തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി വിശാലബെഞ്ചിന് പിന്നാലെ നവോത്ഥാന സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ സർക്കാർ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു. സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന് എതിരാണ് ഇപ്പോഴത്തെ നിലപാട്. ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാരിന്റെ നയവ്യതിയാനം നവോത്ഥാന മുന്നേറ്റങ്ങൾക്ക് തിരിച്ചടിയാണെന്നും പുന്നല ശ്രീകുമാർ പറഞ്ഞു. ഇതിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കറ്റ് ജയശങ്കർ രംഗത്തെത്തി.
പുന്നല ശ്രീകുമാർ ദേവസ്വം മന്ത്രി രാജാവിനേക്കാൾ രാജഭക്തി കാണിക്കുന്നു എന്നൊരു കുത്തുവാക്കും പറഞ്ഞു. ഇതൊന്നും കേട്ടാൽ പ്രകോപിതനാകുന്നയാളല്ല, സഖാവ് കടകംപള്ളി സുരേന്ദ്രൻ. അദ്ദേഹം ദേവസ്വം മന്ത്രി മാത്രമല്ല സഹകരണ മന്ത്രി കൂടിയാണ്. തന്ത്രിയോടും മേൽശാന്തിയോടും സഹകരിച്ചു പ്രവർത്തിക്കാൻ താല്പര്യമുള്ള ആളാണ്. ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ശബരിമല ക്ഷേത്രത്തിൽ യുവതികളെ നിർബാധം പ്രവേശിപ്പിക്കണം, സുപ്രീംകോടതി വിധി അപ്പാടെ നടപ്പാക്കണം, നവോത്ഥാന മൂല്യങ്ങൾ മങ്ങാതെ മായാതെ നിലനിർത്താൻ സർക്കാരിനു ബാധ്യതയുണ്ട് എന്നു പറഞ്ഞ പുന്നല ശ്രീകുമാർ ദേവസ്വം മന്ത്രി രാജാവിനേക്കാൾ രാജഭക്തി കാണിക്കുന്നു എന്നൊരു കുത്തുവാക്കും പറഞ്ഞു.
ഇതൊന്നും കേട്ടാൽ പ്രകോപിതനാകുന്നയാളല്ല, സഖാവ് കടകംപള്ളി സുരേന്ദ്രൻ. അദ്ദേഹം ദേവസ്വം മന്ത്രി മാത്രമല്ല സഹകരണ മന്ത്രി കൂടിയാണ്. തന്ത്രിയോടും മേൽശാന്തിയോടും സഹകരിച്ചു പ്രവർത്തിക്കാൻ താല്പര്യമുള്ള ആളാണ്.
അതുകൊണ്ട് പുന്നലയുടെ വാക്കിന് പുല്ലുവിലയാണ്. ആക്ടിവിസ്റ്റുകളെ ശബരിമല കയറ്റുന്ന പ്രശ്നമില്ല. (മലയാറ്റൂർ മല കയറാൻ തടസമില്ല). നവോത്ഥാനം പറഞ്ഞു കൊണ്ടിരുന്നാൽ വോട്ട് കിട്ടില്ല, അടുപ്പിൽ തീ പുകയില്ല.
സ്വാമിയേ ശരണമയ്യപ്പ!
രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പിണറായി വിജയൻ സർക്കാരിനെന്നുമാണ് പുന്നല ശ്രീകുമാർ പ്രതികരിച്ചത്. യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരുന്നത്. എന്നാൽ, നിലവിലെ നയവ്യതിയാനം നവോത്ഥാന മുന്നേറ്റങ്ങളെ ദുർബലപ്പെടുത്തുന്നതാണ്. പരിഷ്‌കരണ ആശയങ്ങളെ പുറകോട്ട് അടിക്കാനെ ഇത്തരം തീരുമാനങ്ങൾ ഉപകരിക്കൂ. സർക്കാരും സി.പി.എം അടക്കമുള്ള സംഘടനാ നേതൃത്വവും നിലപാട് വ്യക്തമാക്കാൻ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, യുവതികൾ കോടതി ഉത്തരവുമായി വരട്ടെ എന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്നും ശ്രീകുമാർ ആരോപിച്ചു.