salary

ന്യൂഡൽഹി: വിവിധ മേഖലകളിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും രാജ്യത്താകെ ഒറ്റ ദിവസം ശമ്പളം നൽകാൻ വ്യവസ്ഥ ചെയ്യുന്ന നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗംഗ്‌വാർ ആണ് ഇക്കാര്യം അറിയിച്ചത്.

തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താൻ രാജ്യമൊട്ടാകെയുള്ള എല്ലാ തൊഴിൽ മേഖലകളിലും എല്ലാ മാസവും ഒരു നിശ്ചിത ശമ്പള ദിവസം നടപ്പാക്കുകയാണ് ലക്ഷ്യം. ഈ നിയമം എത്രയും വേഗം നടപ്പാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ദേശിക്കുന്നത്. മാത്രമല്ല രാജ്യത്തെ തൊഴിലാളികൾക്ക് ഏകീകൃത മിനിമം കൂലി ഉറപ്പാക്കാനും സർക്കാർ ആലോചിക്കുന്നതായി കേന്ദ്രമന്ത്രി പറഞ്ഞു.

സെൻട്രൽ അസോസിയേഷൻ ഒഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ട്രി സംഘടിപ്പിച്ച 'സെക്യൂരിറ്റി ലീഡർഷിപ്പ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
തൊഴിൽരംഗത്തെ സുരക്ഷിതത്വവും തൊഴിലാളികളുടെ ആരോഗ്യവും തൊഴിൽ സാഹചര്യങ്ങളും സംരക്ഷിക്കുന്ന ഒക്കുപ്പേഷണൽ സേഫ്റ്റി, ഹെൽത്ത് ആൻഡ് വർക്കിംഗ് കണ്ടീഷൻസ് കോഡും (ഒ.എസ്.എച്ച്) മിനിമം കൂലി ഉറപ്പാക്കുന്ന വേജ് കോഡും നടപ്പാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.

വേജ് കോഡ് അഥവാ കോഡ് ഓൺ വേജസ് പാർലമെന്റ് പാസാക്കിക്കഴിഞ്ഞു. അത് നടപ്പാക്കാനുള്ള ചട്ടങ്ങൾക്ക് രൂപം നൽകി വരികയാണ്. പതിമ്മൂന്ന് കേന്ദ്ര തൊഴിൽ നിയമങ്ങൾ ഏകീകരിച്ച് ഒറ്റ നിയമമാക്കുന്നതാണ് ഒ.എസ്.എച്ച് കോഡ്. തൊഴിൽ ദാതാവ് നിയമന ഉത്തരവ് നൽകുക, എല്ലാ തൊഴിലാളികൾക്കും സൗജന്യ വാർഷിക മെഡിക്കൽ ചെക്കപ്പ് തുടങ്ങിയ വ്യവസ്ഥകൾ ഇതിൽ നിർബന്ധമാക്കിയിട്ടുണ്ട്. അതുപോലെ ശമ്പളം, ബോണസ് തുടങ്ങിയവ സംബന്ധിച്ച നാല് നിയമങ്ങളിലെ വ്യവസ്ഥകൾ ഏകീകരിച്ചതാണ് വേജ് കോഡ്. സങ്കീർണമായ 44 തൊഴിൽ നിയമങ്ങൾ ഈ സർക്കാർ പരിഷ്‌കരിക്കുകയാണ്. അസംഘടിത മേഖലയിലെ എല്ലാ തൊഴിലാളികൾക്കും പ്രതിമാസം 3,000 രൂപ പെൻഷൻ ലഭ്യമാക്കാനുള്ള പദ്ധതിയും പരിഗണനയിലുണ്ടെന്നും മന്ത്രി ഗാംഗ്‌വാർ പറഞ്ഞു.