ശബരിമല: ആന്ധയിൽ നിന്നുള്ള പതിനഞ്ചംഗ സംഘത്തിനൊപ്പം മല കയറാനെത്തിയ രണ്ട് യുവതികളെ പൊലീസ് പമ്പയിൽ തടഞ്ഞു. കാക്കിനഡ സ്വദേശികളായ സതി അനസൂയ (38), മന്ദാര (48) എന്നിവരാണ് ദർശനത്തിനെത്തിയത്. സംശയംതോന്നി പമ്പ ഗാർഡ് റൂമിന് സമീപം ഇവരെ തടഞ്ഞ് രേഖകൾ പരിശാധിക്കുകയായിരുന്നു.
50 വയസിൽ താഴെയുള്ളവർക്ക് സന്നിധാനത്തേക്ക് പോകാനാവില്ലെന്ന് പൊലീസ് അറിയിച്ചതോടെ യുവതികൾ പമ്പയിൽ തങ്ങി. വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷമാണ് സംഘം പമ്പയിലെത്തിയത്. ഇന്നലെ യുവതികളെത്തിയപ്പോൾ പമ്പയിൽ പ്രതിഷേധമുണ്ടായില്ല. കഴിഞ്ഞ തീർത്ഥാടനകാലത്തെപ്പോലെ വലിയ പൊലീസ് സന്നാഹം ഇത്തവണയും പമ്പയിലുണ്ട്. എന്നാൽ ഉയർന്ന ഉദ്യോഗസ്ഥരില്ല.
നട തുറന്ന ഇന്നലെ മുതൽ നിലയ്ക്കലിൽ വാഹന പരിശോധന തുടങ്ങി. യുവതികൾ എത്തിയാൽ സന്നിധാനത്തേക്ക് പോകാനാവില്ലെന്ന് പറഞ്ഞ് തിരിച്ചയയ്ക്കാൻ വനിതാ പൊലീസുൾപ്പെടെയുണ്ട്. നിലയ്ക്കലിലെത്തുന്ന ബസുകളിൽ അൻപതിൽ താഴെയുള്ള സ്ത്രീകളുണ്ടോയെന്ന് വനിതാ പൊലീസ് പരിശോധിക്കും. സ്വകാര്യ വാഹനങ്ങളിലെത്തുന്നവരുടെ വിവരങ്ങൾ ചോദിച്ചറിയും.