modi

ന്യൂഡൽഹി: നാളെ ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അയൽ രാജ്യങ്ങളിൽ നിന്നുള്ള മുസ്ളിം ഇതര കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന പൗരത്വ ഭേദഗതി ബിൽ പാസാക്കാൻ മോദി സർക്കാർ ഒരുങ്ങുന്നു. കഴിഞ്ഞ ഭരണകാലയളവിലും ബി.ജെ.പി ബിൽ അവതരിപ്പിച്ചിരുന്നെങ്കിലും പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തെത്തുടർന്ന് നടപ്പാക്കാൻ കഴിഞ്ഞില്ല. തുടർന്ന്, ലോക്സഭ പിരിച്ചുവിടുകയും ബിൽ അസാധുവാകുകയുമായിരുന്നു. മതപരമായ കാരണങ്ങളാൽ ബിൽ വിവേചനപരമാണെന്നാണ് പ്രതിപക്ഷം വിശേഷിപ്പിച്ചത്. ആറുവർഷമായി ഇന്ത്യയിൽ താമസിക്കുന്ന ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ജൈന, ബുദ്ധ, പാഴ്സി മതവിശ്വാസികൾക്ക് രേഖകളൊന്നുമില്ലെങ്കിലും ഇന്ത്യൻ പൗരത്വം വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. ബില്ലിനെതിരെ അസാമിലും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കടുത്ത എതിർപ്പ് ഉയർന്നിരുന്നു. ഇതിനെതിരെ വിദ്യാർത്ഥി സംഘടനകളും രാഷ്ട്രീയ പാർട്ടികളും സാമൂഹിക-സാംസ്കാരിക സംഘടനകളും രംഗത്തെത്തിയിരുന്നു. 18 മുതൽ ഡിസംബർ 13 വരെയാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനം.