വായ്പ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ
പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷനിൽ നിന്ന് വായ്പയെടുത്ത് കുടിശ്ശിക വരുത്തി റവന്യൂ റിക്കവറി നടപടി നേരിടുന്നവർക്ക് ഒറ്റത്തവണ തീർപ്പാക്കലിന് അവസരം. നാലു ശതമാനം റവന്യൂ റിക്കവറി ചാർജ്ജ് ഇനത്തിൽ ഇളവ് ലഭിക്കും. കൂടാതെ രണ്ടു ശതമാനം പിഴപ്പലിശ ഇളവ് കോർപ്പറേഷനും നൽകും. നോട്ടീസ് ചാർജും ഈടാക്കില്ല. 2020 മാർച്ച് 31 വരെ ഈ ആനുകൂല്യം ഗുണഭോക്താക്കൾക്ക് ലഭിക്കുന്നതിന് ജില്ലാ/ സബ് ജില്ലാ ഓഫീസുകളിൽ പ്രത്യേകം സൗകര്യം ഏർപ്പെടുത്തി.
യൂണിവേഴ്‌സിറ്റി ആൻഡ് ഫുഡ്‌സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണൽ 29ന്
യൂണിവേഴ്‌സിറ്റി ആൻഡ് ഫുഡ്‌സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഔദ്യോഗിക ക്യാമ്പ് 29ന് തൃശ്ശൂർ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിൽ നടക്കും. ഈ ദിവസങ്ങളിലേക്ക് തീരുമാനിച്ചിരിക്കുന്ന കേസുകളുടെ വാദം കേൾക്കുന്നതോടൊപ്പം കാസർകോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശ്ശൂർ, ഇടുക്കി, എറണാകുളം ജില്ലകളിലെ ഫുഡ്‌സേഫ്റ്റി ആക്ട് 2006ന്റെ പരിധിയിൽ വരുന്ന കേസുകളും യൂണിവേഴ്‌സിറ്റി കേസുകളും അപ്പീൽ ചട്ടങ്ങൾക്കനുസൃതമായി ഫയലിൽ സ്വീകരിക്കും.