥിയാണ് തീകൊളുത്തിയത്.

പൊലീസ് കോൺസ്റ്റബിളായ കുട്ടിയുടെ അച്ഛൻ കോളേജിലേക്ക് ബെെക്ക് കൊണ്ടുപോകാൻ അനുവദിക്കാത്തതിനാലാണ് മകൻ തീകൊളുത്തിയതെന്ന് മുംബയ് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച കോളേജിലേക്ക് ബെെക്ക് നൽകാത്തതിനെ തുടർന്ന് അച്ഛനും മകനും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. കോളേജിലേക്ക് ബെെക്ക് കൊണ്ടുപോകേണ്ടതില്ലെന്നും ലെെസൻസ് കയ്യിലില്ലെന്നും വിദ്യാർത്ഥിയുടെ അച്ഛൻ വാദിച്ചിരുന്നു. തുടർന്ന് വിദ്യാർത്ഥി ദേഷ്യത്തിൽ വീട് വിട്ടിറങ്ങിയതായും ഒഴിഞ്ഞ കുപ്പി കയ്യിൽ കൊണ്ടുപോയതായും പൊലീസ് പറഞ്ഞു.

തുടർന്ന് പുറത്ത് പാർക്ക് ചെയ്ത അച്ഛന്റെ ബെെക്കിൽ നിന്നും മകൻ പെട്രോൾ ഊറ്റി കുപ്പിയിലാക്കി. ശേഷം കോളേജിലെത്തി വാഷ്റൂമിൽ നിന്ന് പെട്രോളൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. വിദ്യാർത്ഥി ബാത്റൂമിന്റെ വാതിൽ അകത്ത് നിന്ന് പൂട്ടിയിരുന്നു. തീപ്പൊള്ളലേറ്റ ശേഷം നിലവിളിച്ച് പുറത്തേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നിലവിളി കേട്ട് അദ്ധ്യാപകരും തീ അണയ്ക്കാൻ ശ്രമിച്ചു. തുടർന്ന് ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. ബെെക്ക് ഓടിക്കാൻ അച്ഛൻ അനുവദിക്കാത്തതിനാലാണ് സ്വയം തീ കൊളിത്തിയതെന്ന് വിദ്യാർത്ഥി ഡോക്ടറോട് പറ‌‌ഞ്ഞു. സംഭവത്തിൽ ഇതുവരെ ആത്മഹത്യാ കുറിപ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ പൊലീസ് ആർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. വിദ്യാർത്ഥിയുടെ അച്ഛന്റെ മൊഴി രേഖപ്പെടുത്തും.