ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ കോടീശ്വരനെന്ന പട്ടം മൈക്രോസോഫ്‌റ്ര് സ്ഥാപകൻ ബിൽ ഗേറ്ര്‌സ് തിരിച്ചുപിടിച്ചു. ആമസോൺ സ്ഥാപകനും സി.ഇ.ഒയുമായ ജെഫ് ബെസോസിനെ പിന്നിലാക്കി കഴിഞ്ഞമാസം ബിൽ ഗേറ്ര്‌സ് ഒന്നാംനമ്പർ കോടീശ്വരപട്ടം, രണ്ടുവർഷത്തിനിടെ ആദ്യമായി ചൂടിയിരുന്നെങ്കിലും അതിന് ആയുസ് അല്പം മാത്രമായിരുന്നു. ആമസോണിന്റെ ഓഹരിമൂല്യം വർദ്ധിച്ചതോടെ ബെസോസ് വീണ്ടും ഒന്നാമനായി.
എന്നാൽ, കഴിഞ്ഞമാസം പെന്റഗണിൽ നിന്ന് ക്ളൗഡ് കമ്പ്യൂട്ടിംഗ് കരാർ ലഭിച്ചതോടെ മൈക്രോസോഫ്‌റ്രിന്റെ ഓഹരിമൂല്യം കുതിച്ചുയർന്നത് ഗേറ്ര്‌സിന് കരുത്തായി. നിലവിൽ 11,000 കോടി ഡോളർ ആസ്‌തിയുമായാണ് ബിൽ ഗേറ്ര്‌സ് ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചത്. 10,870 കോടി ഡോളറാണ് ബെസോസിന്റെ ആസ്‌തി. 10,270 കോടി ഡോളറുമായി ഫ്രഞ്ച് ശതകോടീശ്വരൻ ബെർണാർഡ് അർണോൾട്ട് ആണ് മൂന്നാമത്.