fathima-

ചെന്നൈ : ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ കേന്ദ്രം ഇടപെടുന്നു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാൽ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ആർ.സുബ്രഹ്മണ്യത്തോട് ആവശ്യപ്പെട്ടു. ഇതിനായി ആർ.സുബ്രഹ്മണ്യം നാളെ ചെന്നൈയിൽ എത്തും.

കേന്ദ്രമന്ത്രി വി.മുരളീധരൻ മാനവ വിഭവ ശേഷി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും വി. മുരളീധരൻ പറഞ്ഞു. അന്വേഷണ സംഘം കൊല്ലത്തെത്തി ഫാത്തിമയുടെ സഹോദരിയുടെ മൊഴിയെടുക്കും. ഫാത്തിമയുടെ ലാപ് ടോപ്പും ഐപാഡും പരിശോധനയ്ക്കായി ഏറ്റെടുക്കും.

ആരോപണവിധേയരായ മദ്രാസ് ഐ.ഐ.ടി അദ്ധ്യാപകർ കാമ്പസ് വിട്ടുപോകരുതെന്ന് പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. ഹ്യുമാനിറ്റീസ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് അദ്ധ്യാപകര്‍ക്കാണ് നിർദ്ദേശം. ഫാത്തിമയുടെ അച്ഛൻ ലത്തീഫിൽ നിന്ന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം മൊഴിയെടുത്തു.

മരണവിവരമറിഞ്ഞു ഐ.ഐ.ടിയിലെ ഫാത്തിമയുടെ ഹോസ്റ്റലിൽ എത്തിയ, സഹോദരിയുടെ മൊഴിയും രേഖപെടുത്തും. ഫാത്തിമയുടെ ലാപ്ടോപ്, ഐപാ‍ഡ് എന്നിവ അടുത്ത ദിവസം കുടുംബം പൊലീസിനു കൈമാറും

അതിനിടെ ഫാത്തിമയുടെ മരണം പാർലമെന്റിൽ ഉന്നയിക്കാൻ ഡി.എം.കെയും സി.പിഎമ്മും തീരുമാനിച്ചു. തിങ്കളാഴ്ച ചേരുന്ന സമ്മേളനത്തിൽ കനിമൊഴി എം.പി വിഷയം ഉന്നയിക്കുമെന്ന് എം.കെ സ്റ്റാലിൻ അടക്കമുള്ളവർ ഫാത്തിമയുടെ കുടുംബത്തെ അറിച്ചു. തമിഴ്നാട്ടിൽനിന്നുള്ള സി.പി.എം എം.പിമാരും വിഷയം ദേശീയ തലത്തിലെത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്.