സംവിധാനം സ്വപ്നം കണ്ട് അപ്രതീക്ഷിതമായി അഭിനയത്തിലേക്ക് എത്തിയതാണ് ജോളി ചിറയത്ത്. അങ്കമാലി ഡയറീസിൽ പെപ്പെയുടെ അമ്മയായി തുടങ്ങി 30 ഓളം സിനിമകളിൽ അഭിനയിച്ച ജോളി പിങ്ക് സിറ്റി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള അവാർഡും സ്വന്തമാക്കി. സിനിമ, നാടകം, സാമൂഹിക പ്രവർത്തനം തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങുന്ന ജോളി ചിറയത്ത് ചില സ്ത്രീപക്ഷ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുന്നു.
സ്വപ്നം കണ്ട കലാരംഗം
'സൈക്കിൾ" എന്ന ഷോർട്ട് ഫിലിമിനാണ് ജയ്സാൽപൂർ പിങ്ക് സിറ്റി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചത്. കോട്ടയത്തെ കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ അരുൺ എ.എസ് എന്ന കുട്ടിയുടെ പ്രോജക്ട് ഫിലിമായിരുന്നു. ഒരു അദ്ധ്യാപിക ഡ്രൈവിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നു. ഭർത്താവും മക്കളുമൊക്കെ നിരുത്സാഹപ്പെടുത്തുകയാണ്. അവർ എതിർപ്പൊന്നും വക വയ്ക്കാതെ ഡ്രൈവിംഗ് പഠിച്ച ശേഷം മകനെയും കൂട്ടി ഒരു യാത്ര പോകുന്നതാണ് സിനിമ. 13 മിനിട്ട് മാത്രം ദൈർഘ്യമുള്ള വളരെ ചെറിയൊരു പ്രമേയം. പക്ഷേ, സ്ത്രീകളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടൊരു വിഷയമാണിത്. ഇന്ത്യൻ കാറ്റഗറിയിൽ നിന്ന് 35 ഓളം ഷോർട്ട് ഫിലിമുകൾ മത്സരത്തിനുണ്ടായിരുന്നു. സിനിമയിൽ എത്തിയിട്ട് വളരെ ചെറിയൊരു കാലയളവിനുള്ളിൽ ലഭിച്ച ഈ അംഗീകാരം എന്നെ സംബന്ധിച്ച് പ്രോത്സാഹനം നൽകുന്ന ഒന്നാണ്. പ്രത്യേകിച്ചും ആത്മവിശ്വാസം തീരെ കുറയുകയും സ്വയം മതിപ്പ് നഷ്ടപ്പെടുകയും ചെയ്യുന്ന മദ്ധ്യവയസിൽ. കുട്ടിക്കാലം മുതലേ കലാപരമായി എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന ആഗ്രഹമുണ്ടായിരുന്നു.
തൃശൂരിലെ നാട്ടിൻപുറത്ത് ഒരു പള്ളി സ്കൂളിലാണ് ഞാൻ പഠിച്ചത്. എന്റെ ഏട്ടനൊക്കെ വലിയ നാടക കമ്പക്കാരായിരുന്നു. അക്കാലത്ത് പെൺകുട്ടികൾ പൊതുവേ നാടകത്തിലൊന്നും പങ്കെടുക്കില്ല. പക്ഷേ, ഞാനും ചേച്ചിയും ചേച്ചിയുടെ കൂട്ടുകാരികളും അടങ്ങുന്ന ഒരു കൂട്ടം കുട്ടികൾ നാടകം സ്വന്തമായി എഴുതി, സംവിധാനം ചെയ്തു. ഏകദേശം 45 കൊല്ലം മുമ്പുള്ള കാര്യമല്ലേ, ഞങ്ങളുടെ ഉദ്യമം എല്ലാവരും നിരുത്സാഹപ്പെടുത്തി. വിവാഹ ശേഷമാണ് പിന്നീട് കലാരംഗത്തേക്ക് വരുന്നത്. അന്ന് കൂത്താട്ടുകുളത്ത് സ്ത്രീപഠന കേന്ദ്രത്തിന്റെ കീഴിൽ ഒരു നാടകക്യാമ്പുണ്ടായിരുന്നു. അവിടെ വച്ചാണ് സജിത മഠത്തിൽ, ഷൈലജ തുടങ്ങിയവരെ പരിചയപ്പെടുന്നത്.സ്ത്രീകളുടെ കലാ - സാഹിത്യ അഭിരുചികളെ വികസിപ്പിക്കുകയായിരുന്നു ലക്ഷ്യം.
വഴിത്തിരിവായി അങ്കമാലി
കുറച്ചു കാലത്തെ നാടകപ്രവർത്തനത്തിന് ശേഷം കുടുംബത്തിനൊപ്പം ഗൾഫിലേക്ക് പോയി. 16 വർഷത്തോളം അവിടെയായിരുന്നു. മക്കൾ ജനിച്ച ശേഷം അവരെ വളർത്തുന്നതിനും ജോലിക്ക് പോകുന്നതിനുമായി മുൻഗണന. എങ്കിലും കുട്ടികൾക്കായി ചില നാടക ക്യാമ്പുകളും മറ്റും സംഘടിപ്പിച്ചിരുന്നു. നടൻ മുരളിയൊക്കെ അതിഥിയായി എത്തിയിട്ടുണ്ട്. തിരക്കഥ എഴുതണം സിനിമ സംവിധാനം ചെയ്യണമെന്നൊക്കെ ആഗ്രഹിച്ചിരുന്നു. ഗൾഫിൽ നിന്ന് വന്ന ശേഷം ചില സുഹൃത്തുക്കളുടെ സിനിമയിൽ അസിസ്റ്റന്റായി ജോലി ചെയ്തു. എന്റെ സുഹൃത്തും നടനുമായ സുർജിത്താണ് അങ്കമാലി ഡയറീസിന്റെ കാര്യം സൂചിപ്പിക്കുന്നത്. തൃശൂർ - അങ്കമാലി സ്ലാംഗിൽ സംസാരിക്കുന്ന എന്റെ പ്രായത്തിലുള്ള ഒരു പുതുമുഖത്തെ വേണം ഫോട്ടോ അയച്ചു നോക്കൂ എന്നുപറഞ്ഞു. അന്ന് ആ സിനിമ ചെമ്പൻ വിനോദാണ് സംവിധാനം ചെയ്യാനിരുന്നത്. ഞാനാണെങ്കിൽ കടുത്ത വിഷാദത്തിലൂടെ കടന്നു പൊയ്കൊണ്ടിരിക്കുന്ന കാലമാണ്. പക്ഷേ, മക്കൾ പ്രോത്സാഹിപ്പിച്ചു. അങ്ങനെ ഫോട്ടോ അയച്ചു കൊടുത്തു. ഏകദേശം പതിനൊന്നു മാസം കഴിഞ്ഞ് ചെമ്പൻ വിളിച്ചു. ലിജോ ജോസ് പെല്ലിശേരിയാണ് സംവിധാനം ചെയ്യുന്നത്. എന്തായാലും ഓഡിഷൻ കാണും. ചേച്ചി പങ്കെടുക്കണം എന്നു പറഞ്ഞു. അപ്പോഴേക്കും ഞാനത് മറന്നേ പോയി. ആ സിനിമയൊക്കെ വന്നു പോയിട്ടുണ്ടാകും എന്നാണ് കരുതിയത്.
അമ്മ എന്തായാലും പോണം അല്ലെങ്കിൽ ഇങ്ങനെ വീട്ടിലിരുന്നു പോകും എന്നു പറഞ്ഞ് മക്കളും നിർബന്ധിച്ചു. ഓഡിഷനിൽ കാര്യമായി അഭിനയിക്കാനില്ലായിരുന്നു. സിനിമ സ്ക്രീനിൽ കാണുമ്പോൾ പോലും ഇത് ഹിറ്റാവുമെന്നോ ഞാൻ അഭിനയ രംഗത്ത് തുടരുമെന്നോ അറിയില്ലായിരുന്നു. സിനിമ സൂപ്പർ ഹിറ്റായി. അന്നു മുതൽ ചെറിയ വേഷങ്ങൾ ആണെങ്കിൽ പോലും കുറഞ്ഞത് ഒരു സിനിമയിലെങ്കിലും അഭിനയിക്കുന്നു. ജൂൺ, തൊട്ടപ്പൻ, വൈറസ്, കൂടെ, ഈട, ആട് 2, വികൃതിതുടങ്ങി 30 ഓളം സിനിമകളായി. മുഴുനീള വേഷം ചെയ്ത ചില സിനിമകൾ വരാനിരിക്കുന്നു.
സിനിമയ്ക്കുള്ളിലെ സ്ത്രീകൾ
ഡബ്ള്യൂ.സി.സി തുടങ്ങുന്ന സമയത്ത് ഞാനുണ്ടായിരുന്നില്ല. പിന്നീട് അമ്മയുടെ ജനറൽ ബോഡി നടക്കുമ്പോൾ നടിയെ ആക്രമിച്ച സംഭവമുമായി ബന്ധപ്പെട്ട് ഞാനൊരു പോസ്റ്റിട്ടു. അതുകണ്ട് ചില മാദ്ധ്യമങ്ങളിൽ നിന്ന് വിളിച്ചു. അവർ തന്നെ എന്റെ പേരിന്റെ താഴെ ജോളി ചിറയത്ത് ഡബ്ള്യു.സി.സി എന്നെഴുതാൻ തുടങ്ങി. പിന്നീട് ഞാൻ സ്വാഭാവികമായും ആ കൂട്ടായ്മയുടെ ഭാഗമായി. ഡബ്ള്യു.സി.സി കാലത്തിന്റെ അനിവാര്യതയാണ്. പരിമിതികളുണ്ടാവാം. കാരണം അത് സംഘടനാ പാടവമുള്ള മനുഷ്യരുടെ കൂട്ടായ്മയൊന്നുമല്ല. ധാരാളം പ്രിവിലേജുകളുണ്ടായിരുന്ന സ്ത്രീകൾ തന്നെയാണ് പ്രധാന സ്ഥാനങ്ങളിലുള്ളത്. പക്ഷേ, അവർക്ക് സിനിമയ്ക്കുള്ളിലെ സ്ത്രീകൾ അനുഭവിക്കുന്ന വ്യത്യസ്തമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ കഴിയും.
ഒന്നുമില്ലെങ്കിലും ജസ്റ്റിസ് ഹേമ കമ്മിഷൻ പോലെ സർക്കാരിന്റെ ഭാഗത്തുനിന്നും ഒരു നടപടിയുണ്ടായല്ലോ. ഇനി ഡബ്ള്യു.സി.സിയിൽ വന്നതിന്റെ പേരിൽ എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന് ആലോചിച്ചിട്ടില്ല. എങ്കിലും ഡബ്ള്യു.സി.സിയിലെ അംഗങ്ങളെ ചില സിനിമക്കാർ മാറ്റിനിറുത്തുന്നുണ്ട് എന്നാണ് മനസിലാക്കുന്നത്. പക്ഷേ ഇപ്പോൾ കാര്യങ്ങൾ മാറി വരുന്നുണ്ട്. പ്രശ്നങ്ങളെ മനസിലാക്കാനുള്ള ശ്രമങ്ങൾ ഇരുഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്. സിനിമ ആധുനികമായ ഒരു കലാരൂപമാണെങ്കിലും ഏറ്റവും അപരിഷ്കൃതമായാണ് അത് നിർമ്മിക്കപ്പെടുന്നത്. ചെറിയ തൊഴിലെടുക്കുന്നർ, കറുത്തവർ തുടങ്ങിയവരെല്ലാം പരിഹസിക്കപ്പെടേണ്ടവരാണ് എന്ന മനോഭാവം നിലനിൽക്കുന്നുണ്ട്. ഇതിന്റെ എല്ലാം അടിസ്ഥാനം ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന ജാതിബോധമാണ്. വാക്കു കൊണ്ടും നോട്ടം കൊണ്ടുമുള്ള എല്ലാ ആക്രമണങ്ങളും ഇവിടെ സ്വാഭാവികമാണ്. അത് തെറ്റാണെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് പോലും അവർക്ക് മനസിലാകുന്നില്ല. അതുകൊണ്ട് നമുക്കാണ് ക്ഷമ വേണ്ടത്. പുരുഷന്മാരെ ശത്രു പക്ഷത്ത് നിറുത്തിയിട്ട് കാര്യമില്ല. ഒരേ സിസ്റ്റത്തിന്റെ വ്യത്യസ്ത ഇരകളാണ് നാം.
ഫെമിനിസത്തിന് ഒരു ജനകീയ മുഖം ഉണ്ടാക്കാനുള്ള ശ്രമം അതിൽ വിശ്വസിക്കുന്നവരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. സമൂഹത്തിൽ തന്നെ വ്യത്യസ്ത തട്ടിൽ കിടക്കുന്ന സ്ത്രീകളും പുരുഷന്മാരുമുണ്ട്. ഇവരുടെ പ്രശ്നങ്ങളും വ്യത്യസ്തമാണ്. ആ രീതിയിൽ വേണം കൈകാര്യം ചെയ്യാൻ. അക്കാഡമിക്കായ ഉയർന്ന ഒരു സമൂഹത്തിനുള്ളിൽ നിന്നു പോയതാണ് ഫെമിനിസത്തിന്റെ പരിമിതി.
മാറാനുണ്ട് മലയാളി
ഒരു നടിയായതുകൊണ്ടല്ല ഞാനന്റെ നിലപാടുകൾ പറയുന്നത്. ആദ്യം മുതൽ സോഷ്യൽ ആക്ടിവിസത്തിന്റെ പ്ളാറ്റ്ഫോമിലുണ്ടായിരുന്നു. സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ പറയാൻ നടിയാണെന്ന പ്രിവിലേജ് ഉപയോഗിക്കേണ്ട കാര്യമില്ലെന്നാണ് വിശ്വാസം. ഏറ്റവും ആധുനികരാണെന്ന് ഭാവിക്കുകയും സാമൂഹിക ജനാധിപത്യത്തിൽ ഏറെ പിന്നിൽ നിൽക്കുകയും ചെയ്യുന്ന നാടാണ് നമ്മുടേത്. അതുകൊണ്ടാണ് പരസ്പരം എങ്ങനെയാണ് പെരുമാറേണ്ടത് എന്നുപോലും അറിയാത്തത്. ഒന്ന് അഭിസംബോധന ചെയ്യാനോ കണ്ണിൽ നോക്കി സംസാരിക്കാനോ മറ്റുള്ളവർക്ക് ബഹുമാനം കൊടുക്കാനോ പലർക്കും അറിയില്ല. ട്രാഫിക്കിലെ പെരുമാറ്റം കണ്ടാൽ അറിയാം നമ്മൾ എത്ര ബഹുമാനമില്ലാത്ത മനുഷ്യരാണെന്ന് . മലയാളി മാറി നിന്ന് മറ്റ് സംസ്ഥാനങ്ങളിലെ മനുഷ്യരെ കാണുന്നതും തന്നെക്കാൾ താണ ഒരു ജീവിവർഗം എന്ന നിലയിലാണ്. കേരളം വിട്ടു പുറത്ത് പോകുമ്പോഴാണ് നാം ഒട്ടും ആധുനികരല്ല എന്ന് തിരിച്ചറിയുക. പ്രത്യേകിച്ചും സ്ത്രീകളുടെ കാര്യത്തിൽ ഇത്രയും കർക്കശമായ സമൂഹം വേറെയില്ല.
കലാരംഗത്തും സ്ഥിതി വ്യത്യസ്തമല്ല. കല മനുഷ്യനെ നവീകരിക്കാനുള്ളതാണ്. ഭൗതികമായ അർത്ഥത്തിൽ മനുഷ്യന് ജീവിക്കാൻ കലയും വേണ്ട ദൈവവും വേണ്ട. ആത്മീയമായ രീതിയിലാണ് അവ അനിവാര്യമാകുന്നത്. പക്ഷേ, ഇന്ന് ഇതെല്ലാം മുതലാളിത്തത്തിന്റെ താത്പര്യത്തിന് വഴങ്ങുന്ന കാര്യങ്ങളായി മാറി. പ്രത്യേകിച്ചും സിനിമ. പാർട്രിയാർക്കൽ മൂല്യങ്ങൾ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ മൂലധനം കൈയാളുന്നവരുടെ താഴെയാകും സ്ത്രീകളുടെ സ്ഥാനം.
സ്ത്രീ സംവിധായകരുടെയും നിർമ്മാതാക്കളുടെയും എണ്ണം വിരലിലെണ്ണാം. അപ്പോൾ സ്വാഭാവികമായും വിവേചനമുണ്ടാകും. അത് പ്രതിഫലത്തിന്റെ കാര്യത്തിലടക്കം ദൃശ്യമാക്കുകയും ചെയ്യും. സൂപ്പർസ്റ്റാർ പദവിയിലുള്ള സ്ത്രീപുരുഷ അഭിനേതാക്കളുടെ പ്രതിഫലത്തിൽ പോലും ഈ വ്യത്യാസം കാണാം. ഇങ്ങനെയുള്ള വിവേചനങ്ങൾ എല്ലാ മേഖലയിലുമുണ്ട്.
സംവിധാനം അടുത്ത വർഷം
സംവിധാനം എന്നെത്തെയും സ്വപ്നമാണ്. ഒരു ആന്തോളജി ചെയ്യാമെന്ന മട്ടിൽ ഞങ്ങൾ നാല് സുഹൃത്തുകൾ തിരക്കഥ തയ്യാറാക്കിയിരുന്നു. അതിന് സാദ്ധ്യത കുറവാണെന്ന് പറഞ്ഞ് നിർമ്മാതാക്കൾ താത്പര്യം പ്രകടിപ്പിച്ചില്ല. അപ്പോൾ ഞാൻ അതേ കഥ ഒരു ഫീച്ചർ ഫിലിമിന്റെ തിരക്കഥയിലേക്ക് മാറ്റി. കച്ചവട സാദ്ധ്യത നോക്കിയാണ് പണം മുടക്കുന്നവർ സിനിമയെ സമീപിക്കുന്നത്. നായകൻ നായിക സങ്കൽപ്പമില്ലാതെ ഇവിടെ സിനിമയില്ല. ആദ്യ കഥയിൽ 50 വയസിലെത്തിയ രണ്ട് സ്ത്രീകളുടെ ജീവിതമാണ് പറഞ്ഞത്. അതിനൊന്നും തിയേറ്റർ കിട്ടില്ല എന്നാണ് പണം മുടക്കുന്നവരുടെ അഭിപ്രായം. ഇപ്പോൾ വേറൊരു കഥ ആലോചിക്കുന്നുണ്ട്. അതിൽ ഒരു പ്രധാന കഥാപാത്രമുണ്ടെങ്കിലും ഒരു കൂട്ടം മനുഷ്യരുടെ ജീവിതമാണ് പറയുന്നത്. കഥയ്ക്ക് ക്ഷാമമൊന്നുമില്ലല്ലോ. നമ്മുടെ തന്നെ ജീവിത പരിസരത്ത് എത്രയെത്ര കഥകളാണുള്ളത്. 2020ൽ എങ്കിലും സിനിമ ചെയ്യും.