പനാജി: പരിശീലന പറക്കലിനിടെ ഇന്ത്യൻ നാവികസേനയുടെ മിഗ് 29 കെ യുദ്ധവിമാനം ഗോവയിലെ ഡബോലിൻ ഗ്രാമത്തിന് സമീപം എൻജിൻ തകരാറ് മൂലം തകർന്നുവീണു. ഇന്ന് രാവിലെയായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന രണ്ടു ട്രെയിനി പൈലറ്റുമാർ രക്ഷപ്പെട്ടതായി വ്യോമസേന അറിയിച്ചു. ഡബോലിമിലെ ഐ.എൻ.എസ് ഹൻസയിൽ നിന്ന് പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മിഗ് 29 യുദ്ധവിമാനത്തിന്റെ പരിശീലന പതിപ്പാണ് മിഗ് 29 കെ. എൻജിൻ തകരാറിലായതിന്റെ കാരണം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പക്ഷികൾ വിമാനത്തിൽ ഇടിച്ചതാകാം അപകടകാരണമെന്ന് റിപ്പോർട്ടുകളുണ്ട്. തകർന്നുവീണ വിമാനത്തിൽ നിന്ന് പുക വന്നിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞിരുന്നു.