മുംബയ്: മഹാരാഷ്‌ട്രയിൽ രാഷ്‌ട്രപതി ഭരണം മറയാക്കി ബി. ജെ. പി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നു എന്ന ആരോപണത്തിനിടെ, എൻ.സി.പി - കോൺഗ്രസ് - ശിവസേനാ കക്ഷികൾ ഇന്നലെ ഗവർണറെ കാണാനുള്ള നീക്കം ഉപേക്ഷിച്ചു. ഇതോടെ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
നാളെ ( തിങ്കൾ ) കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും എൻ.സി.പി നേതാവ് ശരദ് പവാറും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി മുന്നണി രൂപീകരണം സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ട ശേഷം ഗവർണറെ കാണുമെന്നാണ് സൂചന.
കാർഷിക പ്രതിസന്ധിയിൽ ഇടപെടൽ ആവശ്യപ്പെട്ട് ഇന്നലെ നാലുമണിക്ക് ഗവർണറെ കാണുമെന്നാണ് നേതാക്കൾ അറിയിച്ചിരുന്നത്. കൂടിക്കാഴ്‌ച റദ്ദാക്കിയെന്ന അറിയിപ്പ് മൂന്നരയോടെ വന്നു. ഗവർണർ സമയം നൽകിയില്ലെന്നും അതല്ല, കോൺഗ്രസ് ആവശ്യപ്പെട്ടതുപ്രകാരം റദ്ദാക്കിയതാണെന്നും വാർത്തകൾ വന്നു. സർക്കാർ രൂപീകരണം, പൊതുമിനിമം പരിപാടി തുടങ്ങിയ വിഷയങ്ങൾ സോണിയയും ശരദ് പവാറും ചർച്ച ചെയ്‌ത ശേഷം ഗവർണറെ കണ്ടാൽ മതിയെന്ന് കോൺഗ്രസ് നിർദ്ദേശിച്ചെന്നാണ് സൂചന.
അതേസമയം, ബി. ജെ. പി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നു എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് - എൻ. സി. പി - ശിവസേന സഖ്യം അതീവ ജാഗ്രതയിലാണ്.
ബി. ജെ. പിക്കെതിരെ ശിവസേന
രാഷ്ട്രപതി ഭരണത്തിന്റെ മറവിൽ കുതിരക്കച്ചവടം നടത്തി അധികാരത്തിൽ തിരിച്ചു വരാനാണ് ബി. ജെ. പി ശ്രമിക്കുന്നതെന്നും സർക്കാരുണ്ടാക്കുമെന്ന് ബി. ജെ. പി പറയുന്നതിന് പിന്നിൽ കുതിരക്കച്ചവടത്തിലൂടെ ഭൂരിപക്ഷം തട്ടിക്കൂട്ടാമെന്ന കണക്കുകൂട്ടലാണെന്നും ശിവസേന വിമർശിച്ചു.
ബി.ജെ.പിക്ക് സ്വതന്ത്രർ ഉൾപ്പെടെ 119 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നും ഉടനെ സർക്കാർ രൂപീകരിക്കുമെന്നും മഹാരാഷ്ട്ര ബി. ജെ. പി അദ്ധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയാണു സേനയുടെ വിമർശനം.
105 സീറ്റാണ് അവർക്കു ലഭിച്ചത്. ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചപ്പോൾ ഭൂരിപക്ഷം ഇല്ലെന്ന് ബി.ജെ.പി പറഞ്ഞിരുന്നു. രാഷ്ട്രപതി ഭരണത്തിൽ എങ്ങനെയാണ് ഭൂരിപക്ഷം ഉണ്ടായതെന്നും പാർട്ടി മുഖപത്രമായ സാമനയിലെ എഡിറ്റോറിയലിൽ ചോദിക്കുന്നു.
ഗഡ്കരിക്കും വിമർശനം
സംസ്ഥാന രാഷ്ട്രീയത്തെ ക്രിക്കറ്റ് കളിയോട് ഉപമിച്ച കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും മുഖപ്രസംഗത്തിൽ പരിഹസിച്ചു. ക്രിക്കറ്റിലും രാഷ്രീയത്തിലും എന്തും സംഭവിക്കാമെന്നാണ് ഗഡ്കരി പറഞ്ഞത്. അതിന് മറുപടിയായി, ക്രിക്കറ്റിൽ കളിയെക്കാൾ കച്ചവടമാണെന്നും ക്രിക്കറ്റിലെ പോലെ മാച്ച്ഫിക്സിംഗാണ് മഹാരാഷ്ട്രയിൽ ഗഡ്കരിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്നും സാമ്‌ന പറഞ്ഞു. ബി.ജെ.പി തന്നെ മഹാരാഷ്ട്ര ഭരിക്കുമെന്നും സഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്നുമാണ് അമിത് ഷാ വെല്ലുവിളിച്ചത്. രാഷ്ട്രപതി ഭരണം കുതിരക്കച്ചവടത്തിനുള്ള മറയാണോയെന്ന് വ്യക്തമാക്കണം – ശിവസേന ആവശ്യപ്പട്ടു.