ന്യൂഡൽഹി: ടെലികോം രംഗത്തെ പ്രതിസന്ധിയിൽ പ്രതികരണവുമായി ധനമന്ത്രി നിർമല സീതാരാമൻ. ഒരു കമ്പനിക്കും പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരില്ലെന്നും, അഭിവൃദ്ധി പ്രാപിക്കുമെന്നും ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി. അതേസമയം, ടെലികോം മേഖലയിലെ പിരിമുറുക്കത്തെക്കുറിച്ച് പഠിക്കാൻ രൂപീകരിച്ച സെക്രട്ടറിതല സമിതി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ജിയോ ഒഴികെയുള്ള മുൻനിര ടെലിഫോൺ കമ്പനികളെല്ലാം സെപ്തംബർ പാദത്തിൽ വൻ നഷ്ടമാണ് രേഖപ്പെടുത്തിയത്. നിയന്ത്രണങ്ങൾ കൊണ്ടുവന്നതിലെ പാളിച്ചകൾ, നയരൂപവത്കരണത്തിലെ പോരായ്മകൾ, കോർപറേറ്റ് ലോബിക്ക് അനുകൂലമായി നടപ്പാക്കിയ തീരുമാനങ്ങൾ, നീതിരഹിതമായ മത്സരരീതികള്‍ എന്നിവയൊക്കെയാണ് ഇന്ത്യന്‍ ടെലികോം മേഖലയ്ക്ക് ക്ഷീണം വരുത്തിവച്ചത്.
രാജ്യത്ത് കോടിക്കണക്കിന് രൂപ നിക്ഷേപിച്ച പത്ത് കമ്പനിക്കെങ്കിലും അടച്ചുപൂട്ടേണ്ടിവന്നു. ഇന്ത്യയില്‍ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചശേഷം പത്തുകമ്പനികള്‍ക്കെങ്കിലും പ്രവർത്തനം പൂർണമായി നിർത്തിപ്പോകേണ്ടിവന്നു. ജിയോയുടെ കടന്നുവരവും ഒരു പരിധിവരെ വോഡഫോൺ ഉൾപ്പെടെയുള്ള കമ്പനികളുടെ നട്ടെല്ലൊടിയാൻ കാരണമായിട്ടുണ്ട്. കോളുകൾക്കും മറ്റും അമിത തുക ഈടാക്കിയിരുന്ന ടെലികോം കമ്പനികൾക്ക് വില്ലനായിക്കൊണ്ടാണ്, ഫ്രീ കോളുകൾ അവതരിപ്പിച്ച് ജിയോ രംഗത്തെത്തിയത്. തുടർന്ന് മറ്റുള്ളവരും നിരക്ക് കുറയ്ക്കാൻ നിർബന്ധിതരായി.