sports-

കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ സീനിയർ വിഭാഗം ലോംഗ്ജംബ് മത്സരത്തിൽ സ്റ്റേറ്റ് റെക്കാഡോടെ ഒന്നാം സ്ഥാനം നേടിയ ജോസഫ്.ടി.ജെ,സ്പോർട്സ് അക്കാദമി,പനമ്പള്ളി നഗർ, എറണാകുളം.

ഫോട്ടോ: ശ്രീകുമാർ ആലപ്ര

കണ്ണൂർ: വിപ്ലവത്തിന്റെ വിളനിലമായ കണ്ണൂരിന്റെ മണ്ണിൽ കൗമാര കേരളം കുതിപ്പ് തുടങ്ങി. ദേശീയ റെക്കാഡിനും മേലെ ആൻസി സോജനെന്ന തൃശൂരുകാരി പെൺകുട്ടി പറന്നിറങ്ങിയ സംസ്ഥാന സ്കൂൾ കായിക മേളയുടെ ഒന്നാം ദിനം മാങ്ങാട്ടുപറമ്പിലെ യൂണിവേഴ്സിറ്റി സ്റ്റേഡിയം സാക്ഷിയായത് വീറുറ്ര പോരാട്ടങ്ങൾക്ക്.

അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കായികമേളയിലെ ആദ്യ ദിവസത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ 3 സ്വർണവും 6 വെള്ളിയും 2 വെങ്കലവുമുൾപ്പെടെ 35 പോയിന്റുമായി പാലക്കാടാണ് മുന്നിൽ. 5 സ്വർണവും 1 വെള്ളിയും 4 വെങ്കലവുമുൾപ്പെടെ 32 പോയിന്റുമായി എറണാകുളം തൊട്ടുപിന്നിലുണ്ട്. 3 വീതം സ്വർണവും വെള്ളിയും വെങ്കലവുമായി 27 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനത്ത്. 3 സ്വർണവും 1 വെള്ളിയുമായി 18 പോയിന്റോടെ തൃശൂർ നാലാം സ്ഥാനത്തും 2 വിതം സ്വർണവും വെള്ളിയും 1വെങ്കലവുമായി 17 പോയിന്റോടെ തിരുവനന്തപുരം അഞ്ചാം സ്ഥാനത്തുമുണ്ട്. കൊല്ലം ഒഴികെയുള്ള ജില്ലകളെല്ലാം ആദ്യ ദിനം മെഡൽ പട്ടികയിൽ ഇടം നേടിയതോടെ കിരീട പോരാട്ടം കടുക്കും.

സ്കൂളുകളിൽ രണ്ട് വീതം സ്വർണവും വെങ്കലവുമായി കോതമംഗലം മാർബേസിലാണ് മുന്നിലുള്ളത്. ഒരു സ്വർണവും രണ്ട് വെള്ളിയുമായി കോഴിക്കോട്ടെ എ.എം.എച്ച്.എസ് പൂവമ്പായി രണ്ടാം സ്ഥാനത്തും ഒരു സ്വർണവും രണ്ട് വെള്ളിയുമായി കല്ലടി എച്ച്.എസ്. കുമരം പുത്തൂർ മൂന്നാം സ്ഥാനത്തുമുണ്ട്.

മൂന്ന് റെക്കാഡുകളാണ് ഇന്നലെ പിറന്നത്. സീനിയർ പെൺകുട്ടികളുടെ ലോംഗ് ജമ്പിൽ 6.24 മീറ്റർ ദൂരം ചാടിയാണ് നാട്ടിക ഗവൺമെന്റ് ഫിഷറീസ് എച്ച്.എസ്.എസിലെ ആൻസി ദേശീയ റെക്കാഡ് മറികടക്കുന്ന പ്രകടനത്തോടെ പുതിയ മീറ്ര് റെക്കാഡ് സ്ഥാപിച്ചത്. ഈ ഇനത്തിൽ രണ്ടാം സ്ഥാനം നേടിയ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസിലെ പി.എസ്.പ്രഭാവതിയും 6.05 മീറ്റർ ക്ലിയർ ചെയ്ത് നിലവിലെ മീറ്ര് റെക്കാഡ് മറികടന്നു.

സീനിയർ ആൺകുട്ടികളുടെ ലോംഗ്ജമ്പിൽ 7.59 മീറ്രർ ചാടി എറണാകുളം പനമ്പിള്ളി നഗർ സ്‌പോർട്‌സ് അക്കാഡമിയിലെ ടി.ജെ. ജോസഫും സബ് ജൂനിയർ പെൺകുട്ടികളുടെ 400 മീറ്രറിൽ 59.55 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഉഷ സ്കൂളിലെ ശാരിക സുനിൽ കുമാറും പുതിയ മീറ്ര്‌ റെക്കാഡ് കുറിച്ചു.