sivasena-

മുംബയ് : ശിവസേന - ബി.ജെ.പി സഖ്യം ഔദ്യോഗികമായി വേർപിരിയുന്നു. മുഖ്യമന്ത്രി സ്ഥാനത്തെചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ മോദി മന്ത്രിസഭയിൽ നിന്ന് രാജിവച്ച ശിവസേന എൻ.ഡി.എ യോഗവും ബഹിഷ്കരിക്കും. രാജ്യസഭയിൽ പാർട്ടി ഭരണപക്ഷത്ത് നിന്ന് മാറി പ്രതിപക്ഷത്ത് ഇരിക്കുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ നടക്കുന്ന എൻ.ഡി.എ യോഗമാണ് ശിവസേന ബഹിഷ്‌കരിക്കാനൊരുങ്ങുന്നത്. ശിവസേനയുടെ രണ്ട് എം.പിമാരുടെ ഇരിപ്പിടം ഭരണപക്ഷത്ത് നിന്ന് മാറ്റിയതായും പാർട്ടി ഇനി പ്രതിപക്ഷത്ത് ഇരിക്കുമെന്നും രാജ്യസഭ എം.പി കൂടിയായ റാവത്ത് പറഞ്ഞു.

പുതിയ എൻ.ഡി.എയും പഴയ എൻ.ഡി.എയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ആരാണ് ഇന്നത്തെ എൻ.ഡി.എയുടെ അദ്ധ്യക്ഷൻ.അദ്വാനിയെ പോലുള്ള എൻ.ഡി.എയുടെ സ്ഥാപകൻമാർ പലരും മുന്നണി വിടുകയോ സജീവമല്ലാതാകുകയോ ചെയ്‌തെന്നും റാവത്ത് ചൂണ്ടിക്കാട്ടി.

എൻ.ഡി.എയിൽനിന്ന് മാറിയ ശേഷം ശിവസേന എൻ.സി.പിയും കോൺഗ്രസുമായി ചേർന്ന് സർക്കാർ രൂപവത്കരിക്കാനുള്ള നീക്കത്തിലാണ്. തിരഞ്ഞെടുപ്പിനുശേഷം ഒരു പാർട്ടിക്കുംകും ഭൂരിപക്ഷം തെളിയിക്കാനാവാത്തതിനാൽ സംസ്ഥാനത്തിപ്പോൾ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരിക്കുകയാണ്.