crocodile

സിഡ്‌നി: സൂത്രശാലിയായ മുതലയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട കഥ പറഞ്ഞ് ഓസ്‌ട്രേലിയൻ വൈൽഡ്ലൈഫ് റേഞ്ചറായ ക്രെയ്ഗ് ഡിക്ക്മാൻ. ഞായറാഴ്‌ച 'മുതല രാജ്യം' എന്നറിയപ്പെടുന്ന വടക്കൻ ഓസ്‌ട്രേലിയയിൽ വച്ചാണ് സംഭവം നടന്നത്. മീൻ പിടിക്കാനായി ഇവിടേക്ക് എത്തിയ ക്രെയ്ഗ് ഡിക്ക്മാൻ അതവസാനിപ്പിച്ച ശേഷം മടങ്ങവേയാണ് 2.8 മീറ്റർ നീളമുള്ള ഒരു ഭീമൻ മുതല അദ്ദേഹത്തിന്റെ തുടയിൽ പിടിത്തമിട്ടത്. തുടർന്ന് മുതലയുടെ പിടി വിടുവിക്കുവാൻ ക്രെയ്ഗ് ശ്രമിച്ചുവെങ്കിലും അതിനു കഴിഞ്ഞില്ല. മുതല ക്രെയ്ഗിനെ വെള്ളത്തിലേക്ക് വലിച്ചുകൊണ്ട് പോകുകയായിരുന്നു. ഒടുവിൽ തീരെ രക്ഷയില്ലെന്ന് കണ്ട ക്രെയ്ഗ് അറ്റകൈ തന്നെ പ്രയോഗിക്കാൻ തീരുമാനിച്ചു.

മുതലയുടെ കണ്ണിൽ വിരൽ കൊണ്ട് കുത്തിയ ക്രെയ്ഗ് അതിനെ വിടാൻ കൂട്ടാക്കിയില്ല. മാത്രവുമല്ല കണ്ണിനകത്തെ എല്ലിൽ വിരൽ തൊടുന്നത് വരെ ക്രെയ്ഗ് അത് ആഴത്തിൽ കുത്തിയിറക്കുകയും ചെയ്തു. ഒടുവിൽ വേദന കൊണ്ട് പുളഞ്ഞ മുതല ക്രെയ്ഗിന്റെ കാലിൽ നിന്നും പിടിവിടുകയായിരുന്നു. മുതല പിടി വിട്ടപ്പോഴേക്കും ക്രെയ്ഗ് ഡിക്ക്മാൻ അതിന്റെ വാ അടച്ച ശേഷം തലയിൽ കയറി ഇരിപ്പായി. പിന്നെ അവസരം കിട്ടിയപ്പോൾ താൻ അതിനെ തള്ളിമാറുകയും മുതല വെള്ളത്തിലേക്ക് പോകുകയും ചെയ്തുവെന്നാണ് ക്രെയ്ഗ് പറയുന്നത്.

ശേഷം ഈ മനുഷ്യൻ കാണിച്ച സാഹാസിക പ്രവർത്തി ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. മുതലയുമായുള്ള മൽപ്പിടിത്തത്തിൽ ക്രെയ്ഗിന്റെ കാലിൽ നിന്നും കൈയിൽ നിന്നും തൊലി ഉരിഞ്ഞ് പോയിരുന്നു. ഈ ചോര പുരണ്ട കാലും കൈയുമായി 45 മിനിറ്റുനേരം തന്റെ വാഹനം ഓടിച്ച് വീട്ടിലെത്തിയ ശേഷമാണ് ക്രെയ്ഗ് ഡിക്ക്മാൻ ചികിത്സ തേടിയത്. ഇതിനുശേഷം ഒരു മണിക്കൂർ നേരം കൂടി കാറിൽ സഞ്ചരിച്ച് ക്രെയ്ഗ് റോയൽ ഫ്ളയിങ് ഡോക്‌ടേഴ്‌സിന്റെ അടുത്തെത്തി. തുടർന്ന് അവർ വിമാനമാർഗം ഈ ധീരനെ കെയിർൺസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ക്രെയ്ഗിന്റെ ഇപ്പോഴത്തെ നില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. മുതല അങ്ങേയറ്റം സൂത്രശാലിയും ക്രൂരനുമായിരുന്നെന്നാണ് ക്രെയ്ഗ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.