പൂനെ : കൂടത്തായി കൊലപാതക പരമ്പരയ്ക്ക് സമാനമായി മറ്റൊരു കൊലപാതകം. സൈനികനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ ഭാര്യ ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഭാര്യയുടെ വിവാഹേതര ബന്ധം സൈനികൻ കണ്ടെത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
38കാരനായ സഞ്ജയ് ബോസലെയുടെ മൃതദേഹം അഞ്ചുദിവസം മുൻപ് ബംഗളൂരു- പൂനെ ഹൈവേയിൽ കണ്ടെത്തുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ ശീതളും കാമുകൻ യോഗേഷ് കദവും ഇയാളുടെ രണ്ടു കൂട്ടാളികളും പിടിയിലായത്. നവംബർ ഏഴിന് വീട്ടിലെത്തിയ ബോസലെയ്ക്ക് ശീതൾ സയനൈഡ് കലർത്തിയ വെളളം നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കാമുകനുമായുളള ബന്ധം സൈനികൻ കണ്ടെത്തിയിരുന്നു. തുടർന്ന് ഇയാളെ കൊല്ലാൻ ഭാര്യയും കാമുകനും ചേർന്ന് ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
കൊല നടത്തിയശേഷം മൃതദേഹം കാറില്‍ കയറ്റി ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു.മൃതദേഹത്തിന്റെ അരികിൽ നിന്ന് ലഭിച്ച മൊബൈൽഫോണാണ് കേസിൽ വഴിത്തിരിവായത്. ഫോണിലേക്ക് വന്ന കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലയ്ക്ക് പിന്നിലെ കാരണം പുറത്തുവന്നതെന്ന് പൊലീസ് പറയുന്നു. ശീതളിന്റെ കോൾ റെക്കോർഡുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ബോസലെ കൊലപ്പെട്ട അന്ന് രാത്രി കാമുകൻ യോഗേഷിന് ശീതൾ മെസേജ് അയച്ചതായി പൊലീസ് കണ്ടെത്തി. ഇക്കാര്യം ചോദ്യം ചെയ്യലിൽ ശീതൾ സമ്മതിച്ചു.
രണ്ടുവർഷമായി ശീതളും യോഗേഷും പ്രണയത്തിലായിരുന്നു. ഇത് കണ്ടെത്തിയ സൈനികൻ ഭാര്യയെ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഒരുമിച്ച് ജീവിക്കാൻ സൈനികനെ കൊലപ്പെടുത്താൻ ഇരുവരും ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.