srilanka

കൊളംബോ: ശ്രീലങ്കയിൽ ഇന്നലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് അറിയാം. മുൻ പ്രതിരോധ സെക്രട്ടറിയും മുൻ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയുടെ സഹോദരനും ശ്രീലങ്ക പൊതുജന പെരമുന പാർട്ടി നേതാവുമായ ഗോതാബയ രാജപക്ഷെയും ഭരണപക്ഷമായ യുണൈറ്റഡ് നാഷണൽ പാർട്ടി നേതാവ് സജിത് പ്രേമദാസയും തമ്മിലായിരുന്നു പ്രധാനമത്സരം. 35 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. മൂന്നടിയായിരുന്നു ബാലറ്റ് പേപ്പറിന്റെ നീളം.

നിലവിലെ രാഷ്ട്രീയ സാഹചര്യം ഗോതാബയയ്ക്ക് അനുകൂലമാണെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. 1993ൽ തമിഴ്പുലി ചാവേർ വധിച്ച മുൻ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ മകനാണ് സജിത് പ്രേമദാസ. ജനതാ വിമുക്തി പെരമുന പാർട്ടി നേതാവും എം.പിയുമായ അനുര കുമാര ദിസനായകേ, മുൻ പട്ടാള മേധാവിയും നാഷണൽ പീപ്പിൾസ് പാർട്ടി നേതാവുമായ മഹേഷ് സേനാനായകേ എന്നിവരാണ് മത്സരിച്ച മറ്റ് പ്രമുഖർ. പ്രസിഡന്റ് മൈത്രിപാല സിരിസേന ശക്തമായ പിന്തുണയാണ് ഗോതാബയയ്ക്ക് നൽകുന്നത്. പ്രധാനമന്ത്രി റനിൽ വിക്രമസിംഗ പ്രേമദാസയുടെ പക്ഷത്താണ്.

2006 ലെ ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിൽപ്രതിരോധ സെക്രട്ടറിയായിരുന്ന ഗോതാബയ തമിഴ് വംശജർക്ക് എതിരെ ക്രൂരമായ സൈനികാക്രമണങ്ങൾക്ക് നേതൃത്വം നൽകിയെന്ന ആരോപണമുണ്ട്. ഭൂരിപക്ഷ വിഭാഗമായ സിംഹളർ ഇദ്ദേഹത്തിനുകൂലമാണ്. ഭരണപക്ഷ പാർട്ടിയുടെ സ്ഥാനാർത്ഥിയാണെങ്കിലും റെനിൽ വിക്രമസിംഗയുടെ പ്രധാന വിമർശകനായാണ് പ്രേമദാസ അറിയപ്പെടുന്നത്.

ഈസ്റ്റർ ദിനത്തിലെ ഭീകരാക്രമണത്തിനു ശേഷം നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ സുരക്ഷ മെച്ചപ്പെടുത്താനുള്ള വാഗ്ദാനങ്ങളാണ് മിക്കസ്ഥാനാർത്ഥികളും മുന്നോട്ടുവച്ചത്.

ആവേശത്തോടെ തിരഞ്ഞെടുപ്പ്

ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് വോട്ടിംഗ് ആരംഭിച്ചത്. 22 മണ്ഡലങ്ങളിലായി 12,845 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയത്. 1.59 കോടി വോട്ടർമാരാണുള്ളത്.

തെരഞ്ഞെടുപ്പ് ഇങ്ങനെ

മുൻഗണനാ ക്രമത്തിൽ മൂന്ന് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാം. 50 ശതമാനത്തിലേറെ വോട്ട് കിട്ടുന്ന വ്യക്തി വിജയിക്കും.