ayodhya-

നീണ്ട നാളത്തെ അതിസങ്കീർണമായ നിയമ പോരാട്ടങ്ങൾക്കൊടുവിൽ രാമജന്മഭൂമി-ബാബ്റി മസ്ജിദ് കേസിൽ ചരിത്രപരമായി വിധി പ്രസ്താവിച്ചുകൊണ്ട് സുപ്രീം കോടതി ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു. അയോദ്ധ്യയിൽ രാമജന്മഭൂമി- ബാബ്റി മസ്ജിദ് തർക്കം നിലനിന്ന 2.77 ഏക്കർ സ്ഥലം കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിൽ ട്രസ്റ്റ് രൂപീകരിച്ച് രാമക്ഷേത്രം പണിയാനാണ് കോടതി ഉത്തരവ്. പള്ളി നിർമ്മിക്കാൻ അയോദ്ധ്യയിൽ അഞ്ച് ഏക്കർ സ്ഥലം നൽകണമെന്നും കോടതി ഉത്തരവിൽ പ്രത്യേകം പറയുന്നു. ഭൂമി മൂന്നായി വിഭജിക്കണമെന്ന അലഹബാദ് കോടതിയുടെ വിധി അസാധുവാക്കിയാണ് രാമക്ഷേത്രം പണിയാൻ ഉത്തരവിട്ടിരിക്കുന്നത്. കേസിലെ ഒരു കക്ഷിക്ക് അനുകൂലമായ വിധി എന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും വാദികളുടെ നിരവധി ആവശ്യങ്ങളോട് വളരെ അനുഭാവപൂർണമായ നിലപാടാണ് വിധിയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ബാബ്റി മസ്ജിദ് തകർത്തതിന്റെ നഷ്ടപരിഹാരം എന്ന നിലയിൽ അഞ്ചേക്കർ ഭൂമി പള്ളി നിർമ്മിക്കാൻ അനുവദിച്ചതും അതേപോലെ തന്നെ 1949-ൽ ബാബ്റി മസ്ജിദിൽ വിഗ്രഹം കൊണ്ടുവച്ചതും 1992- ൽ പള്ളി പൊളിച്ചതും നിയമവിരുദ്ധമാണെന്നുമാണ് കോടതി വിധി .

ഇത് മുസ്ലീം വിഭാഗങ്ങൾക്ക് വലിയ ആശ്വാസം പകരുന്നു. ഒപ്പംതന്നെ ഹിന്ദു വിഭാഗങ്ങൾ അതൊരു വലിയ പ്രഹരമായി സ്വീകരിച്ചതുമില്ല. ഇത്തരത്തിലുള്ള ഒരു വിധി പ്രഖ്യാപിക്കാൻ കോടതി വളരെ സങ്കീർണമായ ഒട്ടനവധി മേഖലകളിലൂടെ വളരെ ആഴത്തിൽ അപഗ്രഥനം നടത്തിയിട്ടുണ്ട്. ഭരണഘടനയും, ബഹുസ്വരതയും, ആചാരവും, വിശ്വാസവും, ചരിത്രവും ഈ വിധി ന്യായത്തെ സ്വാധീനിച്ചിട്ടുണ്ട്. അതേപോലെതന്നെ പുരാണങ്ങളും, ഇതിഹാസങ്ങളും, പുരാവസ്തുഘടനയും ഗവേഷണവിഷയമായിട്ടുണ്ട്. നൂറുകണക്കിന് സാക്ഷിമൊഴികളും രേഖകളും പഠനവിഷയമായിട്ടുണ്ട്. ചുരുക്കത്തിൽ വർഗീയ ശക്തികൾ മുതലെടുപ്പ് നടത്തി വലിയ കലാപങ്ങൾക്കും അട്ടിമറികൾക്കും സാദ്ധ്യതയുള്ള ഈ വിഷയം ശാശ്വതമായി പരിഹരിക്കാനാണ് സുപ്രീംകോടതി ഇത്ര വലിയ ആഴത്തിലുള്ള അപഗ്രഥനത്തിനുശേഷം ഈ വിധി പ്രഖ്യാപിച്ചത്. ഒരു കക്ഷിക്കും അമിതമായി ആഹ്ലാദിക്കാനും അമിതമായി ദു:ഖിക്കാനുമുള്ള അവസരം നൽകാതിരുന്നതാണ് ഈ വിധിയുടെ മറ്റൊരു പ്രത്യേകത. ഈ വിഷയത്തിൽ അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ അത് പരമോന്നത നീതിപീഠത്തിന്റെ കൈത്തെറ്റായി ചരിത്രം രേഖപ്പെടുത്തിയേനെ.
ഈ വിധി പ്രസ്താവനയ്‌ക്ക് ശേഷം ഇന്ത്യയിൽ വലിയ കലാപമുണ്ടാകുമെന്ന് വിദേശ മാദ്ധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വിധിയ്‌ക്ക് ശേഷം ഒരു ഇലപോലും അനങ്ങിയില്ല എന്നുള്ളത് രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും സുപ്രധാനമായിട്ടുള്ളതാണ്. അത് നമ്മുടെ ജനാധിപത്യത്തിന്റെയും നീതി വാഴ്ചയുടെയും ദേശസ്‌നേഹത്തിന്റെയും പ്രതിഫലനമാണ്. അങ്ങനെയൊരു സാഹചര്യം സൃഷ്ടിക്കാൻ പ്രധാനമായും മൂന്ന് സംഗതികളുണ്ട്. ഒന്ന്, വളരെ സൂക്ഷ്മതയോടെയുള്ള സുപ്രീം കോടതി വിധി. വേറൊന്ന് കേന്ദ്രസർക്കാരിന്റെ കൃത്യമായിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങൾ. രാജ്യമെമ്പാടും ജാഗ്രത പാലിച്ച് പൊലീസിനെ വിന്യസിപ്പിച്ച് കൃത്യമായ വാർത്താ റിപ്പോർട്ടിംഗ്, സോഷ്യൽ മീഡിയ ഇടപെടൽ തുടങ്ങി പ്രത്യേക മാനദണ്ഡങ്ങൾ ഓരോ വകുപ്പുകളും പുറപ്പെടുവിച്ചു. കേന്ദ്രം മാത്രമല്ല സംസ്ഥാനങ്ങളും അതീവ ജാഗ്രതയോടുകൂടി ഈ വൈകാരിക വിഷയത്തെ അതിജീവിക്കാനുള്ള മുൻകരുതലുകളെടുത്തു. പലപ്പോഴും ഇത്തരം വിഷയങ്ങൾ ആളിക്കത്തിക്കുന്നത് ഊഹാപോഹങ്ങളും വ്യാജപ്രചരണങ്ങളുമാണ്. അതിനൊന്നും മുതിരാൻ ഒരാൾക്കും കഴിയാത്ത വിധമുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് രാജ്യത്തെമ്പാടും നടന്നത് എന്നുള്ളത് നമ്മുടെ നിയമത്തിന്റെ ശക്തിക്കുള്ള സാക്ഷ്യപത്രമാണ്. അതോടൊപ്പം തന്നെ അത് നടത്താനുള്ള കേന്ദ്രസർക്കാരിന്റെ വിട്ടുവീഴ്‌ചയില്ലാത്ത സമീപനവും. ഇത് മോഡി-അമിത് ഷാ കൂട്ടുകെട്ടിന്റെ മറ്റൊരു വിജയമാണ്.
ഇതിനിടയിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ചില വസ്തുതകൾ കൂടി പരിശോധിക്കേണ്ടതായിട്ടുണ്ട്. അയോദ്ധ്യ തർക്കഭൂമിയെക്കുറിച്ചുള്ള വിധി വന്ന ദിവസം ഏതാണ്ട് എല്ലാ രാഷ്ട്രീയ പാർട്ടികളും വിധിയെ സ്വാഗതം ചെയ്തിരുന്നു. അതിൽ എടുത്തു പറയേണ്ടത് മുസ്ളിം ലീഗിന്റെ കാര്യമാണ്. മുസ്ളിം വിഭാഗങ്ങൾക്ക് കൂടുതൽ സ്വാധീനമുള്ള ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ആ വിഭാഗത്തിന്റെ ആത്മീയ- ഭൗതിക പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നു എന്നതുപേലെതന്നെ നമ്മുടെ മതേതരത്വത്തിൽ ഉറച്ച നിലപാടും ആ പാർട്ടി എന്നും വച്ചുപുലർത്തുന്നു. ഒരു തീവ്രമുസ്ലീം രാഷ്ട്രീയ മനോഭാവം ഒരിക്കലും വെച്ചുപുലർത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഒരു മതേതരത്വ മുഖം മുസ്ളിം ലീഗിനുണ്ട് എന്നുള്ളത് ആർക്കും നിഷേധിക്കാനാവില്ല. അതുകൊണ്ടാണ് അയോദ്ധ്യാ വിധിയെ മുസ്ളിം ലീഗ് സ്വാഗതം ചെയ്തത്. എന്നാൽ വിധി വന്ന് രണ്ട് ദിവസത്തിനുശേഷം ആ വിധിയെ നിരാശാജനകം എന്ന് പറയാനിടയാക്കി എന്നുള്ളത് ശ്രദ്ധേയമാണ്. അതിന് കാരണം പോപ്പുലർ ഫ്രണ്ട് , എസ്. ഡി. പി. ഐ. എന്നീ കക്ഷികളാണ്. ഇവർ രണ്ടാണെങ്കിലും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. തീവ്രമുസ്ലീം നിലപാടോടുകൂടിയുള്ള ഈ സംഘടനകളുടെ വിധിയോടുള്ള സമീപനം മറിച്ചായിരുന്നു. ഇപ്പോഴത്തെ വിധി അനീതിയാണെന്നും അതിശക്തമായ നിലപാടിനെ ഓർമ്മിപ്പിക്കുന്ന അടയാളമാണ് ഇതെന്നുമായിരുന്നു ഈ രണ്ട് സംഘടനകളുടെയും നിലപാട്. അവിടെയാണ് മുസ്ളിം സമുദായത്തിൽ തന്നെ ഒരു ധ്രുവീകരണം സംഭവിച്ചു തുടങ്ങിയത്. മുസ്ളിം ലീഗ് മതേതരത്വ നിലപാടിലൂന്നി മൃദു സമീപനം സ്വീകരിച്ചു. മുസ്ളിം ലീഗിനെ സംബന്ധിച്ചിടത്തോളം എസ്.ഡി.പി.ഐ. പോലുള്ള തീവ്രമുസ്ളിം മനോഭാവമുള്ള സംഘടനകളിലേക്ക് സ്വാഭാവികമായും ഭൂരിപക്ഷം വരുന്ന മുസ്ളിം യുവത്വം ചുവടുമാറുമോ എന്നും അത് തങ്ങളുടെ രാഷ്ട്രീയ നിലനിൽപ്പിന് വെല്ലുവിളി ഉയർത്തിയേക്കുമോ എന്നുമുള്ള സംശയത്തിൽ നിന്നാണ് ആദ്യം എല്ലാവരും വിധിയോട് സഹകരിക്കണമെന്ന് ആഹ്വാനം ചെയ്ത മുസ്ളിം ലീഗിന് വിധിയോടുള്ള സമീപനത്തിൽ മാറ്റം വരുത്തേണ്ടി വന്നിട്ടുള്ളത് എന്നതിൽ അല്പം ആശങ്കയും ഇല്ലാതില്ല. എന്തായാലും പരമോന്നത നീതിപീഠത്തിന്റെ ആ വിധി രാജ്യത്തെ മുഴുവൻ ജനങ്ങളും സ്വീകരിച്ചു എന്നുള്ളത് നമ്മുടെ ഒരു മഹാ വിജയമാണ്. നമ്മുടെ രാജ്യത്തെ മഹാ ഭൂരിപക്ഷം വരുന്ന സംഘടനകളും ഉത്തരവാദിത്വ ബോധത്തോടുകൂടി പ്രതികരിക്കുകയും ഓരോ പൗരനും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ജനാധിപത്യ വിശ്വാസി എന്ന നിലയിൽ ഭരണഘടനയോടും നിയമവാഴ്ചയോടുമുള്ള പ്രതിബദ്ധതയും പ്രകടിപ്പിക്കുന്നതായിരുന്നു ലോകം കണ്ടത്. അതാണ് യഥാർത്ഥ ജനാധിപത്യത്തിന്റെ ശക്തി.