state-school-athletics
state school athletics

കണ്ണൂർ: പരുക്ക്,​ പ്രഭാവതി,​പൊള്ളുന്ന ചൂട്... മങ്ങാട്ടുപറമ്പിലെ ജമ്പിംഗ് പിറ്റിനരികിൽ വാം അപ്പ് ചെയ്യുമ്പോൾ ചാടിക്കടക്കാൻ പ്രതിബന്ധങ്ങൾ ഏറെയുയണ്ടായിരുന്നു ആൻസി സോജന്. എന്നാൽ വെല്ലുവിളികളെ ഒന്നൊന്നായി ചാടിത്തോൽപ്പിച്ച് സീനിയർ പെൺകുട്ടികളുടെ ലോംഗ് ജമ്പിൽ മീറ്റ് റെക്കാഡോടെ സ്വർണത്തിലേക്ക് പറന്നെത്തി നാട്ടിക ഗവൺമെന്റ് ഫിഷറീസ് സ്കൂളിലെ ആൻസി സോജൻ സംസ്ഥാന സ്കൂൾ കായിക മേളയുടെ ആദ്യ ദിനം തന്റേതാക്കി മാറ്രുകയായിരുന്നു. ദേശീയ റെക്കാഡിനെ മറികടക്കുന്ന പ്രകടമാണ് ആൻസി നടത്തിയതെന്ന് പറയുന്നുണ്ടെങ്കിലും കൃത്യമായ രേഖകൾ ഇല്ലാത്തതിനാൽ അധികൃതർ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

കഴിഞ്ഞ തവണ തന്നെ തോൽപ്പിച്ച പ്രഭാവതിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി 6.24 മീറ്രർ ചാടിയാണ് ആൻസി മീറ്ര് റെക്കാഡോടെ സ്വർണം നേടിയത്.

2012ൽ ജെനിമോൾ ജോയ് തിരുവനന്തപുരത്ത് കുറിച്ച 5.91മീറ്ററിന്റെ റെക്കാഡാണ് ആൻസി പഴങ്കഥയാക്കിത്.

കാലിലെ പരിക്ക് വകവയ്ക്കാതെയാണ് ആൻസി തന്റെ കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്തത്. കഴിഞ്ഞ തവണ പ്രഭാവതിക്കും സാന്ദ്രയ്ക്കും പിന്നിലായി മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ആൻസി ആ സങ്കടം മറയ്ക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

രണ്ടാമത്തെ ശ്രമത്തിൽ തന്നെ 6.05 മീറ്റർ ചാടിയ ആൻസി തുടർച്ചയായ ഫൗളുകൾക്ക് ശേഷം അവസാന ശ്രമത്തിലാണ് 6.24 മീറ്രർ താണ്ടി സ്വർണം ഉറപ്പിച്ചത്. ഇവിടെ ഇനി 100, 200 മീറ്ററുകളിലും ആൻസി മത്സരിക്കാനിറങ്ങുന്നുണ്ട്.

മുൻ വർഷങ്ങളിൽ ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിലുൾപ്പെടെ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ആൻസി.

ആൻസിക്ക് മികച്ച മത്സരം നൽകിയ സ്ഥിരമായുള്ള എതിരാളിയായ കടകശേരി ഐഡിയൽ സ്‌കൂളിലെ പ്രഭാവതിയും മീറ്റ് റെക്കാഡിനെ വെല്ലുന്ന പ്രകടനമാണ് കാഴ്ചവച്ചത്. 6.05 മീറ്ററായിരുന്നു പ്രഭാവതിയുടെ സമയം. എറണാകുളം സേക്രഡ്ഹാർട്ട് സ്‌കൂളിലെ അനു മാത്യുവിനാണ് വെങ്കലം.

തൃശൂർ നാട്ടിക എടപ്പള്ളി വീട്ടിൽ ഓട്ടോ ഡ്രൈവറായ സോജന്റെയും ജാൻസിയുടേയും മകളാണ് ആൻസി.

ദേശീയ ക്യാമ്പിൽ നിന്ന് വിളിയെത്തി:

പഠിത്തം കഴിയട്ടേയെന്ന് ആൻസി

തുടർച്ചയായുള്ള മികച്ച പ്രകടനം മുൻനിറുത്തി പട്യാലയിലെ ദേശീയ ക്യാമ്പിൽ ചേരണമെന്ന് ഇന്ത്യൻ അത്‌ലറ്രിക് ഫെഡറേഷൻ ആൻസിയോട് ആവശ്യപ്പെട്ടെങ്കിലും പ്ലസ്ടു പൂർത്തിയാക്കിയ ശേഷം ഇതിനെക്കുറിച്ച് ചിന്തിക്കാമെന്ന നിലപാടിലാണ് ആൻസി. പ്ലസ് ടു വിദ്യാർത്ഥിയായ ആൻസി ഇപ്പോൾ തന്നെ പരിഗണിക്കേണ്ടെന്നും പരീക്ഷ കഴിഞ്ഞ ശേഷം തിനെക്കുറിച്ച് ആലോചിക്കാമെന്നും അത്‌ലറ്രിക് ഫെഡറേഷന് കത്തയക്കാനിരിക്കുകയാണ്.