ഒരാൾ ഒരു മലയുടെ മുകളിലേക്ക് കയറുന്നതും അതേ മലയുടെ മുകളിൽ നിന്ന് താഴേക്കിറങ്ങുന്നതും ഒരുപോലെയായിരിക്കില്ല. അയാളുടെ ശരീരത്തിന്റെയും ശ്വാസഗതിയുടെയും നിലയിലുണ്ടാകുന്ന വ്യത്യാസമാണ് അതിനൊരു പ്രധാനകാരണം. മറ്റൊന്ന് കയറ്റത്തിനും ഇറക്കത്തിനും വേണ്ടിവരുന്ന ശരീരചലനത്തിന്റെ ആകെ വേഗതയും വ്യത്യാസപ്പെട്ടിരിക്കും. അതുപോലെ തന്നെ ഒഴുക്കുള്ള വെള്ളത്തിൽ നീന്തുന്നതും ഒഴുക്കില്ലാത്ത വെള്ളത്തിൽ നീന്തുന്നതും ഒരേ നിലയിൽ ആയിരിക്കുകയുമില്ല. ഇവിടെയും ശരീരചലനത്തിൽ സംഭവിക്കുന്ന വ്യതിയാനം തന്നെ കാരണം.
പക്ഷേ ഇങ്ങനെയുള്ള വ്യതിയാനങ്ങളാണ് പലപ്പോഴും വിരുദ്ധ പരിതസ്ഥിതികളോടു സമരസപ്പെട്ടു പോകാൻ ശരീരത്തെ പ്രാപ്തമാക്കുന്നത്. മറിച്ച് ഇത്തരം വ്യതിയാനങ്ങളൊന്നും സ്വീകാര്യമല്ലെന്നു വന്നാൽ ശരീരത്തിനു വൈവിദ്ധ്യമാർന്ന പരിതസ്ഥിതിയോടു ഇണങ്ങിപ്പോകാൻ സാധിക്കില്ല. ഇതുപോലെ ചിന്തയുടെ കാര്യത്തിലുമുണ്ട് വ്യതിയാനങ്ങൾ. വിഷയത്തിന്റെയും സന്ദർഭത്തിന്റെയും സ്ഥിതിഗതികൾക്കനുസരിച്ച് വരുന്ന വ്യതിയാനമാണിത്. വിഷാദപരമായ വിഷയങ്ങളിൽ ചിന്തിക്കുന്നതുപോലെ ആഹ്ലാദകരമായ വിഷയങ്ങളിൽ ഒരാൾക്ക് ചിന്തിക്കാനാവില്ല. മനസിന്റെ വൈകാരിക ഘടനയിലും ഇടപെടലിലും സംഭവിക്കുന്ന വ്യത്യസ്ത നിലകളാണു അതിനു കാരണം. ഒരാൾ ഒരു പരീക്ഷയിൽ വിജയിക്കുമ്പോഴും മറ്റൊരു പരീക്ഷയിൽ പരാജയപ്പെടുമ്പോഴും അയാളുടെ മാനസികനിലകളിലുണ്ടാവുന്ന വ്യതിയാനങ്ങൾ നിരീക്ഷിച്ചാൽ അത് ഒരുപോലെയാവില്ലെന്ന് മനസിലാക്കാൻ അധികബുദ്ധിയൊന്നും വേണ്ട. പക്ഷേ ഒരു കാര്യത്തിൽ ശ്രദ്ധ വേണം. അതായത് ഏതു സാഹചര്യത്തോടും വേണ്ടുംവിധം ഇണങ്ങിച്ചേരാൻ ശരീരത്തിനു ആരോഗ്യം വേണ്ടതുപോലെ ഏതു വിഷയത്തിലും മനസ് ഇടപെടുമ്പോൾ അതിന്റെ വിജയകരമായ പരിസമാപ്തിക്കു മനസിനും വേണ്ടത്ര ആരോഗ്യം വേണം. ശരീരത്തിന്റെ ആരോഗ്യത്തിനു എല്ലാ അവയവങ്ങളുടെയും സമ്യക്കായ കൂടിച്ചേരൽ അഭിലഷണീയമാണെങ്കിൽ മാനസികാരോഗ്യത്തിന്റെ പരിരക്ഷക്ക് വേണ്ടത് ചിത്തപ്രസാദമാണ്. ബോധത്തിന്റെ തെളിമയിൽ നിന്നും ബുദ്ധിയുടെ സ്ഥിരതയിൽ നിന്നും ചിന്തയുടെ നേരൊഴുക്കിൽ നിന്നുമാണ് ചിത്തപ്രസാദം പ്രാപ്തമാകുന്നത്.
പലപ്പോഴും ചിന്തയുടെ നേർഗതിയില്ലായ്മയാണ് മനുഷ്യനെ വലയ്ക്കുന്നത്. ചിന്തയ്ക്ക് എപ്പോഴും ഒരു ലക്ഷ്യസ്ഥാനവും ഒരു നായകസ്ഥാനവും ഉണ്ടാവണം. വികാരങ്ങളാണു ചിന്തയെ നയിക്കുന്നതെങ്കിൽ വിവേകവും, ആവേശമാണ് നയിക്കുന്നതെങ്കിൽ ബുദ്ധിയും ചുരുങ്ങിപ്പോകാനിടയുണ്ട്. അതുകൊണ്ട് ചിന്തയുടെ നായകസ്ഥാനം എപ്പോഴും വിവേകത്തിനാവണം. വിവേകം വികാരത്തിനോ ആവേശത്തിനോ വശംവദമായാൽ മനസ് ഭ്രമത്താൽ മൂടപ്പെട്ടുപോകും. വിവേകമതികളെന്നു ധരിക്കുന്നവർ പോലും പലപ്പോഴും ആവേശത്തിനും വികാരത്തിനും വളരെ വേഗം സ്വാധീനപ്പെട്ടു പോകുന്നുണ്ട്. ഒരുദാഹരണം പറയാം.
വിദേശത്ത് ജോലിചെയ്യുന്ന അഭ്യസ്തവിദ്യനായ യുവാവ് തന്റെ പിതാവിന്റെ പെട്ടെന്നുള്ള മരണവാർത്തയറിഞ്ഞ് വളരെ ദുഃഖിതനായി. താൻ ഉടനെ തിരിക്കുകയാണെന്നും താൻ എത്തിയിട്ടേ മൃതദേഹം സംസ്കരിക്കാനുള്ള ഏർപ്പാടുകളിലേക്ക് കടക്കാവൂ എന്നും അയാൾ ബന്ധുക്കളെ അറിയിച്ചു. അയാൾ ഉടൻതന്നെ നാട്ടിലേക്കു പുറപ്പെട്ടു. വളരെ ക്ലേശിച്ച് എയർപ്പോർട്ടിലെത്തിയപ്പോഴാണ് പാസ്പോർട്ട് കൈയിലില്ല എന്നറിയുന്നത്. ഉടൻ താമസസ്ഥലത്തക്ക് മടങ്ങി പാസ്പോർട്ടുമായി എയർപ്പോർട്ടിലെത്തി. പക്ഷേ അപ്പോഴേക്കും നേരിട്ടുള്ള വിമാനം പുറപ്പെടാറായിരുന്നു. പിന്നീട് അയാൾക്കു അടുത്തദിവസം ഇടയ്ക്ക് മാറിക്കയറി പോകേണ്ട മറ്റൊരു വിമാനടിക്കറ്റാണ് കിട്ടിയത്. ആ മാനസിക സമ്മർദ്ദത്തിനിടയിൽ മാറിക്കയറേണ്ട വിമാനത്തിന്റെ ബോർഡിംഗ് പാസ് എവിടെയോ വെച്ച് നഷ്ടപ്പെടുകയും ചെയ്തു. അതോടെ അയാൾ യാത്ര തുടരാനാവാതെ വിമാനത്താവളത്തിൽ കുടുങ്ങിപ്പോയി. നാട്ടിലെത്താനോ പിതാവിന്റെ ശവസംസ്കാരം നടത്താനോ കഴിയാതെ വന്നപ്പോൾ അയാൾ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. ഇത് വിവേകമില്ലാത്തതും വികാരതീവ്രവുമായ മാനസികനിലയുടെ ഫലമായുണ്ടായതാണ്. പിന്നീടാകട്ടെ അയാൾ ശാന്തനായി വീട്ടിലെത്തി.
പൊട്ടിക്കരയലിനു ഇങ്ങനെയൊരു ഗുണമുണ്ട്. നമ്മുടെ മനസിൽ അടക്കിവെച്ചിരിക്കുന്ന വികാരത്തെ അതല്ലെങ്കിൽ ആവേശത്തെ ഇളക്കിക്കളയാൻ അതിനു കഴിയും. മറ്റൊരു തരത്തിൽ പറഞ്ഞാൽ പൊട്ടിക്കരച്ചിൽ കണ്ണിനും മനസിനും കിട്ടുന്ന ഒരു സ്നാനമാണ്. അത് പുതിയൊരു കാഴ്ചയെ അല്ലെങ്കിൽ പുതിയൊരു മാനസികനിലയെ നമുക്ക് ഒരുക്കിത്തരും. അപ്പോൾ പൊട്ടിക്കരയലിനു മുൻപുണ്ടായിരുന്ന മാനസികപിരിമുറുക്കത്തിൽ നിന്നു വിമുക്തിയുണ്ടാവുകയും എന്തിനെയും നേരിടാനുള്ള പ്രതിരോധശേഷി പുതുതായി മനസിനുണ്ടാവുകയും ചെയ്യും. ഈയൊരു മനശാസ്ത്ര വീക്ഷണമുള്ള വിഖ്യാത എഴുത്തുകാരനായിരുന്നു അലക്സ്റ്റാൻ. അതുകൊണ്ടാണ് അദ്ദേഹം ലോകത്തോട് ഇങ്ങനെ വിളിച്ചു പറഞ്ഞത്. Perhaps our eyes need to be washed by our tears once in a while, so that we can see Life with a clearer view again. (ഇടയ്ക്കൊക്കെ നമ്മുടെ കണ്ണുകളെ കണ്ണീരിനാൽ കഴുകേണ്ടതാണ്. എന്തുകൊണ്ടെന്നാൽ അത് നമ്മെ ജീവിതത്തെ വീണ്ടും വ്യക്തമായി കാണാൻ സഹായിക്കും.)
അതുകൊണ്ട് ചിന്തയെ വികാരാവേശങ്ങളുടെ ചുഴിയിൽ വീഴാൻ അനുവദിക്കാതെ വിവേകത്തിന്റെ ചരടിൽ ബന്ധിപ്പിച്ച് നയിക്കണം. മലയിറങ്ങുമ്പോഴും ഒഴുക്കുള്ള വെള്ളത്തിൽ നീന്തുമ്പോഴും നാം നമ്മുടെ ശരീരത്തെ അതിന് അനുസൃതമാക്കി ബോധവും ബുദ്ധിയും കൊണ്ടു നയിക്കുന്നതുപോലെ. അങ്ങനെയായാൽ ലക്ഷ്യം അന്യമാവുകയില്ല. വ്യക്തതയില്ലായ്മയാണു നമ്മെ പലപ്പോഴും ബദ്ധനാക്കുന്നത്. വ്യക്തതയില്ലായ്മ വളർന്നു വരുന്നത് സത്യത്തെ കാണാതിരിക്കുമ്പോഴും വിവേകം തെളിയാതിരിക്കുമ്പോഴും ബുദ്ധി ഭ്രമിക്കുമ്പോഴുമാണ്. ഈ അവസ്ഥയ്ക്കാണു ഗുരുദേവതൃപ്പാദങ്ങൾ കെടുമതി എന്നു പറഞ്ഞിരിക്കുന്നത്. മതി എന്നാൽ ബുദ്ധി എന്നാണ്. ബുദ്ധി കെട്ടിരിക്കുന്ന നിലയാണ് കെടുമതി. അതായത് ഇല്ലാത്തതെല്ലാം ഉള്ളതുപോലെ തോന്നിച്ചു വ്യവഹരിക്കുന്ന അവസ്ഥ.
കെടുമതി കാണുകയില്ല, കേവലത്തിൽ
പെടുവതിനാലനിശം ഭ്രമിച്ചിടുന്നു.
അതിനാൽ വ്യക്തത പുലർത്തുന്ന മാനസികനിലയും മാനസികാരോഗ്യവും കൈവിടാതിരിക്കുന്നവന് ഏതു പരിതസ്ഥിതിയിലും ജീവിതത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾക്കനുസൃതമായി ചിന്തയെ വിവേകപൂർവം നയിക്കാനാവും. അവനാണ് ബുദ്ധിസ്ഥിരൻ.